Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിധിശേഖരത്തിന്റെ ചരിത്രം

Padmanabha-swami

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തു നിലവറകളിൽ സൂക്ഷിക്കാൻ തുടങ്ങിയത് എന്നു മുതലാണ് എന്ന സംശയത്തിനു മതിലകം രേഖകളിൽ ഉത്തരമുണ്ട്. 14–ാം നൂറ്റാണ്ടിനു മുൻപു തന്നെ നിലവറയുമുണ്ടായിരുന്നതായി മതിലകം രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രമതിൽക്കെട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന താളിയോലകളിൽ രേഖപ്പെടുത്തിയ ചുരുണകളാണ് മതിലകം രേഖകൾ. ഇപ്പോഴും ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ മുഖപ്പിന്റെ ഒന്നാം നിലയിൽ രേഖാസമുച്ചയം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

ആയിരത്തി എഴുനൂറുകളിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ തിരുവിതാംകൂറും കേന്ദ്രീകൃത ഭരണവും സ്ഥാപിക്കുംവരെയും അതിനുശേഷവും രാജ്യത്തിന്റെ രേഖകൾതന്നെയായിരുന്നു ഇവ.

dynasty

ആയിരത്തി എഴുനൂറുകളുടെ മൂന്നാം ദശകത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രൂപത്തിനും പ്രവർത്തനത്തിനും പാടേ മാറ്റംവന്നു. മാടമ്പികളുടെയും എട്ടരയോഗക്കാരുടെയും പ്രവർത്തനശൈലിമൂലവും ആക്രമണങ്ങളിലും അമ്പലത്തിന്റെ ദൈനംദിന കർമങ്ങൾപോലും മുടങ്ങി. ക്ഷേത്രവും കൊട്ടാരങ്ങളും അഗ്നിക്കിരയായി.

സർവവും ശ്രീപത്മനാഭന്

1729ൽ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ രാജ്യാധികാരം ഏറ്റെടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. നേപ്പാളിലെ കാളിഖണ്ഡകി നദിയിൽനിന്ന് എത്തിച്ച 12008 സാളഗ്രാമത്താൽ കടുശർക്കരയോഗത്തിൽ അനന്തശയനനായ 18 അടി നീളമുള്ള ശ്രീപത്മനാഭന്റെ പ്രതിഷ്ഠ പണിതു. ഒറ്റക്കൽ മണ്ഡപം, രണ്ടു നിലകളൊഴിച്ചുള്ള ക്ഷേത്രഗോപുരം, ശീവേലിപ്പുര തുടങ്ങിയവയൊക്കെ ഇന്നു കാണുന്ന അവസ്ഥയിൽ പുനർനിർമിച്ചു. 1748ൽ കൽക്കുളം കൊട്ടാരം പുതുക്കിപ്പണിതു പത്മനാഭപുരം എന്നു പുനർനാമകരണം ചെയ്തു ശ്രീപത്മനാഭനു സമർപ്പിച്ചു.

1750ൽ തൃപ്പടിദാനത്തിലൂടെ രാജ്യത്തെത്തന്നെ പത്മനാഭന് സമർപ്പിച്ചു. രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും എല്ലാ വിശിഷ്ടദിനങ്ങളിലും ശ്രീപത്മനാഭന് സ്വർണമായിട്ടോ നാണയമായിട്ടോ ആഭരണങ്ങളായിട്ടോ സമർപ്പണങ്ങൾ നൽകാൻ തുടങ്ങി. മുറജപം, ലക്ഷദീപം, ഭദ്രദീപം എന്നീ ചടങ്ങുകൾക്കു തുടക്കം കുറിച്ചു. തുലാ പുരുഷധാനവും ഹിരണ്യഗർഭവുമുൾപ്പെടെയുള്ള ചടങ്ങുകളോടൊപ്പം ശ്രീപത്മനാഭനു തത്തുല്യമായ സമർപ്പണങ്ങൾ അർപ്പിച്ചുപോന്നു.

മീനമാസത്തിലെ ഉൽസവം പുനരാരംഭിക്കുകയും ഓരോ ഉൽസവത്തിനും രണ്ടു സ്വർണക്കുടങ്ങൾ വീതം സമർപ്പണമായി നൽകാൻ തുടങ്ങുകയും ചെയ്തു. രാജാക്കന്മാരുടെ ഓരോ ആട്ടപ്പിറന്നാളിലും 72 പവൻ സമർപ്പണമായി കാണിക്കവച്ചുതുടങ്ങി. പള്ളിവേട്ടയ്ക്കു നക്ഷത്രമാല പ്രത്യേകം. അനിഴം തിരുനാൾ തുടങ്ങി തിരുവിതാംകൂർ ഭരിച്ച 12 രാജാക്കന്മാരും ഇവയൊക്കെ സ്ഥിരം സമർപ്പണമായി തുടർന്നു.

1758ൽ അനിഴം തിരുനാൾ നാടുനീങ്ങിയ ശേഷം രാജ്യാധികാരം ഏറ്റെടുത്ത ധർമരാജ എന്നു വിഖ്യാതനായ കാർത്തിക തിരുനാൾ രാമവർമ (കൊല്ലവർഷം 933–973, എഡി 1758–1798) ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ശേഷിച്ച രണ്ടു നിലകൾ കൂടി പൂർത്തിയാക്കി. ഗോപുരത്തിനു മുകളിൽ ഏഴു സ്വർണത്താഴികക്കുടങ്ങൾ സ്ഥാപിച്ചു. സപ്തസ്വരങ്ങളെ പുറപ്പെടുവിക്കാൻ കഴിയുന്ന ഏഴു തൂണുകളോടു കൂടിയ അതിവിശിഷ്ടമായ കുലശേഖരമണ്ഡപം പണിതു. സ്വർണംകൊണ്ടു ശിവേലി എഴുന്നള്ളിപ്പിനുള്ള ഇന്ദ്രവാഹനം നിർമിച്ചു. 1767ൽ അനന്തനുള്ള അങ്കി നിർമിച്ചു. ഹിരണ്യഗർഭവും തുലാപുരുഷദാനവും നടത്തി.

1798ൽ അധികാരമേറ്റ അവിട്ടം തിരുനാൾ ബാലരാമവർമ 1802ൽ ഏഴുനിലകളുള്ള സ്വർണ ദീപാരാധനത്തട്ട് ശ്രീപത്മനാഭനു സമർപ്പിച്ചു. ഹനുമാൻ വിഗ്രഹം ഭാഗികമായി ഇളകിയപ്പോൾ പിഴയായി സ്വർണം നടയ്ക്കുവച്ചു. ബ്രിട്ടിഷ് ഗവൺമെന്റ് പ്രതിനിധി കേണൽ മൺറോയുടെ പിന്തുണയോടെ 1811ൽ അധികാരമേറ്റ ആറ്റിങ്ങൽ മൂത്തറാണി ആയില്യം തിരുനാൾ ലക്ഷ്മി ബായി പെരുന്തമൃതേത്ത് പൂജ നടത്തിയതായും ഒരു ആനയെയും പല സ്വർണാഭരണങ്ങളും നടയ്ക്കുവച്ചതായും രേഖകളിൽ പറയുന്നു. കൂടാതെ ഭഗവാനു കണ്ഠാഭരണവും പതിവുള്ള പണവും.

മൂത്തറാണി കാലംചെയ്തശേഷം ഉത്തൃട്ടാതി തിരുനാൾ റാണി ഗൗരി പാർവതി ബായി ശ്രീപത്മനാഭനു പൊന്നുകൊണ്ട് അങ്കിയും അനന്തനു വെള്ളികൊണ്ടു പാമ്പണയും തീർക്കാൻ കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനോടു കൽപ്പിച്ച് ഏൽപ്പിച്ചു. കൂടാതെ മൂന്നു പ്രതിഷ്ഠകൾക്കും ഭംഗിയായി കൊത്തിയുണ്ടാക്കിയ കമലവാഹനങ്ങൾ കൊല്ലത്തുനിന്നു കൊണ്ടുവന്നു. ഒന്ന് സ്വർണത്തിലും മറ്റു രണ്ടെണ്ണം വെള്ളിയിലും.

വലിയ സമർപ്പണങ്ങൾ

അനിഴം തിരുനാൾ മാർത്താണ്ഡവർമ കഴിഞ്ഞാൽ ശ്രീപത്മനാഭന് ഏറ്റവും കൂടുതൽ സമർപ്പണങ്ങൾ നടത്തിയതു കീർത്തിമാനായ സ്വാതി തിരുനാൾ രാമവർമ മഹാരാജാവാണ്.

സ്വാതി തിരുനാൾ രാമവർമയുടെ കാലത്താണു കേണൽ മൺറോ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിവരെ ചെന്നു ഭഗവാനു മുന്നിൽ കുമ്പിട്ട് പച്ച സ്ഫടികക്കല്ലുകൾ ചുറ്റും തൂക്കിയിട്ട, സ്വർണം പൂശിയ വലിയ കുട ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്. ‘മൺറോ കുട’ എന്നറിയപ്പെടുന്ന ഈ കുട ഇന്നും ഉൽസവങ്ങളിൽ ശീവേലി ഘോഷയാത്രകളിൽ ദേവവിഗ്രഹങ്ങളെ അനുഗമിച്ചുവരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട് എല്ലാ പ്രതിജ്ഞകളും സ്വാതി തിരുനാൾ കണിശമായി പാലിച്ചുപോന്നു. ശ്രീപത്മനാഭനു സമർപ്പിച്ച അമൂല്യരത്നങ്ങളും പട്ടുകളും തുകയും ആഭരണങ്ങളും ഏറെയാണ്. അതിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വഴിപാടായിരുന്നു വലിയകാണിക്ക. ഒരവസരത്തിൽ തുക ഒരു ലക്ഷം സൂററ്റ് നാണയങ്ങളായിരുന്നു. അനേകം സഞ്ചികളിലെത്തിച്ച നാണയങ്ങൾ മഹാരാജാവ് നേരിട്ടു വെള്ളിപ്പാത്രങ്ങളിലിട്ടാണ് സമർപ്പിച്ചത്. പണമായി 30 ലക്ഷം വഴിപാടായി സമർപ്പിച്ചുവെന്നും രേഖയിലുണ്ട്. ശ്രീപത്മനാഭനു ദീപാരാധന നടത്താൻ സ്വർണത്തട്ടവും, നരസിംഹസ്വാമിക്കും ശ്രീകൃഷ്ണനും വെള്ളിത്തട്ടുകളും നടയ്ക്കുവച്ചു. രത്നകവചിതമായ മനോഹര സിംഹാസനവും സമർപ്പിച്ചു. 1846ൽ സ്വർണത്തിൽ പുതിയ ശീവേലി വിഗ്രഹവും പണിയിച്ചു.

1847ൽ സ്വാതി തിരുനാളിനുശേഷം അധികാരമേറ്റ സഹോദരൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ 1849ൽ തുലാപുരുഷദാനവും 1854ൽ ഹിരണ്യഗർഭവും നടത്തി. 1860ൽ അധികാരമേറ്റ ആയില്യം തിരുനാൾ രാമവർമ തനി പട്ടും പതക്കവും തുടങ്ങി അമൂല്യമായ ആഭരണങ്ങളുടെ സമർപ്പണമാണു നടത്തിയത്.

1880ൽ വിശാഖം തിരുനാൾ രാമവർമ ശ്രീഹനുമാൻ സ്വാമിയുടെ ബൃഹത്തായ പ്രതിമയ്ക്ക് അതേ വലുപ്പത്തിൽ മനോഹരമായ വെള്ളി അങ്കി സമർപ്പിച്ചു. 1885ൽ അധികാരമേറ്റു 39 വർഷക്കാലം രാജ്യം ഭരിച്ച ശ്രീമൂലം തിരുനാൾ രാമവർമ ക്ഷേത്രത്തിലേക്കു സ്വർണം, വെള്ളി, ദന്തം ഇവയിൽ സിംഹാസനങ്ങൾ പണിയാൻ കൽപ്പന കൊടുത്തു. 1891ൽ തുലാപുരുഷദാനവും 1894ൽ ഹിരണ്യ ഗർഭവും നടത്തി. വില്വമംഗലത്തു സ്വാമികൾ ശ്രീപത്മനാഭന് ആദ്യമായി കണ്ണിമാങ്ങ നിവേദ്യമർപ്പിക്കാനുപയോഗിച്ച ചിരട്ട സ്വർണംകൊണ്ടു പൊതിഞ്ഞു.

1924 മുതൽ ഏഴു വർഷക്കാലം ഭരിച്ച റീജന്റ് റാണി സേതു ലക്ഷ്മിബായി എല്ലാ സമർപ്പണങ്ങളും തുടർന്നു. അവസാനത്തെ കിരീടാവകാശിയായി 1931ൽ അധികാരമേറ്റ ശ്രീചിത്തിര തിരുനാൾ രാമവർമ സ്വന്തം വരുമാനത്തിൽനിന്ന് അസംഖ്യം നേർച്ചകളാണ് സമർപ്പണമായി നൽകിയത്. രത്നപായസം നിവേദിക്കുന്നതിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രത്നങ്ങൾ പൊതിഞ്ഞ ബലിഷ്ഠമായ സ്വർണപ്പാത്രം പുതുതായി നിർമിച്ചു.

ഒറ്റക്കൽ മണ്ഡപത്തിലെ പതിനാലു തൂണുകളും സ്വർണത്തകിടുകൾ കൊണ്ടു പൊതിഞ്ഞു. മണ്ഡപത്തിനു ചുറ്റും സ്വർണംകൊണ്ടുള്ള ചിത്രത്തുന്നൽ വച്ചുപിടിപ്പിച്ചു. വേട്ടയ്ക്കും ആറാട്ടിനും ഉപയോഗിച്ചിരുന്ന ദിവ്യവിഗ്രഹത്തിനു രണ്ടടി പതിനൊന്നിഞ്ച് ഉയരമുള്ള സ്വർണ അങ്കി നിർമിച്ചു. ശ്രീകോവിലിനു ചുറ്റുമുള്ള പല ബലിക്കല്ലുകളും സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിഞ്ഞു. ഗരുഡ വിഗ്രഹത്തിനടിയിൽ സ്വർണത്തളിക, സ്വർണ ദീപാരാധനത്തട്ട് തുടങ്ങി ഒട്ടേറെ പൂജാദ്രവ്യങ്ങളും സമർപ്പണമായി നൽകി. 1991 ജൂലൈ 20ന് അദ്ദേഹം ശ്രീപത്മനാഭനിൽ ലയിച്ചു.

ശേഷം സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ആചാരങ്ങൾക്കും സമർപ്പണങ്ങൾക്കും മുടക്കംകൂടാതെ ഭരണം നടത്തിപ്പോരുകയുമുണ്ടായി. പരമ്പരാഗത സമർപ്പണങ്ങൾക്കു പുറമെ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾക്കു കേടുപാടുകൾ തീർക്കാനും അറ്റകുറ്റപ്പണികൾക്കും ലക്ഷദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ നടത്താനുമായി 1,88,79,000 രൂപ ശ്രീപത്മനാഭനു സമർപ്പിച്ചതായി രേഖകൾ പറയുന്നു. മരിക്കുന്നതിനുമുൻപേ തയാറാക്കിയ വിൽപത്രത്തിൽ തന്റെ സമ്പത്തിൽ നിന്നു ശ്രീപത്മനാഭനു സമർപ്പിക്കണമെന്നു രേഖപ്പെടുത്തിയ തുകയും യഥാസമയം പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രത്തിൽ നടന്നുവരുന്ന അന്നദാനം പൂർണരീതിയിൽ നടത്തിപ്പ് ഉൾപ്പെടെ രാജകുടുംബത്തിന്റെ സംഭാവനയാണ്.

ശ്രീപത്മനാഭനു പുറമെ തിരുവിതാംകൂർ രാജാക്കന്മാർ മറ്റു ക്ഷേത്രങ്ങളിലും പണമായും സ്വർണമായും സമർപ്പണങ്ങൾ നടത്താറുണ്ട്. എല്ലാ വൈക്കത്തഷ്ടമി നാളിലും മൂന്നു വടം ശരപ്പൊളിമാല വൈക്കത്തപ്പനും എല്ലാ തേരോട്ടത്തിനും ശുചീന്ദ്രം സ്ഥാണുമലയ പെരുമാളിന് ആയിരം പണം വിലവരുന്ന വില്വമാലയും സമർപ്പണങ്ങളായി നൽകാറുണ്ടായിരുന്നു (പാലസ് മാന്വൽ, വോളിയം–1)

മതിലകം രേഖകൾ പറയുന്നത്

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടവയാണ് മതിലകം രേഖകളിൽ അധികവും. സംഭവങ്ങളും സമർപ്പണങ്ങളും എല്ലാം കൃത്യം. ഓല നമ്പർ, ചുരുണ നമ്പർ, വർഷം എന്നിവ കൃത്യമായി കാണിച്ച് പത്മനാഭ ക്ഷേത്രത്തിലെ സമ്പത്തു സംബന്ധിച്ച് മതിലകം രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള ചില വിവരണങ്ങൾ – ‘കൊല്ലവർഷം 634 (എഡി 1459) വൃശ്ചികം 11നു നിലവറ തുറന്നു ക്ഷേത്രത്തിന്റെ തെക്കേനടയിൽ കുളത്തൂർ വീട്ടിൽ താമസം വേണാട് രാജാവ് വീരമാർത്താണ്ഡവർമ കുലദൈവമായ ശ്രീപത്മനാഭനു ചാർത്താൻ ആഭരണങ്ങൾ എടുത്തു.’

‘കൊല്ലവർഷം 676 മകരം 23നു തിരുവോണ നാളിൽ ശ്രീപത്മനാഭനു ചാർത്താൻ തിരുവാഭരണങ്ങൾ എടുത്തു. ശീവേലി വിഗ്രഹത്തിൽ ചാർത്താൻ മാണിക്യം (ചുവപ്പ്), മരതകം (പച്ച), ഇന്ദ്രനീലം (നീല), വൈരവും (വെള്ള) ചേർന്ന പൊൻ പട്ടത്താലി–1, വലിയ തിരുപട്ടം–3, ഈരണം (രണ്ട് അരയന്നങ്ങളുടെ മാതൃകയിലുള്ള ആഭരണം)–5 തുടങ്ങിയവ.’

‘കൊല്ലവർഷം 714 മേടം 12–ാംതീയതി ഇരവിവർമ രാജാവ് 12 ഇതളുള്ള പൊന്നിൻപൂവും ഇടവം 31ന് അർച്ചനാ മൂർത്തിക്ക് ആറ് പലം ഭാരമുള്ള സ്വർണവും സമർപ്പിച്ചു.’

‘കൊല്ലവർഷം 723ൽ (എഡി 1548ൽ) ദേശിങ്ങനാട് (കൊല്ലം) രാജാവ് രാമവർമ ക്ഷേത്രത്തിൽ എത്തി 101 കലിപ്പണം (നാണയം) നടയ്ക്കുവച്ചു. തെക്കേടത്ത് (നരസിംഹമൂർത്തിക്ക്) 12 കലിപ്പണവും.’

‘കൊല്ലവർഷം 754 (എഡി 1579) കന്നി 18–ാം തീയതി വേണാട്ടധിപൻ ഇരവി ഉദയ മാർത്താണ്ഡവർമ നിർമാല്യം തൊഴുതശേഷം സ്വർണ താമരപ്പൂവ് ഒരെണ്ണം സമർപ്പിച്ചു.’

‘കൊല്ലവർഷം 755 ചിങ്ങം ഒൻപതിന് ഉത്തൃട്ടാതി നാളിൽ വീര ഇരവിവർമ പൊൻതളികയിൽ മരതകക്കല്ലുകൾ പതിച്ച പതക്കം ഉൾപ്പെടെ ചന്തിരമാല സമർപ്പിച്ചു.’

‘കൊല്ലവർഷം 758 കന്നി 21-ാം (എഡി 1583) തീയതി ഇരവിവർമയുടെ മൂന്നാം പിറന്നാളിനു പൊൻതളികയിൽ 32 ഇതളുള്ള ഞെട്ടോടുകൂടിയ പൊൻപൂവ് സമർപ്പിച്ചു.’

‘കൊല്ലവർഷം 860 കുംഭം രണ്ടിന് ആറ്റിങ്ങൽ മൂത്തറാണി ഉമയമ്മ റാണിയും ഇരവിവർമയും ക്ഷേത്രത്തിലെത്തി വീരാളിപ്പട്ടും ആഭരണങ്ങളും നടയ്ക്കുവച്ചു.’ ‘കൊല്ലവർഷം 813 (എഡി 1638) രാജകുടുംബം പൊന്നുംപൂവ്, പൊന്നാൽ ആൾരൂപം, ചന്തിരമാല എന്നിവ കാണിക്കയായി സമർപ്പിച്ചു.’

Your Rating: