Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈപിടിച്ച്...

Author Details
attapadi-boys അട്ടപ്പാടിയിൽ നിന്ന് സൈനിക സ്കൂളിലെത്തുന്ന ആദിവാസിക്കുട്ടികളായ മിഥിൻ, വിഷ്ണു, ഹരി, അനീഷ്, ശിവകുമാർ, ബിനുരാജ് എന്നിവർ. ചിത്രം: അരുൺ ശ്രീധർ

അട്ടപ്പാടിയിലെ ഊരുദൈവങ്ങൾ കഴക്കൂട്ടം സൈനിക സ്കൂളിലെ 1991 ബാച്ചിനെ അനുഗ്രഹിക്കും. ഒറ്റപ്പാലം സബ് കലക്ടർ പി.ബി.നൂഹിനെയും അട്ടപ്പാടി ട്രൈബൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ.പ്രഭുദാസിനെയും കാത്തുരക്ഷിക്കും. 1991 ബാച്ചിലെ ബാബു മാത്യുവിനെയും ഡോ.സുനിൽ രാജേന്ദ്രനെയും സോണി സെബാസ്റ്റ്യനെയും മറ്റും കൈവിടാതെ തുണയ്ക്കും... അമ്മദൈവങ്ങൾക്കു മുൻപിൽ പുലർവെട്ടം വീഴുംമുൻപും, ദൈവത്തറയിൽ അന്തിത്തിരി കൊളുത്തുമ്പോഴും അട്ടപ്പാടിയിലെ ആറ് ആദിവാസിപ്പയ്യൻമാർ ഇവർക്കായി പ്രാർഥിക്കുന്നുണ്ട്, പുഷ്പാർച്ചന നടത്തുന്നുണ്ട്. അട്ടപ്പാടിയുടെ ഇല്ലായ്മക്കഥകൾക്കിടയിൽ നിന്ന് ആറുപേരെ കൈപിടിച്ചു കഴക്കൂട്ടത്തേക്കു കൊണ്ടുപോകുന്നത് ഇവരാണ്. കുട്ടികൾക്കല്ല, അതിനവരെ തയാറാക്കിയവർക്കാണു ബിഗ് സല്യൂട്ട്.

1991ലെ ബാച്ച്

കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവവിദ്യാർഥി സംഗമം 25–ാം വർഷത്തിലെത്തിയ ബാച്ചിന്റെ ചുമതലയാണ്. സാമൂഹിക പ്രവർത്തനവും ആഘോഷവും മാത്രം പോരാ, ചരിത്രത്തിൽ ഓർമപ്പെടുത്തലാവുന്ന വല്ലതും ചെയ്യണമെന്ന 1991 ബാച്ചിന്റെ ചിന്തയാണ് അവരെ അട്ടപ്പാടിയിലെത്തിച്ചത്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക സ്കൂളിലെത്തിക്കുക, നാലാളറിയുന്ന സൈനികരാക്കുക, അവർ തീരുമാനിച്ചു. ഒറ്റപ്പാലം സബ് കലക്ടറുടെ സഹായത്തോടെ ഒരു പദ്ധതിയുണ്ടാക്കി, ഊരുകളിലും സ്കൂളുകളിലും കയറിയിറങ്ങി. അക്ഷരാഭ്യാസം പോലുമില്ലാത്ത കുട്ടികൾ. അരവയർ നിറയ്ക്കാൻ ആഹാരം കൃത്യമായി ലഭിക്കാത്തവർ. പതിവു പഠനരീതി അവർക്കിണങ്ങുന്നതല്ലെന്നു മനസ്സിലാക്കി ബാച്ചിലുള്ളവർ തന്നെ കുടുംബത്തോടൊപ്പമെത്തി അധ്യാപകരായി.

ശനിയും ഞായറും സജീവമായ പഠനക്കളരികൾ. 25 ആദിവാസിക്കുട്ടികളാണു തിരഞ്ഞെടുക്കപ്പെട്ടത്. ഊരുകളിൽ നിന്നു ക്ലാസിലെത്താൻ വാഹനവും രാവിലെ മുതൽ ആഹാരവും ഏർപ്പാടാക്കി. അമേരിക്കയിൽ നിന്നും അറേബ്യൻ നാടുകളിൽ നിന്നും മറ്റും ഒരാഴ്ച ലീവിനു കുടുംബവുമായെത്തി ക്ലാസെടുത്തു പൂർവവിദ്യാർഥികൾ. എട്ടുമാസത്തെ പരിശീലനം. 15 പേർ പരീക്ഷ ജയിച്ചു. ആരോഗ്യപരിശോധനയും അഭിമുഖവും പാസായി സ്കൂൾ പ്രവേശനം നേടിയത് ആറുപേർ. അവർ അടുത്ത അധ്യയന വർഷം അട്ടപ്പാടിയിൽ നിന്ന് സൈനിക സ്കൂളിലെത്തുന്ന ആദ്യത്തെ ആദിവാസിക്കുട്ടികളാവും.

ശിവകുമാർ

കരസേനയിലെ ക്യാപ്റ്റനാകണമെന്ന മോഹം ശിവകുമാറിനു കുഞ്ഞുന്നാൾ മുതലുണ്ടായിരുന്നു. അവസരം വന്നപ്പോൾ നന്നായി പഠിച്ചു. പരീക്ഷ ജയിച്ചു. അട്ടപ്പാടി താഴെമുള്ളിയിലാണു ശിവകുമാറിന്റെ ഊര്. വീട്ടിലെ ചുറ്റുപാടുകളുടെ പ്രതിലോമ സാഹചര്യം മറികടന്നുള്ള ശിവകുമാറിന്റെ വരവിനു തിളക്കം കൂടും. ഒരനുജത്തിയും ഏട്ടനുമുണ്ട്. കൂലിപ്പണിയാണ് അമ്മ ദീപയ്ക്ക്. പുത്തൂർ ഗവ.ട്രൈബൽ വൊക്കേഷനൽ സ്കൂളിലായിരുന്നു ഇതുവരെ. കൂട്ടുകാരൻ പ്രശാന്ത് കൂടി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു. നന്നായി പഠിച്ചു കരസേനയിൽ ക്യാപ്റ്റനായി മടങ്ങി വരണമെന്നാണു പ്രശാന്തും അമ്മ ദീപയും പറയുന്നത്. ജോലി കിട്ടിയാൽ ആദ്യ ശമ്പളം എന്തുചെയ്യുമെന്നു ചോദിച്ചപ്പോൾ അമ്മയ്ക്കു വേണ്ടതെന്തും വാങ്ങിക്കൊടുക്കണം എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.

അനീഷ്

അരളിക്കോണം വനത്തിനുള്ളിലെ ഊരിൽ നിന്ന് ഒൻപതു കിലോമീറ്റർ നടന്നു പഠിച്ച് പുതൂർ സ്കൂളിൽ അധ്യാപകനായ രംഗരാജിന്റെ മകനാണ് അനീഷ്. പുതൂർ സ്കൂളിൽ തന്നെ അധ്യാപികയാണ് അമ്മ കണ്ണമ്മ. ‘ബാബു മാത്യു സാറും സബ് കലക്ടർ നൂഹ് സാറും ചെയ്തതു വലിയ കാര്യമാണ്. ഞങ്ങളുടെ കുട്ടികൾക്കു ചിട്ടയായ ജീവിതവും വഴിയും കാട്ടിക്കൊടുത്തു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കാനും സ്വന്തമായി തുണി കഴുകാനും ശീലിച്ചത് ഇവരുടെ പരിശീലനം കിട്ടിയതോടെയാണ്. മകന്റെ ഭാവിക്ക് ഈ വഴിയാണു നല്ലത്’, അനീഷിന്റെ അച്ഛൻ രംഗരാജ് പറഞ്ഞു. പൈലറ്റാവാനാണ് അനീഷിനു മോഹം. സ്കൂളിൽ മരുതൻ സാറിനെയും പരിശീലനം നൽകാനെത്തിയ ബാബു മാത്യുവിനെയും ഇഷ്ടപ്പെടുന്ന അനീഷിന്റെ ഊര് അട്ടപ്പാടി അയ്യപ്പനഗറിലാണ്.

attapady-team സൈനിക സ്കൂളിലേക്ക് ആദിവാസിക്കുട്ടികളെ എത്തിക്കാനുള്ള കർമപദ്ധതിയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം അട്ടപ്പാടിയിൽ എത്തിയ സൈനിക സ്കൂളിലെ 1991 ബാച്ചിലെ പൂർവവിദ്യാർഥികളും തിരഞ്ഞെടുക്കപ്പെട്ടആദിവാസി കുട്ടികളും.

ബിനുരാജ്

പൊലീസാകാനായിരുന്നു ബിനുരാജിനു മോഹം. സൈനിക സ്കൂൾ പരിശീലനം കഴിഞ്ഞതോടെ പട്ടാളക്കാരനാവണമെന്നായി. കാരറ ജിയുപി സ്കൂളിൽ നിന്നാണു കഴക്കൂട്ടത്തേക്കു പോകുന്നത്. ബിനുരാജോ, അച്ഛൻ നടരാജോ, അമ്മ പൊന്നിയോ പാലക്കാടിനപ്പുറം കണ്ടിട്ടില്ല. കരടിപ്പാറ ഊരാണു ബിനുരാജിന്റെ ലോകം. ദീപയും ദിവ്യയും ചേച്ചിമാരാണ്.

കാടുവെട്ടാൻ കൂലിപ്പണിക്കു പോകുന്ന നടരാജിനും പൊന്നിക്കും ഒറ്റമകൻ പോകുന്നതിൽ ദുഃഖമുണ്ടെങ്കിലും അവൻ തന്നെപ്പോലെ വിദ്യാഭ്യാസമില്ലാത്തവനായി വളരരുതെന്നുണ്ട്. നടരാജ് മൂന്നു വരെയേ പഠിച്ചിട്ടുള്ളൂ. അതിനപ്പുറം പഠിക്കാനായില്ല. ‘അവൻ അമ്മയ്ക്കൊപ്പമാണുറക്കം. അവിടെ ഇനി അവൻ തനിച്ചു കിടക്കണം. പക്ഷേ, പൊട്ടിയ ആസ്ബസ്റ്റോസ് ഷീറ്റിട്ട കുഞ്ഞുമുറിയിൽ നിലത്തു വിരിച്ചാവില്ലല്ലോ ഇനി കിടപ്പ്. കട്ടിലിൽ കിടക്കാൻ അവനു വലിയ ഇഷ്ടമാണ്. അവിടെ കട്ടിലുണ്ടാകുമല്ലോ. പഠിക്കാൻ മേശയും കസേരയും കാണുമല്ലോ. അതുതന്നെ വലിയ ഭാഗ്യം. അവൻ നന്നായി പഠിച്ചു വരട്ടെ’, നടരാജിന്റെ വാക്കുകൾ.

ഹരി

കോട്ടത്തറ യുപി സ്കൂളിലെ ഏറ്റവും വലുപ്പം കുറഞ്ഞ അഞ്ചാം ക്ലാസുകാരൻ കഴക്കൂട്ടം സൈനിക സ്കൂളിന്റെ വലുപ്പത്തിലേക്കു ജയിച്ചു കയറിയപ്പോൾ അച്ഛൻ ബാലനും അമ്മ സെൽവിക്കും സന്തോഷം കടലോളമായി. ജീപ്പ് ഡ്രൈവറാണ് അച്ഛൻ ബാലൻ. അമ്മ സെൽവി ഷോളയൂർ‌ പഞ്ചായത്ത് അംഗവും. പി.ബി. നൂഹിനെപ്പോലെ ഐഎഎസ് എടുത്തു കലക്ടറായി മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുകയെന്ന സ്വപ്നവുമായാണു ഹരി യാത്ര തുടങ്ങുന്നത്. അതിനായി എന്നും പ്രാർഥിക്കും.

സ്കൂളിലെ നസ്‌റീൻ ടീച്ചർ നന്നായി പ്രോൽസാഹിപ്പിക്കുന്നതിനാൽ പഠിക്കാൻ വലിയ താൽപര്യമാണ്. ‘അവന്റെ ആഗ്രഹം പോലെ കലക്ടറാക്കും വരെ ഞങ്ങളും പ്രയത്നിക്കും. കൂലിപ്പണിക്കും റോഡ് പണിക്കും പോയാണു ജീവിച്ചത്. വലിയ കഷ്ടപ്പാടായിരുന്നു. ലോണെടുത്തു ജീപ്പ് വാങ്ങി അൽപം മെച്ചപ്പെട്ടു വരുന്നു. ഇവിടെ നിർത്തിയാൽ ആറിനപ്പുറം പഠിക്കില്ല. അതിലും നല്ലത് അവൻ പോകുന്നതാണ്’, ഒറ്റമകൻ കഴക്കൂട്ടത്തേക്കു പോകുന്നതിൽ ദുഃഖമുണ്ടെങ്കിലും അച്ഛൻ ബാലനു പ്രതീക്ഷ ഏറെയാണ്.

മിഥിൻ

കുട്ടികളുടെ ഡോക്ടറാകാൻ മോഹിക്കുന്ന മിഥിന്റെ അച്ഛൻ കെഎസ്ഇബിയിൽ ലൈൻമാനാണ്, മുരുകൻ. അമ്മ ഉഷ കുടുംബശ്രീ പ്രവർത്തകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സഹോദരനുണ്ട്, തരുൺ. പുതൂരിലാണ് ഊര് എങ്കിലും താമസം അച്ഛൻ ഉണ്ടാക്കിയ അയ്യപ്പൻ നഗറിലെ ഓടിട്ട ചെറിയ വീട്ടിലാണ്. ടി ഷർട്ടും പാന്റ്സും ധരിക്കാൻ വലിയ ഇഷ്ടമുള്ള മിഥിനു സച്ചിൻ തെൻഡുൽക്കറോട് കടുത്ത ആരാധനയാണ്. പുതൂർ സ്കൂളിലെ മരുതൻ സാറിന്റെ ഉപദേശങ്ങൾ കേട്ടു പഠിക്കാനാണത്രെ ഇഷ്ടം. നന്നായി പഠിക്കാൻ മരുതൻ സാർ പറഞ്ഞിട്ടുണ്ട്. പഠിച്ചു നല്ല നിലയിലെത്തി ശമ്പളം ശേഖരിച്ചു ജീവിതച്ചെലവിനെടുക്കണമെന്നാണു മിഥിന്റെ ആഗ്രഹം.

വിഷ്ണു

നന്നായി പഠിക്കാൻ മോഹിച്ച രംഗസ്വാമിയുടെ അമ്മ മരിച്ചതോടെ ഒൻപതിൽ പഠിപ്പു നിലച്ചു. മകനെങ്കിലും നല്ല നിലയിൽ പഠിക്കാനാവട്ടെ എന്നു തീരുമാനിക്കുകയായിരുന്നു രംഗസ്വാമി. അങ്ങനെയാണു വിഷ്ണു സൈനിക സ്കൂളിലേക്കു പോകുന്നത്. കൂലിപ്പണിയും സ്വന്തം കൃഷിയുമുണ്ട് രംഗസ്വാമിക്ക്. ഭാര്യ സതി വീട്ടിൽ തന്നെ. കാർത്തിക്കും അയ്യപ്പനും വിഷ്ണുവിന്റെ ചേട്ടൻമാരാണ്. വണ്ണന്തറമേടിലാണു താമസം. ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹിനെ കോട്ടത്തറ ജിയുപി സ്കൂളിൽ വച്ചാണു വിഷ്ണു ആദ്യമായി കണ്ടത്. ജീവിതത്തിൽ ആദ്യമായി ഒരു കലക്ടറെ കാണുന്നതും അന്നാണ്. ‘എനിക്കും നൂഹ് സാറിനെപ്പോലെയാകണം’, വിഷ്ണു പറഞ്ഞു.

ആറു കുട്ടികൾക്കും സർക്കാർ തലത്തിൽ സ്വീകരണം ഒരുക്കാൻ പോകുന്നു. ഗവർണർ സദാശിവം മുഖ്യാതിഥിയായി രാജ്ഭവനിലോ മറ്റോ ആവും സ്വീകരണം. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടന്നുവരുന്നതായി സബ് കലക്ടർ നൂഹ് അറിയിച്ചു. ‘ഞങ്ങളും നിങ്ങളെപ്പോലെ സാധാരണക്കാരായ കുട്ടികളായിരുന്നു. ഞങ്ങളെപ്പോലെ പഠിച്ചു ജോലി നേടാൻ നിങ്ങൾക്കും കഴിയും. നന്നായി പഠിക്കുക...’ 1991 ബാച്ചിലെ 36 പേർ കുടുംബത്തോടൊപ്പവും ഏഴുപേർ ഒറ്റയ്ക്കും അട്ടപ്പാടിയിലെത്തി പഠിപ്പിച്ചതിങ്ങനെയാണ്.

പിറവംകാരനായ ബാബു മാത്യുവും ഭാര്യ ലിറ്റിയും കോഴിക്കോട്ടെ ഡോ.സുനിൽ രാജേന്ദ്രനും ഡോ.ജിനിയും ബെംഗളൂരുവിലെ സുകേഷും ധന്യയും സന്തോഷും കേണൽ രാജേഷും തിരുവനന്തപുരത്തെ സോണി സോമരാജനും കാനഡയിലെ രാജേഷും യുകെയിലെ ശ്രീവൽസനും ഗൾഫിൽ നിന്നുള്ള ഗിരീഷ് കെ. വാരിയരും രജീഷുമെല്ലാം ഈ കുട്ടികളുടെ മനസ്സിൽ മായാത്ത വിഗ്രഹങ്ങളാണ്. പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് ആഘോഷപ്പൊലിമ പോരെന്നു ചിന്തിക്കുന്നവർക്കിടയിലേക്ക് ഈ കഴക്കൂട്ടം ബാച്ച് 1991ന്റെ സന്ദേശങ്ങളും ഇടപെടലുകളും വലിയ ചർച്ചയാകട്ടെ, പുതിയ ചിന്തയാകട്ടെ.

Your Rating: