Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടവറക്കാലം

Author Details
Jayachandran-family ജയചന്ദ്രൻ മൊകേരി ഭാര്യ ജ്യോതി, മക്കളായ കാർത്തിക, അഭിജിത് എന്നിവർക്കൊപ്പം.

ജയിലറയുടെ ചെറു കിളിവാതിലിലൂടെ ആകാശത്തിന്റെ ഒരു കീറുമാത്രം കാണാം. ചുറ്റും മൂളിപ്പറക്കുന്ന കൊതുകുകൾ. ദുർഗന്ധം നിറഞ്ഞ കുടുസുമുറിയിൽ വിചിത്രഭാഷകൾ സംസാരിക്കുന്ന വിവിധ ദേശക്കാരായ സഹതടവുകാർ. ജയിലഴികളിൽ പിടിച്ച് ചിന്താമഗ്നനായി നിൽക്കവെ ജയചന്ദ്രനറിഞ്ഞു. ഇല്ല, ഈ തടവറയിൽനിന്ന് മോചനമില്ല. ഒരിക്കലും. കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണീരിനിടയിലൂടെ മാലദ്വീപിന്റെ അതിരുകൾ ഭേദിച്ച് ആ ഓർമകൾ പറന്നു.

പച്ചവിരിച്ചു നിൽക്കുന്ന കുറ്റ്യാടി മലനിരകൾ. പഠനവും അധ്യാപനവും എഴുത്തും സിനിമയും ചോരയിൽ അലിയിച്ചുചേർത്ത മൊകേരിയെന്ന ഗ്രാമം. അക്ഷരങ്ങളിലൂടെ താൻ‌ കൈപിടിച്ചു നടത്തിയ ഒരായിരം ശിഷ്യരുടെ മുഖങ്ങൾ. നിറമിഴികളുമായി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ...

കേരളത്തിൽനിന്നു മാലദ്വീപിൽ തൊഴിൽ തേടിയെത്തിയ ഒരധ്യാപകൻ ഒരു തെറ്റും ചെയ്യാതെ ഒറ്റനാൾകൊണ്ട് കുറ്റവാളിയാക്കപ്പെടുന്നു. പിന്നെ ആശങ്ക പങ്കുവയ്ക്കാൻപോലും തുണയാരുമില്ലാതെ ജയിലിൽ. ഒന്നിനുമീതെ ഒന്നായി കുറ്റപത്രങ്ങൾ അയാൾക്കുമേൽ ചാർത്തപ്പെടുന്നു. ഇടയ്ക്കിടെ ഒരു ജയിലിൽനിന്നു മറ്റൊന്നിലേക്കു പറിച്ചുനടൽ.

അപ്പോഴൊക്കെ ചുറ്റിലും ലഹരിമരുന്ന് ഉപയോഗത്തിനു പിടിക്കപ്പെട്ടവർ, കൊലപാതകികൾ, സ്ത്രീകളെ ഉപദ്രവിച്ചവർ... അങ്ങനെ പലതരം കൊടുംകുറ്റവാളികൾ. ജീവിതംതന്നെ നിരാശയുടെ പടുകുഴിയിൽ വീണുപോയെന്നു നിനച്ച നാളുകൾ. ഇനിയൊരിക്കലും സ്വന്തംനാട്ടിൽ തിരിച്ചെത്താനാവുമെന്ന് സ്വപ്നത്തിൽപോലും ചിന്തിക്കാൻ സാധിക്കാത്ത നാളുകൾ.

ഇന്ന് തേഞ്ഞിപ്പലത്തുള്ള വാടകവീട്ടിലിരുന്ന് പഴയ ഓർമകളിലേക്കു പിൻമടങ്ങുമ്പോൾ ജയചന്ദ്രൻ മൊകേരി പറഞ്ഞു: ഒരിക്കലും നാട്ടിൽ തിരിച്ചെത്താനാകുമെന്നു കരുതിയില്ല. കുടുംബത്തെ, ഭാര്യയെ, എന്റെ മക്കളെ കാണാനാകുമെന്ന് കരുതിയില്ല. എന്നാലും എല്ലാം തീർന്നുവെന്നു തോന്നിയ നിമിഷത്തിലും പ്രതീക്ഷയുടെ ഒരു ചെറുനാളം മനസ്സിലെരിയുന്നുണ്ടായിരുന്നു. ആരെങ്കിലും ഇടപെടും. എന്റെ മോചനത്തിനായി ആരെങ്കിലും ശബ്ദമുയർത്തും. ആ പ്രത്യാശയായിരുന്നു ജയചന്ദ്രനെന്ന അധ്യാപകനെ ഒൻപതു മാസത്തോളം പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്.

തക്കിജ്ജ–പുറത്തേക്ക്

ഒരുദിനം. ‘ചുട്ടുപൊള്ളുന്ന തകരഷീറ്റുകളാൽ മേഞ്ഞ തടവറയ്ക്കുള്ളിലെ ഉഷ്ണദിനങ്ങളിലൊന്നിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ ജയിലറയ്ക്കു മുന്നിൽ വന്നുനിന്ന് ഉച്ചത്തിൽ വിളിച്ചുചോദിച്ചു.

‘ആരാണ് ജയചന്ദ്രൻ?’

തടവറച്ചൂടിലെ പൊരിയുന്ന വിയർപ്പിൽനിന്നു പിടഞ്ഞെണീറ്റ് ഞാൻ പറഞ്ഞു: ഞാൻ... ഞാനാണ്...

വീണ്ടും അയാൾ പരുക്കൻ സ്വരമുയർത്തി ചോദിച്ചു. നീ തന്നെയാണോ... ജയചന്ദ്രൻ? അതേ... സാർ... ഞാൻ തന്നെയാണ്.

നീളുന്ന നിശബ്ദതയ്ക്കൊടുവിൽ ഉദ്യോഗസ്ഥൻ തന്റെ കയ്യിലിരുന്ന കടലാസുകളിലേക്കു നോക്കി പതിയെ പറഞ്ഞു.

ജയചന്ദ്രൻ... തക്കിജ്ജ (ജയചന്ദ്രൻ പുറത്തേക്ക്...) (ദ്വീപ് ഭാഷയായ ദ്വിവേഹിയിൽ ‘തക്കിജ്ജ’ എന്നാൽ ‘പുറത്തേക്ക്’ എന്നാണ് അർഥം) സ്വപ്നമോ യാഥാർഥ്യമോ... ആദ്യം വിശ്വസിക്കാനായില്ല. പുറംലോകവുമായി ബന്ധമില്ലാതെ ഒൻപതുമാസം നീണ്ട തടവറക്കാലം ഇതാ അവസാനിക്കുന്നു. ചെയ്യാത്ത കുറ്റംചുമത്തി വിധിന്യായം കാത്തുകഴിഞ്ഞ ഒരു നിസ്സഹായൻ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്. കടലിനക്കരെയുള്ള സ്വന്തം നാട്ടിലേക്ക്. ഉറ്റവരുടെ സ്നേഹത്തണലിലേക്ക്.

ഒരു പരാതി, ജീവിതം മാറാൻ

പാരലൽ കോളജുകളുടെ വസന്തകാലത്താണ് ജയചന്ദ്രൻ എന്ന അധ്യാപകൻ മൊകേരിയെന്ന ഗ്രാമത്തിലെ സാംസ്കാരിക മണ്ഡലത്തിലേക്കു കടക്കുന്നത്. കുറ്റ്യാടി മേഖലയിലെ അന്നത്തെ പ്രമുഖ സമാന്തര കലാലയമായ യുറീക്ക കോളജിലെ അധ്യാപകൻ. എഴുത്ത്, വായന, സമാന്തര സിനിമകൾ, പ്രഭാഷണങ്ങൾ... അങ്ങനെ അധ്യാപനത്തിനൊപ്പം ജയചന്ദ്രനും വളർന്നു.

പിന്നീടെന്നോ യുറീക്കയിൽനിന്നു പിരിഞ്ഞ് ന്യു യുറീക്കയെന്ന സ്വന്തം സ്ഥാപനവുമായി പുറത്തുകടന്നപ്പോഴേക്കും പാരലൽ കോളജുകളുടെ ഗ്ലാമർ പരിവേഷം അപ്രത്യക്ഷമായിരുന്നു. ഇതിനിടയിൽ പത്രപ്രവർത്തനം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ... കുടുംബവും കുട്ടികളുമായപ്പോൾ പിടിച്ചുനിൽക്കാനാണ് പ്രായമൽപ്പം കടന്നെങ്കിലും ജയചന്ദ്രൻ മാലദ്വീപിൽ അധ്യാപകനായെത്തിയത്. എട്ടുവർഷത്തിലേറെ അവിടെ ഇംഗ്ലിഷ് അധ്യാപക ജോലി ചെയ്തു.

അതിനിടെയാണ് വെള്ളിടിപോലെ സ്കൂളിൽനിന്ന് ഒരു പരാതി. ഒരു പൊലീസ് കേസ്... ജീവിതത്തെ മാറ്റിമറിക്കുംവിധം ജയിലറയിലേക്കുള്ള പ്രയാണം. സ്കൂൾ മാനേജ്മെന്റിന്റെ ചില നിലപാടുകളോടു തന്റെ ചില പ്രതികരണങ്ങളാണ് എല്ലാറ്റിനും കാരണമെന്നാണ് ഇപ്പോഴും ജയചന്ദ്രൻ കരുതുന്നത്.

ക്ലാസിലെ ഒരു വിദ്യാർഥിയെ ഉപദ്രവിച്ചുവെന്ന നിലയിലാണ് സ്കൂൾ അധികൃതർക്കു മുന്നിൽ ജയചന്ദ്രനെതിരെയുള്ള ആദ്യ പരാതിയെത്തുന്നത്. കുട്ടികളെ ഉപദ്രവിക്കുന്നത് ബാലപീഡന നിയമത്തിൽപ്പെടും. എന്നാൽ, പിന്നീടു ജയചന്ദ്രനെതിരെയുള്ള പരാതി കുട്ടിയുടെ രക്ഷിതാക്കൾ പിൻവലിച്ചെങ്കിലും ജയചന്ദ്രൻ അറസ്റ്റിലായി. പിന്നീടു ജയിലിലും. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചാൽ 15 വർഷമാണ് ജയിൽശിക്ഷ.

കേസ് ഉന്നത കോടതിയിലേക്കു നീങ്ങിയാൽ ശിക്ഷാകാലാവധി പിന്നെയും കൂടും. എന്നാൽ, ജയചന്ദ്രനെതിരെയുള്ള പരാതി പിൻവലിച്ചിട്ടും കേസ് തീർന്നില്ല. ഇക്കാര്യം തന്നാലാകുംവിധം പൊലീസ് അധികാരികളെയും ജയിലധികൃതരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരതു ചെവിക്കൊണ്ടില്ല. കേസുകളിലെ വകുപ്പുകൾ ഒന്നിനു പിറകെ ഒന്നായി കൂടിക്കൊണ്ടിരുന്നു. ജയചന്ദ്രൻ ഒരു ഓൺലൈൻ മാസികയിൽ മാലദ്വീപ് ജീവിതാനുഭവങ്ങളെക്കുറിച്ച് എഴുതിയ ‘കടൽ നീല’ എന്ന പരമ്പരപോലും കുറ്റപത്രത്തിൽ ഉൾപ്പെട്ടു.

കുറ്റവാളികൾക്കു നടുവിൽ

ജയിലറയിൽ ജീവിതം ദുസ്സഹമായിരുന്നുവെന്നു ജയചന്ദ്രൻ പറയുന്നു. ചുറ്റുമുള്ളത് കൊടുംകുറ്റവാളികൾ. മയക്കുമരുന്ന് അടിമകൾ, കൊലപാതകികൾ. പുറംലോകവുമായി ബന്ധമില്ല. നാട്ടിൽ എന്തു നടക്കുന്നുവെന്ന് ഒരു ധാരണയുമില്ല. ഫോൺ വിളിക്കാൻപോലും അവസരമില്ല.

അത്രയും കാലം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ജയചന്ദ്രൻ പൊടുന്നനെ നിശബ്ദമായതെങ്ങനെയെന്ന് അന്വേഷിച്ചിറങ്ങിയ ഏതാനും സമൂഹമാധ്യമ സുഹൃത്തുക്കളാണ് ജയചന്ദ്രൻ ചെയ്യാത്ത കുറ്റത്തിനു ജയിലിലായ വിവരം പുറംലോകത്തെ അറിയിച്ചത്. കേരളത്തിലെ സകല മാധ്യമങ്ങളും ഈ വിവരം ജനസമക്ഷത്തിലെത്തിക്കാൻ പരിശ്രമിച്ചു. ജനപ്രതിനിധികൾ ഇടപെട്ടു. സാംസ്കാരിക പ്രവർത്തകർ പ്രക്ഷോഭത്തിനിറങ്ങി. കേരള സർക്കാരിന്റെയും കേന്ദ്രമന്ത്രിമാരുടെയും ഇടപെടലുണ്ടായി. ആ ഒന്നിച്ച മുന്നേറ്റമാണ് ജയചന്ദ്രൻ എന്ന അധ്യാപകന്റെ മോചനത്തിനു വഴിവച്ചത്.

ജയിലറകളിലെ അനുഭവങ്ങൾ ഒരു പേക്കിനാവായി ഇന്നും ജയചന്ദ്രന്റെ മനസ്സിൽ വിരുന്നെത്താറുണ്ട്. വൃത്തിയില്ലാത്ത ഭക്ഷണം, കൊടുംകുറ്റവാളികൾക്കൊപ്പമുള്ള ജീവിതം, വീട്ടുകാരെക്കുറിച്ചുള്ള ആകുലത, വായിക്കാൻ പുസ്തകങ്ങളില്ല, അതിന് അനുമതിയുമില്ല. എഴുതാനും വായിക്കാനുമുള്ള മോഹം ഉള്ളിൽ തിളയ്ക്കുന്ന ദിനങ്ങളിലൊരിക്കൽ ജയിൽ അധികൃതർ അറിയാതെ മറന്നുപോയ ഒരു പേന അതിവിദഗ്ധമായി കക്കൂസിന്റെ തുണികൊണ്ടുള്ള മറയ്ക്കിടയിൽ ജയചന്ദ്രൻ ഒളിപ്പിച്ചുവച്ചു.

ആ പേന ഉപയോഗിച്ച്, തനിക്ക് രക്തസമ്മർദത്തിനുള്ള മരുന്നു കൊണ്ടുവരുന്ന കവറിന്റെ വശങ്ങളിൽ ഓർമയിൽ സൂക്ഷിക്കേണ്ട വിവരങ്ങൾ കുനുകുനാ എഴുതി സൂക്ഷിച്ചത്... ജയചന്ദ്രൻ ഓർമിക്കുന്നു. ഒരിക്കലും മറക്കാനാവാത്തതാണ് ആ ജയിലറക്കാലത്തെക്കുറിച്ച് ഓർമക്കുറിപ്പുകളിൽ ജയചന്ദ്രൻ എഴുതി: ‘ജീവിതത്തിൽ ആദ്യമായി കയ്യിൽ പതിഞ്ഞ വിലങ്ങ്. ആ യാഥാർഥ്യം മറക്കാൻ ഞാൻ ശ്രമിച്ചു. പിടിച്ചുനിർത്തിയ കണ്ണുനീർ അറിയാതെ കവിളിലൂടെ ഒഴുകി. അപ്പോഴും കരയരുതെന്ന് മനസ്സ് ശാസിച്ചുകൊണ്ടിരുന്നു.’

ആത്മഹത്യാ മുനമ്പ്

ഒരിക്കലും നിരപരാധിയുടെ നിലവിളി കേൾക്കാത്ത ജയിലധികൃതർ. തുണയായി നിൽക്കേണ്ട എംബസി ഉദ്യോഗസ്ഥരുടെ നിസ്സംഗത. മനസ്സു തളർന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ദിനങ്ങളെക്കുറിച്ച് ജയചന്ദ്രൻ എഴുതി. ‘തലകറക്കം അനുഭവപ്പെടുന്നുണ്ട്. രക്തസമ്മർദം ഇപ്പോൾ കൂടിയിരിക്കണം. ഒന്നാംനിലയുടെ പടവുകളിറങ്ങുമ്പോൾ കാലുകൾ നിലത്ത് പതിയാത്തപോലെ തോന്നി...

കരഞ്ഞുപോകുമെന്നു തോന്നിയപ്പോൾ ടോയ്‌ലറ്റിലേക്ക് നടന്നു. ജയിലിൽ ഞാൻ കരയുന്നത് ആരും കാണാൻ പാടില്ല. ടോയ്‌ലറ്റിനകത്തുകയറി വാതിലടച്ചു. മുൻപു ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു മലയാളി തൂങ്ങിമരിച്ച ടോയ്‍ലറ്റാണിത്. പെട്ടെന്ന് ആ ഇരുമ്പുക്ലോസറ്റിൽ ഞാൻ കയറിനിന്നു. മരണത്തിന്റെ മണം ശ്വാസകോശങ്ങളെ നിറയ്ക്കുന്നതും കാലുകൾ ചുട്ടുപൊള്ളുന്നതും ഞാനറിഞ്ഞു.

അരയിലെ മുണ്ട് കഴുത്തിലും മേൽക്കൂരയിലും കുരുക്കിട്ട് നിർത്തി... പൊടുന്നനെ എന്റെ മനസ്സിൽ നിറഞ്ഞു... അപ്പുവിന്റെയും അമ്മുവിന്റെയും പാതിമെയ്യായ സഹചാരിയുടെയും അമ്മയുടെയും സഹോദരങ്ങളുടെയും കൂട്ടുകാരുടെയും ലോകം. ഞാൻ പറഞ്ഞു: ജീവിതപ്പച്ചയിൽ അഭിരമിക്കുന്നവന് പറഞ്ഞതല്ല ഈ ആത്മഹിംസ. എന്റെ ഭീരുത്വത്തിനും മരണത്തിനുമിടയിൽ ഇനിയും ഏറെദൂരം ബാക്കിയുണ്ട്...’

എല്ലാം കൈവിട്ടുപോയെന്ന നിമിഷത്തിലും തുണയായി കൂട്ടുനിന്നത് എന്നെങ്കിലും മോചനത്തിന്റെ വാതിലുകൾ തുറക്കപ്പെടുമെന്ന പ്രത്യാശ. അതുമാത്രമാണ് തനിക്കു ജീവിക്കാനുള്ള പ്രചോദനമേകിയതെന്ന് ജയചന്ദ്രൻ പറയുന്നു. ദ്വീപിലെ തടവറക്കഥകൾ ജയചന്ദ്രന്റേതു മാത്രമല്ല, വിവിധ രാജ്യങ്ങളിലെ ഒട്ടേറെ മനുഷ്യജീവിതങ്ങളുടേതാണ്. അതിൽ നിരപരാധികളുണ്ട്. മയക്കുമരുന്നടിമകളുടെ പരാക്രമങ്ങളുണ്ട്. ഇനിയും നീതി ലഭിക്കാതെ തടവറയിൽ കഴിയുന്ന ആയിരങ്ങളുണ്ട്. ആ അനുഭവങ്ങൾ ‘തക്കിജ്ജ: എന്റെ ജയിൽജീവിതം’ എന്നപേരിൽ പുസ്തക രൂപത്തിലും വായനക്കാർക്കു മുന്നിലെത്തുകയാണ്.

അധ്യാപനവും പ്രഭാഷണങ്ങളുമായി രണ്ടാം ജന്മത്തിലെ ജീവിതയാത്ര തുടരുമ്പോഴും മനസ്സിൽനിന്നു മായുന്നില്ല മാലദ്വീപിലെ കടലിരമ്പങ്ങൾ. ചുണ്ടുകളെ പൊള്ളിക്കുന്ന ഉപ്പുകാറ്റിന്റെ സീൽക്കാരം. തടവുമുറികളിൽ നിന്നുയരുന്ന വിലാപങ്ങൾ. ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്ത വിചാരണകൾ..

തളർന്നുറങ്ങുന്ന ചില രാത്രികളിൽ വേട്ടനായ്ക്കളെപ്പോലെത്തുന്ന തടവറ സ്വപ്നങ്ങളിൽനിന്നു ഞെട്ടിപ്പിടഞ്ഞെണീക്കുമ്പോൾ താനിപ്പോൾ സ്വന്തം നാട്ടിലാണ് എന്ന തിരിച്ചറിവിന്റെ വെളിപാട് നൽകുന്നൊരു ആശ്വാസമുണ്ട്...നറുനിലാവിന്റെ കുളിരു പകരുന്ന ആ ആശ്വാസത്തിന് ജയചന്ദ്രനിട്ട പേര് ‘സ്വാതന്ത്ര്യം’ എന്നാണ്.

Your Rating: