Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കി മധുരം

1936ലെ ബർലിൻ ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീം 1936ലെ ബർലിൻ ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീം

ഒളിംപിക്സിൽനിന്നു മാത്രമായി ഇന്ത്യൻ ഹോക്കി സ്വന്തമാക്കിയത് എട്ടു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം. ഇനിയും തകർക്കപ്പെടാനാവാത്ത റെക്കോർഡ്. ഇതിൽ ഏറ്റവും മഹത്തായ വിജയം 1936ൽ ബർലിനിൽ നേടിയതായിരുന്നു. ഒളിംപിക് ഹോക്കിയിലെ ഇന്ത്യയുടെ ഹാട്രിക് കിരീടമായിരുന്നു അത്. ഹോക്കി ഇതിഹാസം ധ്യാൻചന്ദ് ഇന്ത്യയെ നയിച്ച ഫൈനൽ എന്നതു മറ്റൊരു പ്രത്യേകത.

ജർമൻ സ്വേച്ഛാധിപതി സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ നോക്കിയിരിക്കെ, ആതിഥേയരായ ജർമനിയെത്തന്നെ തോൽപ്പിച്ചുള്ള ആധികാരിക വിജയം എന്നതു മറ്റൊരു പ്രത്യേകത. ഒരു മൽസരത്തിൽപ്പോലും തോൽക്കാതെ ഫൈനലിൽ ആതിഥേയരായ ജർമനിയെ തോൽപ്പിച്ചതു മികച്ച മാർജിനിൽ: 8–1. ഇൗ വസ്തുതകളെല്ലാം ഇന്ത്യൻ വിജയത്തിന് ഇരട്ടി മധുരമേകി. എട്ടു പതിറ്റാണ്ടിനുമുൻപ് ഇന്ത്യ സ്വന്തമാക്കിയ ഈ വിജയത്തിന്റെ മഹത്തായ ഒരു പങ്ക് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയ്ക്കും അവകാശപ്പെടാം.

ലോകഹോക്കിയിൽ ഇന്ത്യ തിളങ്ങി നിൽക്കുമ്പോഴും, ടീമിനെ ഒളിംപിക്സിനയയ്ക്കാനുള്ള പണം മുടക്കാൻ അന്നത്തെ ബ്രിട്ടിഷ് സർക്കാർ തയാറല്ലായിരുന്നു. യാത്രയ്ക്കും മറ്റുമായി ഒരു രൂപപോലും തരില്ലെന്ന നിലപാടായിരുന്നു ഇന്ത്യയിലെ ബ്രിട്ടിഷ് സർക്കാരിന്റേത്. സംഭാവന പിരിച്ച് പണം കണ്ടെത്തിക്കൊള്ളാൻ ഇന്ത്യൻ ഹോക്കി ഫെഡറേഷനു സർക്കാർ അനുമതിയും നൽകി. ടീമിന്റെ യാത്രാച്ചെലവിനും മറ്റു ചെലവുകൾക്കും അന്നത്തെ 50,000 രൂപ ആവശ്യമായിരുന്നു.

ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കൻമാരും വ്യവസായികളും മനമറിഞ്ഞു സഹായിച്ചു. ഇന്ത്യൻ കായികപ്രേമികളും പണം നൽകാൻ തയാറായി. ബോംബെ, ബംഗാൾ, പഞ്ചാബ്, ഭോപ്പാൽ, മദ്രാസ് തുടങ്ങിയ ഹോക്കി അസോസിയേഷനുകൾ സഹായവുമായി മുന്നിട്ടിറങ്ങി. ഇന്ത്യൻ ഹോക്കി ടീം തന്നെ പലയിടങ്ങളിൽ പ്രദർശന മൽസരങ്ങൾ നടത്തി പണം സ്വരൂപിക്കാൻ നേതൃത്വം നൽകി.

തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ രണ്ടു തവണയായിട്ടാണ് സംഭാവന കൊടുത്തത്. ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ രേഖകളിൽ ഇതു പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്– ആദ്യം 500 രൂപയും പിന്നാലെ 250 രൂപയും. രണ്ടു തവണയായി തുക നൽകിയ ഏക വ്യക്തിയും അദ്ദേഹമായിരുന്നു. 50,000 രൂപ ലക്ഷ്യമാക്കി ആരംഭിച്ച പിരിവ്, അതും കടന്ന് 360 രൂപകൂടി ലഭിച്ചു. ആകെ കിട്ടിയത് 50,360 രൂപ.

ഹിറ്റ്ലറുടെ മുന്നിലെ വിജയം

1936ലെ ഒളിംപിക്‌സിനു വേദിയൊരുക്കിയത് ജർമനിയിലെ ബർലിനാണ്. അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ സർവാധിപനായി വാണരുളുന്ന കാലം. തന്റെ അധികാരം കാണിക്കാനായി മാത്രമാണ് ഒളിംപിക്‌സ് വേദിക്കുള്ള അവകാശം അദ്ദേഹം നേടിയെടുത്തത്. നാസി ആധിപത്യം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം.

ഉദ്ഘാടനച്ചടങ്ങിലും മറ്റും എല്ലാ രാജ്യക്കാരും ഹിറ്റ്ലറുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മട്ടിൽ അദ്ദേഹത്തെ വണങ്ങി നീങ്ങിയപ്പോൾ, അദ്ദേഹത്തെ ഗൗനിക്കാതെ നടന്നു നീങ്ങിയതു രണ്ടുകൂട്ടർ മാത്രമാണ്– അമേരിക്കൻ ഒളിംപിക് സംഘവും ഇന്ത്യൻ ഹോക്കി ടീമും. അമേരിക്കയുടെ നടപടി ജർമനി നേരത്തെ ഊഹിച്ചതാണ്. ഇന്ത്യൻ ടീമിന്റെ ‘ധിക്കാരം’ കണ്ട് കാണികളും ഹിറ്റ്‌ലറും ഞെട്ടി. ഇതു ജർമനിയിൽ വൻ പ്രതിഷേധത്തിനു വഴിവച്ചു. ഇന്ത്യയൊട്ടാകെ അലയടിച്ച ദേശീയതയുടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും നിലപാടാണ് ഒളിംപിക് ടീമിലും നിഴലിച്ചുനിന്നത്.

നേടിയതു സമ്പൂർണ വിജയം

ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത് ആതിഥേയരായ ജർമനിയെ. ഹിറ്റ്ലർ നോക്കിനിൽക്കെ, എണ്ണം പറഞ്ഞ് എട്ടു ഗോളുകൾ ജർമൻ വലയിലേക്ക് ഇന്ത്യൻ സംഘം അടിച്ചുകയറ്റിയപ്പോൾ, ഇന്ത്യൻ വല കുലുങ്ങിയത് ഒരിക്കൽമാത്രം (8–1). ഒരു മൽസരംപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. ആദ്യം ഹംഗറിയെ 4–0നും പിന്നെ അമേരിക്കയെ 7–0നും ജപ്പാനെ 9–0നും ഫ്രാൻസിനെ 10–0നും പരാജയപ്പെടുത്തി ഫൈനലിൽ സ്‌ഥാനം നേടി. 1928ലും 32ലും ഇന്ത്യയായിരുന്നു ജേതാക്കൾ, 1936ലെ ജയത്തോടെ ഇന്ത്യ ഹാട്രിക് പൂർത്തിയാക്കി.

ധ്യാൻചന്ദിന്റെ വിജയം

ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ വിക്ടറി സ്റ്റാൻഡിലേക്കു നടന്നു നീങ്ങിയത്. 1928ലും 32ലും ഇന്ത്യയായിരുന്നു ജേതാക്കളെങ്കിലും അന്ന് നായകൻ ധ്യാൻ ആയിരുന്നില്ല. പട്ടാളസേവനത്തിനു ബർമീസ് അതിർത്തിയിലേക്കു നിയോഗിക്കപ്പെട്ട ധ്യാൻചന്ദിനു പഞ്ചാബ് റജിമെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ഒളിംപിക്സിന് പോകാൻ അനുവാദം വാങ്ങിക്കൊടുത്തത്.

ദേശീയത വിളിച്ചോതിയ വിജയം

സ്വാതന്ത്ര്യം എന്ന സ്വപ്‌നം സാക്ഷാൽക്കരിച്ച 1947 ഓഗസ്‌റ്റ് 15നു കൃത്യം പതിനൊന്നു വർഷം മുൻപ്, 1936 ഓഗസ്‌റ്റ് 15നായിരുന്നു ഇന്ത്യയുടെ ഹോക്കി വിജയം. ത്രിവർണ പതാക തന്നെ ഉയർത്തി അതിനെ സല്യൂട്ട് ചെയ്‌താണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് വേദിയിലും ദേശീയത ഉയർത്തിപ്പിടിച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയായിരുന്നു അന്ന് ഹോക്കി ടീം ഉയർത്തിയത്.

Your Rating: