Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹയോഗം

90-nambiar-6col ജനാർദനൻ നമ്പ്യാർ

ലക്നൗവിലെത്തി ജനാർദനൻ നമ്പ്യാരെ തിരക്കിയാൽ ചിലപ്പോൾ ഉത്തരേന്ത്യക്കാർ കൈമലർത്തി എന്നുവരാം. എന്നാൽ, സ്വാമിജി എന്നോ ബാബാജി എന്നോ ഗുരുജി എന്നോ ചോദിച്ചാൽ അവർ സന്തോഷത്തോടെ നിങ്ങളെ ജനാർദനൻ നായരുടെ സമീപമെത്തിക്കും. കാരണം അവർക്കു നമ്പ്യാർ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച വ്യക്തിയാണ്.

മറുനാടൻ മലയാളികളിൽ ബഹുഭൂരിപക്ഷവും അന്യനാട്ടിൽ സ്വന്തംകാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്. സ്വന്തം ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവയ്ക്കുകയും അവർക്കുവേണ്ടി ജീവിച്ചുതീർക്കുകയും ചെയ്യുന്നവർ അപൂർവമാണ്– അവിടെയാണ് ജനാർദനൻ നമ്പ്യാർ വേറിട്ടുനിൽക്കുന്നത്. ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച് പാവങ്ങളെ സഹായിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത നമ്പ്യാർ കോടികൾ വിലമതിക്കുന്ന സ്വത്താണു സമൂഹത്തിനുവേണ്ടി ദാനം ചെയ്തത്. ഒടുവിൽ സാമ്പത്തിക പ്രതിസന്ധികളുടെ നടുവിൽപ്പെട്ട് മണിമന്ദിരത്തിൽനിന്നു വാടക വീട്ടിലേക്കു പോകേണ്ടിവന്നിട്ടും നമ്പ്യാർ പ്രവർത്തനങ്ങളിൽനിന്നു പിന്മാറിയില്ല.

കണ്ണൂർ രാമന്തളി കിഴക്കേ കൊടയ്ക്കൽ പാർവതി നമ്പ്യാരുടെയും അംബു പൊതുവാളിന്റെയും ഇളയ മകൻ ജനാർദനൻ നമ്പ്യാരുടെ ജീവിതം സംഭവബഹുലമാണ്. 1960–61 കാലഘട്ടത്തിൽ ബോംബെ നഗരത്തിൽനിന്നാണ് നമ്പ്യാർ ജീവിതയാത്ര ആരംഭിച്ചത്. 21–ാം വയസ്സിൽ ജ്യേഷ്ഠന്റെ കൂടെ പാർട്ട് ടൈം ജോലി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തുമാണ് നമ്പ്യാർ തുടങ്ങിയത്.

കമ്യൂണിസ്റ്റ് ആദർശത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നമ്പ്യാർ ഒഴിവു സമയങ്ങൾ ചെലവഴിച്ചിരുന്നതു തൊഴിലാളി യൂണിയൻ നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടും അവരുടെ കൂടെക്കൂടിയുമാണ്. അമ്മയുടെയും മൂത്ത സഹോദരിയുടെയും ആകസ്മികമായ മരണം നമ്പ്യാരെ ബോംബെ നഗരത്തിൽനിന്ന് അകന്നുപോകാൻ നിർബന്ധിതനാക്കി. അവരുടെ മരണം ഉണ്ടാക്കിയ നടുക്കത്തിൽനിന്ന് നമ്പ്യാർ ചെന്നെത്തിയതു കുളുവിലെ ഒരു ഗ്രാമത്തിലാണ്. ജർമൻ കമ്പനിയായ അംഗുറാ ബ്രീഡിങ് കമ്പനിയിൽ പ്രേം പ്രകാശ് ഗുപ്ത എന്ന ഉത്തരേന്ത്യക്കാരന്റെ കീഴിൽ കുളുവിലേക്കുള്ള യാത്ര.

മുയലുകളെ ബ്രീഡ് ചെയ്യുന്നതിനുള്ള നൂറു ഗാരേജുകൾ ഉണ്ടാക്കുക എന്ന ശ്രമകരമായ ജോലിയാണ് ആദ്യം നമ്പ്യാരെ കാത്തുനിന്നത്. കല്ലും മണ്ണും മരങ്ങളും ചുമന്ന് 15 ദിവസത്തിനുള്ളിൽ നമ്പ്യാരും മറ്റ് അഞ്ചുപേരും ഗ്രാമവാസികളായ കൂലിക്കാരും ചേർന്നു ഗാരേജുകൾ നിർമിച്ചു. അവിടെവച്ച് തീവ്ര കമ്യൂണിസ്റ്റ് നേതാവ് ബി.കെ.ദത്ത്, കുളുവിൽ ആദ്യമായി പത്രവിതരണം തുടങ്ങിയ മലയാളിയായ ബാലരാജൻ, നവൽ കിഷോർ തുടങ്ങിയവരുമായുള്ള സൗഹൃദം നമ്പ്യാരെ നയിച്ചത് നക്സലിസത്തിനു സമാനമായ കമ്യൂണിസത്തിലേക്കാണ്.

പഞ്ചാബികൾ ചൂഷണം ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി ലഘുലേഖകൾ വിതരണം ചെയ്തും രഹസ്യമായ പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തിയും ഗ്രാമവാസികളെ ബോധവാന്മാരാക്കിയും നടത്തിയ ശ്രമങ്ങൾ ഒടുവിൽ കുളുവിൽ തുടരാൻ വയ്യാത്ത നിലയിലെത്തിച്ചു. അവിടെ തുടർന്നാൽ ഏതു നിമിഷവും വധിക്കപ്പെടാം എന്നായപ്പോൾ അവിടെനിന്നു ചണ്ഡിഗഢിലേക്ക് എത്തപ്പെട്ടു.

നമ്പ്യാർ പിന്നീടു ചണ്ഡിഗഢിൽ എത്തി തന്റെ കൂടെയുണ്ടായിരുന്നവരെയും തന്റെകൂടെ ജോലി ചെയ്യാൻ താൽപര്യമുള്ളവരെയും കൂട്ടി യൂണി ബ്രൊ എന്ന കമ്പനി രൂപീകരിച്ചു. എല്ലാവരും തൊഴിലാളികളാണ് എന്നതായിരുന്നു കമ്പനിയുടെ ആശയം. പലതരം നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്നതിനിടയിലാണ് പഞ്ച് കുളയിലെ വെസ്റ്റേൺ കമാൻഡിനുവേണ്ടി മരങ്ങൾകൊണ്ടുള്ള വാതിലുകൾ നിർമിക്കുന്നതിനുള്ള അവസരം യൂണീ ബ്രൊയ്ക്കു വന്നുചേർന്നത്. 8000 വാതിലുകൾ നിർമിക്കാനായിരുന്നു അനുവാദം കിട്ടിയത്.

വളരെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഈ കരാർ ഏറ്റെടുത്തത്. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് യൂണീ ബ്രൊ ജോലി പൂർത്തിയാക്കി. അവിടെനിന്നു നമ്പ്യാരുടെ ജീവിതത്തിന്റെ മാറ്റങ്ങൾ ആരംഭിച്ചു. പിന്നീടു ചണ്ഡിഗഢ് മുതൽ ഫരീദാബാദ് വരെയുള്ള മേഖലയിൽ ജോലികൾ യൂണി ബ്രൊ ഏറ്റെടുത്തു. പക്ഷേ, വിധി നമ്പ്യാരെ വീണ്ടും ചതിച്ചു.

അൾസർ സംബന്ധമായ അസുഖത്തെ തുടർന്ന് നമ്പ്യാർ ഒന്നര വർഷം കിടപ്പിലായി. അതോടെ യൂണി ബ്രൊ കമ്പനി പൊളിഞ്ഞു. നാട്ടിലേക്കു മടങ്ങേണ്ടി വന്ന നമ്പ്യാർ തിരിച്ചെത്തി റോത്തക്കിൽ യൂണിബ്രൊ വീണ്ടും തുടങ്ങിയെങ്കിലും അവിടെയുണ്ടായ അക്രമങ്ങളിൽപെട്ട് അവിടെനിന്നു രക്ഷപ്പെടേണ്ടിവന്നു. പഞ്ച്കുളയിലെ പ്രസ് ഡിസൈൻ ഡോറിന്റെ കരാറുമായി നടക്കുമ്പോൾ കണ്ടുമുട്ടിയ ടി.ആർ.ജയിൻ, സുബ്രഹ്മണ്യൻ എന്നിവരുടെ സഹായത്തോടെ ലക്നൗവിലെത്തി നമ്പ്യാർക്ക് 14,000 മരങ്ങൾകൊണ്ടുള്ള വാതിലുകൾ നിർമിക്കുന്നതിനുള്ള സംരംഭം, ഹാൽ ഇന്ത്യയുടെ കരാർ തുടങ്ങിയവ ലഭിക്കുകവഴി വീണ്ടും ജീവിതം ഉയരങ്ങളിലേക്ക്. ഇതിനിടെ ക്രിസ്തീയ വിഭാഗത്തിൽപെട്ട റോസിയുമായി വിവാഹം. നമ്പ്യാരുടെ ജീവിതത്തിലെ സുവർണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടമാണിത്.

എന്നാൽ വിധി വീണ്ടും നമ്പ്യാരെ ചതിച്ചു. കനത്ത വെള്ളപ്പൊക്കവും വൈദ്യുതിക്ഷാമവും നേരിടേണ്ടി വന്നതോടെ കമ്പനി പൊളിഞ്ഞു. കൂടാതെ അൾസറും ബ്ല്ലീഡിങ്ങും വന്ന് മേജർ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നു. രക്ഷപ്പെടില്ല എന്നു വിധിയെഴുതിയെങ്കിലും നമ്പ്യാർ രക്ഷപ്പെട്ടു. തിരിച്ചെത്തി നമ്പ്യാർ ഹാൽ ഇന്ത്യയുടെ ജോലികൾ വീണ്ടും ഏറ്റെടുത്തു.

കോടികളുടെ ആസ്തികളുണ്ടായി. അങ്ങനെ ലക്നൗവിൽ 11,700 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലവും കൂടാതെ മെച്ചപ്പെട്ട വീടും വാങ്ങി. ഇതിനിടയിൽ അപകടത്തിൽപ്പെട്ടു കിടപ്പിലായ നമ്പ്യാർ മെല്ലെ ആത്മീയവാദത്തിലേക്കു തിരിഞ്ഞു.
ഉത്തർപ്രദേശിലെ കംഹാൻ പുർ ജില്ലയിലെ അസംഗഢ് ഗ്രാമത്തിൽ ഒരു ജർമൻ കമ്പനിക്കുവേണ്ടി 300 ഏക്കർ സ്ഥലത്ത് തുളസി കൃഷി നടത്താൻ നമ്പ്യാർ നിയോഗിക്കപ്പെട്ടു. കുഗ്രാമമായ അസംഗഢിലെ ഗ്രാമവാസികളെ കൃഷിയുടെ പ്രത്യേകതകളെപ്പറ്റി പറഞ്ഞ് ബോധവന്മാരാക്കി അവിടെ കൃഷി ആരംഭിച്ചു. തുളസി ചായ (ഹെർബൽ ടീ) വർഷത്തിൽ 1200 കോടി രൂപയുടെ വാർഷിക വരുമാനമുള്ള സംരംഭമായിരുന്നു. സ്നേഹസമ്പന്നരായ ഗ്രാമവാസികൾ സ്വാമിജി എന്നാണു നമ്പ്യാരെ അഭിസംബോധന ചെയ്തിരുന്നത്.

ബിസിനസ് ചെയ്യാൻ താൽപര്യം ഇല്ലാത്തതുകൊണ്ടും കമ്പനി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ചും നമ്പ്യാർ ഫാക്ടറി ജോലി വിട്ട് വീണ്ടും ലക്നൗവിൽ തിരിച്ചെത്തി. ആ സമയത്താണ് ലക്നൗവിൽ അയ്യപ്പക്ഷേത്രം നിർ‌മിക്കുന്നതിനായുള്ള ആലോചന നടക്കുന്നത്. മഹാമനസ്കനായ നമ്പ്യാർ തന്റെ സ്വന്തംസ്ഥലം ക്ഷേത്രനിർമാണത്തിനായി വിട്ടുകൊടുത്തു മാതൃക കാട്ടി.

ബക്രി ഗാവിലെ 500 കുടുംബങ്ങൾക്കു വെളിച്ചം ലഭിക്കുന്ന പദ്ധതിയാണു നമ്പ്യാർ പിന്നീട് ഏറ്റെടുത്തത്. അതിനായി ഒരു സൗരോർജ നിർമാണ കമ്പനിയെ സമീപിച്ചു. വൈദ്യുതി എത്താത്ത ഇവിടെ കുട്ടികൾക്കു പഠിക്കാൻകൂടി സഹായമാകട്ടെ എന്നു കരുതിയാണു വെളിച്ചം എത്തിക്കാനുള്ള ശ്രമം. ഇതുവരെ അൻപതോളം ലൈറ്റുകൾ നൽകിക്കഴിഞ്ഞു.

ആരോഗ്യകാരണങ്ങളാലും സാമ്പത്തിക പരിമിതികളാലും നമ്പ്യാർ ഈ പദ്ധതിക്കു മറ്റുള്ളവരുടെ സഹായംകൂടി തേടുന്നുണ്ട്.ഈ ഗ്രാമത്തിലെ രണ്ടു കുട്ടികളുടെ പഠനം നമ്പ്യാർ ഏറ്റെടുത്തിരിക്കയാണ്. ഒരാൾ ഡെറാഡൂണിലും മറ്റൊരാൾ അഹമ്മദാബാദിലുമാണ് പഠിക്കുന്നത്.

കൂടാതെ ഹെപ്പറ്റൈറ്റിസ് ബി രോഗംബാധിച്ച രാമായൺ യാദവിന്റെ ചികിത്സയ്ക്കുള്ള മുഴുവൻ ചെലവ് വഹിക്കുന്നു.ലക്നൗ ഫോർഡ് ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടാണ് ഭാര്യ റോസി ഇപ്പോൾ. അവിടെയുള്ളവർ അമ്മാജി എന്ന് സ്നേഹപൂർവം വിളിക്കുന്ന അവരും നമ്പ്യാരുടെ സത്പ്രവൃത്തികളിൽ പങ്കാളിയാണ്. മക്കൾ ജ്യോതിയും മരുമകൻ നീരജും അഹമ്മദാബാദിലും മറ്റൊരു മകൾ ഷീബയും മരുമകൻ രാജേന്ദ്രനും നോയിഡയിലും താമസിക്കുന്നു.

കോടികൾ വിലമതിക്കുന്ന സ്വത്ത് ക്ഷേത്രത്തിനുവേണ്ടി വിട്ടുകൊടുത്ത നമ്പ്യാർ രണ്ടുവർഷം മുൻപു വാടക വീട്ടിലേക്കു താമസം മാറി. ഇപ്പോൾ ഉപജീവനത്തിനായി ഗ്വാളിയറിൽ ഹൈപവർ വൈദ്യുതി പോസ്റ്റുകളുടെ അടിത്തറ നിർമിക്കുന്ന ജോലി ഏറ്റെടുത്തു നടത്തുന്നു. ഇതിൽനിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും നമ്പ്യാർ മറ്റുള്ളവരെ സഹായിക്കാൻ ചെലവിടുന്നു.

സാമൂഹിക സേവനത്തിന് ഒരു പ്രചാരവും പരസ്യവും വേണമെന്ന് നമ്പ്യാർക്ക് ആഗ്രഹമില്ല. അതു നമ്പ്യാരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു, അല്ല ജീവിതംതന്നെ അതായിക്കഴിഞ്ഞു.

Your Rating: