Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലുമായിരുന്നു, കേളപ്പനെയും...

_mc-krishnan എം.സി.കൃഷ്ണൻ

‘രക്‌തസാക്ഷികൾ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...! രക്‌തസാക്ഷികൾ സിന്ദാബാദ്! ...’’

കേരളം ഏറെ കേട്ട, ഇന്നും കേൾക്കുന്ന, മുദ്രാവാക്യങ്ങൾ. കൊല്ലും കൊലയും രാഷ്‌ട്രീയത്തിൽ പകർന്നാടിയപ്പോൾ പല പാർട്ടികൾക്കും രക്‌തസാക്ഷികളെ ഏറെ കിട്ടി. ഈ രക്‌തസാക്ഷികളെക്കൊണ്ട് അവർ ഏറെ വളർന്നു. രാഷ്‌ട്രീയ എതിരാളികളെയും പാർട്ടി വിട്ടവരെയും കൊല്ലാൻ പാർട്ടി ഔദ്യോഗികമായിത്തന്നെ തീരുമാനിക്കുന്നുവെന്ന വാർത്തകളും പ്രബുദ്ധകേരളം പലതവണ കേട്ടു. എന്നാൽ, കോൺഗ്രസ് നേതാവ് കേരളഗാന്ധി കെ.കേളപ്പനെയും കമ്യൂണിസ്‌റ്റ് പാർട്ടി വിട്ട ചില നേതാക്കളെയും വധിക്കാനും ഒപ്പം, പാർട്ടിക്കു താൽപര്യമില്ലാത്ത ചില സഖാക്കളെ രക്‌തസാക്ഷികളാക്കാനും അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചിരുന്നുവെന്നും അതിൽ മനംനൊന്താണ് താൻ കമ്യൂണിസ്‌റ്റ് പാർട്ടി വിട്ടതെന്നും വെളിപ്പെടുത്തുകയാണ് മലബാറിലെ പഴയകാല കമ്യൂണിസ്‌റ്റ് പോരാളി എം.സി.കൃഷ്‌ണൻ.

എതിരാളികളെ കൊല്ലുകയും നേതാക്കൾക്കു താൽപര്യമില്ലാത്ത സഖാക്കളെ രക്‌തസാക്ഷികളാക്കുകയും ചെയ്യുകയെന്ന നയം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഈ തൊണ്ണൂറാം വയസ്സിലും ഉറച്ചുനിൽക്കുകയാണ് എം.സി.കൃഷ്‌ണൻ.1949ൽ കെ.കേളപ്പനെ അടക്കം വധിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ അതു നടപ്പാക്കാനും തുടർന്നുള്ള പ്രവർത്തനങ്ങൾ ശക്‌തമാക്കാനും പാർട്ടി ഏൽപിച്ച സംഘത്തിലെ ഇന്നു ജീവിച്ചിരിപ്പുള്ള ഏക വ്യക്‌തിയാണു താനെന്നു കൃഷ്‌ണൻ പറയുന്നു. കമ്യൂണിസ്‌റ്റ് പാർട്ടിക്കുവേണ്ടി ഏറെക്കാലം ഒളിവിലും ജയിലിലുമൊക്കെ കഴിഞ്ഞിട്ടുള്ള എം.സി.കൃഷ്‌ണൻ എന്ന പോരാളി ഇപ്പോൾ കോഴിക്കോട് എടക്കാട്ടുള്ള വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ആറു പതിറ്റാണ്ടു മുൻപു കമ്യൂണിസ്‌റ്റ് പാർട്ടി വിടാനുള്ള സാഹചര്യങ്ങളിലേക്ക് ഓർമകളിലൂടെ അദ്ദേഹം പിന്നോട്ടു നടക്കുന്നു:

കൊൽക്കത്ത തീസിസും ഉന്മൂലന സിദ്ധാന്തവും

1948 ഫെബ്രുവരി 28നു കൊൽക്കത്തയിൽ ചേർന്ന അവിഭക്ത കമ്യൂണിസ്റ്റ് ‌പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ പാസാക്കിയ കൊൽക്കത്ത തീസിസ് എന്നറിയപ്പെടുന്ന പ്രമേയം കേരളത്തെയും കലാപ ഭൂമിയാക്കി. ആയുധം കയ്യിലെടുക്കാനും എതിരാളികളെ ഇല്ലാതാക്കാനുമുള്ള പരസ്യമായ പാർട്ടി തീരുമാനമായിരുന്നു അത്. രാജ്യത്തൊട്ടാകെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാരുകൾക്കെതിരെ സായുധ കലാപം അഴിച്ചുവിടാൻ‌ പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചു. തുടർന്നു ത്രിപുരയിലും തെലങ്കാനയിലും തിരുവിതാംകൂറിലും കലാപങ്ങൾ‌ പൊട്ടിപ്പുറപ്പെട്ടു. അന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലും കലാപങ്ങൾക്കു കോപ്പുകൂട്ടി. മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കു തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് കെ.കേളപ്പനെയടക്കം വധിക്കുകയെന്നതായിരുന്നു പാർട്ടി തീരുമാനം.

കൂട്ടക്കൊലയ്‌ക്ക് ആലോചനാ യോഗം

1949 ഒക്‌ടോബർ 22. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടിയെങ്കിലും കേരളം എന്ന സംസ്‌ഥാനം രൂപീകരിച്ചിട്ടില്ല. മലബാർ പ്രദേശം മദിരാശി സംസ്‌ഥാനത്തിലെ ഒരുജില്ല മാത്രം. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിലേക്കു വാശിയേറിയ തിരഞ്ഞെടുപ്പു നടന്നപ്പോൾ വിജയം കോൺഗ്രസിന്. കമ്യൂണിസ്‌റ്റ് പാർട്ടി മലബാർ ജില്ലാ കമ്മിറ്റിയുടെ നിർദേശമനുസരിച്ചു ടൗൺ ഫർക്കാ കമ്മിറ്റിയുടെ യോഗം 1949 ഒക്‌ടോബർ 22നു മീഞ്ചന്തയിലെ ഒരു ഒളിവുകേന്ദ്രത്തിൽ വിളിച്ചുകൂട്ടി.

സെപ്‌റ്റംബർ 26നു മദ്രാസ് ഗവൺമെന്റ് കമ്യൂണിസ്‌റ്റ് പാർട്ടിയെ നിരോധിക്കുമ്പോൾ എം.സി.കൃഷ്‌ണനായിരുന്നു പാർട്ടി കോഴിക്കോട് ടൗൺ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി. കല്ലായി പാലത്തിനു വടക്കുഭാഗത്തുള്ള ഏരിയയായിരുന്നു പ്രവർത്തന പരിധി. പാർട്ടിക്കു നിരോധനം വന്നതോടെ കല്ലായി പാലത്തിനു തെക്കുള്ള മുനിസിപ്പൽ പ്രദേശംകൂടി ചേർത്ത് അതിർത്തി വിപുലമാക്കി. ടൗൺ ഫർക്കാ കമ്മിറ്റി എന്നായിരുന്നു പുതിയ കമ്മിറ്റിയുടെ പേര്.

കുറ്റിച്ചിറയിലെ കെ.വി.അഹമ്മദ് കോയയായിരുന്നു സെക്രട്ടറി. എം.സി.കൃഷ്‌ണനു പുറമേ പപ്പു വൈദ്യർ, സി.ഗോപാലൻ, ടി.അയ്യപ്പൻ എന്നിവർ അംഗങ്ങളും. ഈ ടൗൺ ഫർക്കാ കമ്മിറ്റിയുടെ യോഗമാണു ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ചേർന്നത്. അന്ന് ഒളിവിലായിരുന്ന എം.കുമാരൻ, പി.പി.ശങ്കരൻ, ഒ.ജെ.ജോസഫ്, കെ.എസ്.ബെൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റി സെക്രട്ടറി എം.കുമാരനാണ് യോഗത്തിൽ തീരുമാനങ്ങൾ വിശദീകരിച്ചത്. രാത്രി പത്തിനു തുടങ്ങിയ യോഗം പുലർച്ചെ നാലുവരെ നീണ്ടുവെന്ന് എം.സി.കൃഷ്‌ണൻ ഓർക്കുന്നു.

‘‘ഈ സമയം മുഴുവനും ഫർക്കാ കമ്മിറ്റി അംഗങ്ങളായ ഞങ്ങൾ ജില്ലാ കമ്മിറ്റിക്കാർ പറയുന്നതു കേൾക്കുക മാത്രമായിരുന്നു. ഞങ്ങൾക്കു വല്ലതും അങ്ങോട്ടു പറയാനോ സംശയം ചോദിക്കാനോ അവസരമുണ്ടായിരുന്നില്ല’’ – കൃഷ്‌ണൻ പറയുന്നു. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിലേക്കു വിജയിച്ച കെ.കേളപ്പൻ അടക്കം അഞ്ചുപേരെയെങ്കിലും കൊല്ലാനായിരുന്നു ജില്ലാ കമ്മിറ്റി തീരുമാനം. ആയിടെ കമ്യൂണിസ്‌റ്റ് പാർട്ടി വിട്ട അപ്പക്കോയ, സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ എന്നിവരെയും വധിക്കാൻ തീരുമാനിച്ചിരുന്നു.

കെ.കേളപ്പനെ കുത്തിക്കൊല്ലാനായിരുന്നു തീരുമാനം. പുന്നപ്ര – വയലാർ സമരനായകനായിരുന്ന കെ.എസ്.ബെന്നിനെയാണ് ഈ ചുമതല ഏൽപിച്ചത്. 1946 ഒക്‌ടോബർ 23നു പുന്നപ്ര പൊലീസ് ക്യാംപ് ആക്രമിച്ച് എസ്‌ഐ വേലായുധൻ നാടാർ, ഹെഡ് കോൺസ്‌റ്റബിൾ പരമേശ്വരപിള്ള എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണു ബെൻ.

അന്നു പുന്നപ്രയിൽനിന്നു മുങ്ങിയ കെ.എസ്.ബെൻ പൊങ്ങിയതു മലബാറിൽ വടകര മൊകേരിയിലെ പാർട്ടി ഷെൽട്ടറിലായിരുന്നു. മൊകേരിയിൽ നിന്നു ബെൻ കോഴിക്കോട്ടെത്തി. പൊലീസിന്റെ കണ്ണു വെട്ടിക്കാൻ കഴിഞ്ഞില്ല. അറസ്‌റ്റിലായി. അങ്ങനെ കുറച്ചുനാൾ കോഴിക്കോട് സബ്‌ജയിലിൽ. അവിടെനിന്നു ജയിൽ ചാടി മീഞ്ചന്തയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണു കെ.കേളപ്പനെ കൊല്ലാനുള്ള ദൗത്യം ബെന്നിനെ പാർട്ടി ഏൽപ്പിക്കുന്നത്. കെ.കേളപ്പന്റെ കമ്യൂണിസ്‌റ്റ് വിരുദ്ധ പ്രസംഗങ്ങൾ പാർട്ടിക്കെന്നും തലവേദനയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്.

ആസിഡ് ബൾബും കൈബോംബും

കൂട്ടക്കൊല എങ്ങനെ നടത്തണമെന്നു വ്യക്‌തമായ തീരുമാനമുണ്ടായിരുന്നു. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്ന കോഴിക്കോട്ടെ ഹജൂർ കച്ചേരി ഹാളിൽ (പഴയ കലക്‌ടറേറ്റ്) കെ.എസ്.ബെൻ അടക്കം ചിലർ ഒളിച്ചുകടക്കണം. കേളപ്പൻ അടക്കം നാലഞ്ചു പേരെയെങ്കിലും വധിക്കണം. കമ്യൂണിസ്‌റ്റ് പാർട്ടി വിട്ട അപ്പക്കോയ, സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവർ സന്ദർശക ഗാലറിയിൽ ഉണ്ടാകും. ഇവരെ കൊല്ലാൻ ആസിഡ് ബൾബും കൈബോംബുമായി വടകരയിൽ നിന്നും കൊയിലാണ്ടിയിൽനിന്നും എത്തിയ സഖാക്കൾ സന്ദർശക ഗാലറിയിലുണ്ടാകും. യോഗം തുടങ്ങുന്നതോടെ സന്ദർശക ഗാലറിയിൽനിന്ന് ആസിഡ് ബൾബ് എറിയും. കൈബോംബ് പൊട്ടിക്കുകയും ചെയ്യും.

ഇതിനു മുൻപു പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ യോഗ ഹാളിനു പുറത്ത് നഗരത്തിൽ പാർട്ടി പ്രവർത്തകരുടെ വൻപ്രകടനം നടത്തണം. പാർട്ടി ടൗൺ ഫർക്കാ കമ്മിറ്റി അംഗം പപ്പു വൈദ്യരാണ് ഈ പ്രകടനത്തിന്റെ ഏറ്റവും മുന്നിൽ കൊടിപിടിച്ചു നടക്കേണ്ടത്. പൊലീസ് ലാത്തി വീശിയാലും ചിതറിയോടരുത്, വെടിവയ്‌പിനിടയാക്കണം... പാർട്ടി നിർദേശം ഇങ്ങനെ പോകുന്നു. സഖാക്കളായ കെ.വി.അഹമ്മദ് കോയയും എം.സി.കൃഷ്‌ണനും വെടിവയ്‌പിനിടയിൽ പെടാതെ മാറി നിൽക്കണമെന്നും ഈ സംഭവം കഴിഞ്ഞാൽ ഒളിവിലിരുന്നുകൊണ്ട് പാർട്ടി പുനഃസംഘടിപ്പിച്ചു പ്രവർത്തനം തുടരണമെന്നുമുള്ള പാർട്ടി തീരുമാനം ജില്ലാ കമ്മിറ്റി സെക്രട്ടറി എം.കുമാരൻ യോഗത്തിൽ അറിയിക്കുകയും ചെയ്‌തു.

ഏതായാലും, നിശ്‌ചയിച്ചതിനു മുൻപു തന്നെ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് യോഗം രഹസ്യമായി നടത്തി. അങ്ങനെ കേളപ്പനെയും അപ്പക്കോയയെയും കുഞ്ഞിരാമൻ നായരെയുമൊക്കെ കൊല്ലാനുള്ള പാർട്ടി ശ്രമം പൊളിഞ്ഞു. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ ആദ്യ പ്രസിഡന്റായും കെപിസിസി പ്രസിഡന്റായുമൊക്കെ പ്രവർത്തിച്ച കെ.കേളപ്പൻ എന്ന ദേശീയ നേതാവ് പിന്നെയും 22 വർഷം കൂടി ജീവിച്ചു എന്നതു ചരിത്രം.

വേണം രക്‌തസാക്ഷികൾ...

കെ.കേളപ്പനെയും പാർട്ടി വിട്ട അപ്പക്കോയയെയും കുഞ്ഞിരാമൻ നായരെയും വധിക്കുക മാത്രമല്ല, പാർട്ടിക്കുവേണ്ടി രാപകൽ പ്രവർത്തിക്കുന്ന ആത്മാർഥ സുഹൃത്ത് പപ്പുവൈദ്യർ ഉൾപ്പെടെ ചിലരെ രക്‌തസാക്ഷികളാക്കാൻ കൂടിയാണു പാർട്ടി നേതൃത്വത്തിന്റെ പരിപാടിയെന്നു തനിക്കു ബോധ്യമായതായി എം.സി.കൃഷ്‌ണൻ പറയുന്നു.

മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് യോഗത്തിൽ ‘കൂട്ടക്കൊല’ അരങ്ങേറുമ്പോൾ പൊലീസിന്റെ ശ്രദ്ധ തിരിക്കാനെന്ന പേരിലാണു പുറത്തു പപ്പുവൈദ്യരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി ലാത്തിച്ചാർജിനും വെടിവയ്‌പിനുമിടയാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ കൂട്ടക്കൊല പദ്ധതി പൊളിഞ്ഞപ്പോൾ ഇങ്ങനെയൊരു പ്രകടനം നടത്തേണ്ട കാര്യമില്ലല്ലോ എന്നു താനടക്കമുള്ളവർ പറഞ്ഞെങ്കിലും പ്രകടനവും ലാത്തിച്ചാർജും വെടിവയ്‌പും നിർബന്ധമായും നടക്കണം എന്നായിരുന്നു പാർട്ടി നേതാക്കളുടെ മറുപടിയെന്നു കൃഷ്‌ണൻ ഓർമിക്കുന്നു. പപ്പു വൈദ്യർ അടക്കമുള്ളവർ മുൻനിരയിലുണ്ടാകണമെന്നും നേതാക്കൾ നിർബന്ധിച്ചിരുന്നു.

‘‘അക്കാലത്ത് പാർട്ടിക്കകത്തും പുറത്തും ഏറെ സ്വാധീനമുള്ളയാളായിരുന്നു പപ്പു വൈദ്യർ. പ്രഗല്ഭനായ ആയുർവേദ വൈദ്യൻ. മികച്ച സംസ്‌കൃത പണ്ഡിതൻ. ഈ സഖാവിനെയടക്കം വെടിയുണ്ടയ്‌ക്കിരയാക്കി രക്‌തസാക്ഷികളാക്കാനുള്ള പാർട്ടി കമ്മിറ്റി തീരുമാനം അംഗീകരിക്കാൻ എനിക്കു മനസ്സുവന്നില്ല. തീരുമാനം തിരുത്തിക്കാൻ ആവതു ശ്രമിച്ചിട്ടും നേതാക്കളുടെ മനസ്സു മാറിയില്ല.’’– എം.സി.കൃഷ്‌ണൻ പറഞ്ഞു.

ഏതായാലും പ്രകടനം നടന്നു. വെടിവയ്‌പു പ്രതീക്ഷിച്ചു തന്നെയായിരുന്നു അണികളും. പാർട്ടി നേതാക്കളുടെ തീരുമാനം ലംഘിച്ചു മാറിനിൽക്കാൻ അന്നു പ്രവർത്തകർക്കു കഴിയുമായിരുന്നില്ല. കോഴിക്കോട്‌ ടൗൺഹാളിനു പിൻവശത്ത് അന്നുണ്ടായിരുന്ന തൊഴിലാളി ഹോട്ടലിൽ നിന്നാണു പ്രകടനം തുടങ്ങിയത്. പൊലീസിനെതിരെ മുദ്രാവാക്യങ്ങളുമായി മിഠായിത്തെരുവിലൂടെ നീങ്ങിയ പ്രകടനം പാളയത്ത് എത്തിയപ്പോഴേക്കും അന്നത്തെ എസ്‌ഐ ലണ്ടൻ കൃഷ്‌ണനും കുറച്ചു പൊലീസുകാരുമെത്തി ജാഥ തടഞ്ഞു.

ഇതേസമയം തന്നെ കോഴിക്കോട് ടൗൺ പൊലീസ് സ്‌റ്റേഷനിൽനിന്നു വലിയൊരു വാനിൽ വൻ പൊലീസ് സംഘം അക്രമത്തെ നേരിടാൻ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ അന്നവിടെ റെയിൽവേ മേൽപാലം ഉണ്ടായിരുന്നില്ല. പൊലീസ് വാൻ എത്തിയ നേരത്തുതന്നെ ട്രെയിൻ വന്നു, ഗേറ്റ് അടച്ചിട്ടു. പൊലീസിന്റെ വൻസംഘത്തിന് അക്രമസ്‌ഥലത്ത് എത്താൻ കഴിഞ്ഞില്ല. ഈ സമയത്തു റെയിൽപാളത്തിനിപ്പുറം എസ്‌ഐ ലണ്ടൻ കൃഷ്‌ണനെ പ്രകടനക്കാർ ആക്രമിക്കുകയായിരുന്നു.

കൊടികെട്ടിയ മുളവടി കൊണ്ടു തലയ്‌ക്കടിച്ച് എസ്‌ഐയെ കാനയിലേക്കു തള്ളി. പപ്പു വൈദ്യർ അടക്കമുള്ള സഖാക്കൾ സ്‌ഥലത്തുനിന്നു മുങ്ങി. ട്രെയിൻ കടന്നുപോയി പൊലീസ് വാൻ എത്തിയപ്പോഴേക്കും സഖാക്കൾ എത്തേണ്ടിടത്ത് എത്തി. അതുകൊണ്ട് ലാത്തിച്ചാർജും വെടിവയ്‌പും ഒഴിവായി. എങ്കിലും കോഴിക്കോട് പട്ടണത്തിൽ പൊലീസിന്റെ തേർവാഴ്‌ചയാണു പിന്നീടു നടന്നത്. വ്യാപകമായ അറസ്‌റ്റും മർദനവും നടന്നു. അങ്ങനെ, വെടിവയ്‌പിലൂടെ ചില രക്‌തസാക്ഷികളെ ഉണ്ടാക്കിയെടുത്തു പാർട്ടിയെ വളർത്തിയെടുക്കാമെന്ന നേതാക്കളുടെ പദ്ധതി പൊളിഞ്ഞു. രക്തസാക്ഷിയാകാൻ തയാറാകാതിരുന്ന പപ്പു വൈദ്യരെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യുക പോലുമുണ്ടായെന്ന് എം.സി.കൃഷ്ണൻ ഓർമിക്കുന്നു.

ജയിലിലും വേണം വെടിവയ്പ്

നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തി ക്രിമിനൽ നടപടി നിയമം 17(1) വകുപ്പ് അനുസരിച്ച് എം.സി.കൃഷ്ണൻ അടക്കമുള്ളവർ അറസ്റ്റിൽ. ആദ്യം കോഴിക്കോട് സബ് ജയിലിൽ റിമാൻഡ് തടവുകാരനായി കൃഷ്ണൻ കഴിഞ്ഞു. പിന്നീട് മൂന്നുമാസത്തെ കഠിനതടവിനു ശിക്ഷിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ. തടവുകാരായി എത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി ജയിലിലും ഘടക കമ്മിറ്റികളും സെൻട്രൽ കമ്മിറ്റിയുമൊക്കെയുണ്ടായിരുന്നു. എം.സി.കൃഷ്ണൻ കോഴിക്കോട് സബ് ജയിലിലെ പാർട്ടി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

1950 ജനുവരി 26നു രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്ന ദിവസം കോഴിക്കോട് സബ് ജയിലിൽ കലാപമുണ്ടാക്കി വെടിവയ്പിന് ഇടയാക്കണമെന്ന വാദവുമായി പാർട്ടി തടവുകാരിൽ വലിയൊരു വിഭാഗം രംഗത്തുവന്നിരുന്നു. എന്നാൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഇടപെട്ടാണു ജയിലിൽ കലാപം നടത്തുകയെന്ന തീരുമാനത്തിൽനിന്നു പാർട്ടിയെ പിന്തിരിപ്പിച്ചതെന്ന് എം.സി.കൃഷ്ണൻ ഓർക്കുന്നു. 1950 മേയ് 15നു കണ്ണൂർ സെൻട്രൽ ജയിലിൽ‌ സമരം നടത്തണമെന്നും വെടിവയ്പിനു കളമൊരുക്കണമെന്നും ജയിലിലെ പാർട്ടിക്കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ വിവരം ജയിൽ അധികൃതർക്കു ചോർന്നു കിട്ടി. പാർട്ടിയുടെ തീരുമാനത്തെ എതിർത്തിട്ടു പോലും കൃഷ്ണൻ ഉൾപ്പെടെ പത്തോളം തടവുകാരെ പ്രത്യേകം ബ്ലോക്കിലാക്കി നിരീക്ഷണത്തിലാക്കി. എന്നിട്ടും അന്നു ജയിലിൽ അക്രമവും വലിയ ലാത്തിച്ചാർജും ഉണ്ടായി.

അന്നും പാർട്ടിക്കു വേണ്ടിയിരുന്നതു കുറെ രക്തസാക്ഷികളെയാണ്. പക്ഷേ, തന്റെ ഇടപെടൽ മൂലം അതു നടന്നില്ലെന്നു പറയുന്നു എം.സി.കൃഷ്ണൻ. എതിരാളികളെ കൊന്നും സ്വന്തം സഖാക്കളെ രക്തസാക്ഷികളാക്കിയും പാർട്ടി ‘വളർത്താൻ’ ശ്രമിക്കുന്ന രീതിയോടു യോജിക്കാനാകില്ലെന്നു വ്യക്തമായപ്പോഴാണു താൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു പുറത്തുവന്നത് എന്നും പോയകാല സ്മരണകളെ സാക്ഷി നിർത്തി എം.സി.കൃഷ്ണൻ പറയുന്നു.

k-kelappan-nayanar കെ.കേളപ്പൻ, ഇ.കെ.നായനാർ

കേളപ്പനെ കൊല്ലാൻ പദ്ധതിയിട്ടെന്ന് നായനാരും വെളിപ്പെടുത്തി

സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ്‌ നേതാവുമായ കെ. കേളപ്പനെ കൊല്ലാൻ പാർട്ടി തീരുമാനിച്ചിരുന്നുവെന്നു സിപിഎം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ.നായനാരും പണ്ടു വെളിപ്പെടുത്തിയിരുന്നു. കയ്യൂരിൽ പൊതുയോഗത്തിൽ‌ പ്രസംഗിക്കാൻ ‌കേളപ്പൻ‌ വരുമ്പോൾ‌ കൊല്ലാനായിരുന്നു പാർ‌ട്ടി തീരുമാനമെന്നാണ് അന്നു നായനാർ‌ വെളിപ്പെടുത്തിയത്.

അക്രമം നടത്തുന്ന കമ്യൂണിസ്റ്റുകാരെ പൊലീസിനു പിടിച്ചുകൊടുക്കാനുള്ള കേളപ്പന്റെ ആഹ്വാനത്തിൽ രോഷം പൂണ്ടായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഈ തീരുമാനം നടപ്പാക്കാൻ പാർ‌ട്ടി സഖാക്കൾക്കു കഴിഞ്ഞില്ലെന്നും നായനാർ‌ സമ്മതിച്ചിരുന്നു. കയ്യൂരിൽ‌ കേളപ്പനെ വധിക്കാൻ പാർ‌ട്ടി തീരുമാനിച്ചിരുന്നുവെന്ന നായനാരുടെ വെളിപ്പെടുത്തൽ‌ ശരിയാണെന്നു പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവ്‌ കെ. മാധവനും വ്യക്തമാക്കിയിരുന്നു.

Your Rating: