Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല കുനിക്കാതെ

90-Vinod-Rai-PR-6col-new വിനോദ് റായ്

അന്ന്, സമയം അർധരാത്രി പിന്നിട്ടിരുന്നു. നാഗാലാൻഡിലെ യുവ ഐഎഎസ് ഓഫിസർമാർക്കിടയിലേക്ക് ഒരു സന്ദേശമെത്തി. സൂനേബോട്ടോ ജില്ലാ കലക്ടർ കെ.കെ.ഗുപ്ത തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടിരിക്കുന്നു! എന്തു ചെയ്യണമെന്നറിയാതെ ഓഫിസർമാർ വിറങ്ങലിച്ചു നിന്നു. തീവ്രവാദ ഭീഷണി ശക്തമായ മേഖലയിൽ ചെന്നു മൃതദേഹം ഏറ്റുവാങ്ങണം. ഒൗദ്യോഗിക ജീവിതത്തിലെ ആദ്യ വെല്ലുവിളിക്കു മുന്നിൽ അവർ പകച്ചു. ആരു പോകും?

ഓരോരുത്തരായി പിന്നോട്ടു വലിഞ്ഞപ്പോൾ കൂട്ടത്തിൽ സുമുഖനായ ഓഫിസർ തന്റേടത്തോടെ മുന്നോട്ടിറങ്ങി. പൊലീസ് കമ്മിഷണറെ വിളിച്ചു തനിക്ക് ഒരു വാഹനം ഏർപ്പാടാക്കാൻ നിർദേശിച്ചു. ഡ്രൈവറെയും കൂട്ടി അദ്ദേഹം ഇറങ്ങിത്തിരിച്ചു. ഭീഷണികൾ കൂസാതെ, 156 കിലോമീറ്റർ കുന്നും മലയും താണ്ടി അദ്ദേഹം അവിടെയെത്തി. മൃതദേഹവുമായി തിരിച്ചുവന്നു.
നട്ടെല്ലുള്ള ഐഎഎസുകാരുടെ പട്ടികയിലേക്ക് ആ യുവ ഓഫിസറുടെ പേര് അന്നു തലയെടുപ്പോടെ കയറിനിന്നു – വിനോദ് റായ്. പിൽക്കാലത്ത്, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പദവിയിലിരുന്നു കേന്ദ്രമന്ത്രിയുടെ കസേര തെറിപ്പിച്ച തന്റേടിയായ ഉദ്യോഗസ്ഥൻ!

ടു ജി ഉൾപ്പെടെ അഴിമതി ഇടപാടുകളുടെ കള്ളക്കണക്കുകൾ വള്ളിപുള്ളി വിടാതെ ചികഞ്ഞെടുത്ത അദ്ദേഹത്തെ പദ്മഭൂഷൺ നൽകിയാണു രാജ്യം ഈ വർഷം ആദരിച്ചത്. സിഎജി പദവിയിൽനിന്നു വിരമിച്ചു വിശ്രമജീവിതത്തിലേക്കു കടന്ന വിനോദിനെ തേടി ഏതാനും മാസങ്ങൾ മുൻപു മറ്റൊരു ദൗത്യമെത്തി; പൊതുമേഖലാ ബാങ്കുകൾക്കായി രൂപീകരിച്ച ബോർഡിന്റെ (ബാങ്ക് ബോർഡ് ബ്യൂറോ) പ്രഥമ ചെയർമാൻ എന്ന നിലയിൽ രാജ്യത്തിനുവേണ്ടി ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോൾ.

നാഗാലാൻഡിൽ തുടക്കമിട്ട സംഭവബഹുലമായ ഒൗദ്യോഗിക ജീവിതത്തിന്റെ ഓർമകളുടെ ഫയൽ ഡൽഹി വസന്ത് വിഹാറിലെ വീട്ടിലിരുന്നു തുറക്കുമ്പോൾ, പച്ച മലയാളത്തിൽ ഈ ഉത്തർപ്രദേശുകാരൻ പറഞ്ഞു – കേരളത്തെ എനിക്കു മറക്കാനാവില്ല!

വിട്ടതു നാഗാലാൻഡിലേക്ക്, എത്തിയതു കേരളത്തിൽ

അച്ഛൻ ഇടപെട്ടില്ലായിരുന്നെങ്കിൽ വിനോദ് റായ് എൻജിനീയറാകുമായിരുന്നു. സൈന്യത്തിൽ എൻജിനീയറായിരുന്നു അച്ഛൻ; കേണൽ ബി.എൻ.റായ്. ഏത് ഉന്നത പദവിയിലെത്തിയാലും വിനയം കൈവിടരുതെന്ന ജീവിതപാഠം അച്ഛനിൽ നിന്നാണു വിനോദ് പഠിച്ചത്. ജീവിത വിജയത്തിനു വിദ്യാഭ്യാസം മാത്രം പോരാ, കായിക മേഖലയിലും പ്രാവീണ്യം വേണമെന്ന അച്ഛന്റെ വാക്കുകൾ മകൻ അക്ഷരംപ്രതി പാലിച്ചു. പർവതാരോഹണം, കുതിരസവാരി, ബാഡ്മിന്റൻ, ടെന്നിസ് എന്നിവയിൽ വിനോദ് പേരെടുത്തു. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപ് വരെ പർവതാരോഹണം നടത്തിയിട്ടുള്ള വിനോദ്, വീണുകിട്ടുന്ന വിശ്രമവേളകളിൽ ഇപ്പോഴും ഇറങ്ങിത്തിരിക്കും; മലകൾക്കു മുകളിലെ ആകാശം തൊടാൻ.

ഐഐടി പരീക്ഷ മികച്ച മാർക്കോടെ പാസായപ്പോഴാണ് അച്ഛൻ ഇടപെടുന്നത്. ‘ഞാൻ എൻജിനീയറാണ്. മൂത്തമകനും എൻജിനീയർ. രണ്ടാമനും ഇപ്പോൾ എൻജിനീയറാകാൻ പോകുന്നു. ഈ കുടുംബത്തിൽനിന്ന് എൻജിനീയർമാർ മാത്രം മതിയോ? അതുപോരാ. നീ മറ്റെന്തെങ്കിലും നോക്ക്. സിവിൽ സർവീസ് മികച്ച അവസരമാണ്’ – അച്ഛന്റെ വാക്കുകൾ സ്വീകരിച്ച വിനോദ് അങ്ങനെ സിവിൽ സർവീസ് പരീക്ഷ എഴുതി. ഐഎഎസ് ഉദ്യോഗസ്ഥനായി.

നാഗാലാൻഡ് കേഡറിലേക്കായിരുന്നു ആദ്യ പോസ്റ്റിങ്. വിനോദ് ഉൾപ്പെടെ ഒരേ ബാച്ചിലെ അഞ്ചുപേർ അവിടെയെത്തിയപ്പോൾ നാഗാലാൻഡ് സർക്കാർ കൈമലർത്തി. ആകെ മൂന്നു ജില്ലകൾ മാത്രമുള്ള സംസ്ഥാനത്തിന് ഒരേ സമയം അഞ്ചുപേരെ ഉൾക്കൊള്ളാനാവില്ലെന്നു സർക്കാർ വ്യക്തമാക്കി. എങ്ങോട്ടു മാറ്റുമെന്ന അനിശ്ചിതത്വത്തിൽ ഒരു വർഷം തള്ളിനീക്കി. ഒടുവിൽ, 1978ൽ വിനോദിനെ കേരളത്തിലേക്കു മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നാഗാലാൻഡ് കേഡറിൽ ഒൗദ്യോഗിക ജീവിതം ആരംഭിക്കേണ്ടിയിരുന്ന വിനോദ് റായ്, അങ്ങനെ കേരള കേഡർ ഉദ്യോഗസ്ഥനായി.

ഇത് കരുണാകരന്റെ വാക്കാണ്


നാഗാലാൻഡിനോടു വിട പറഞ്ഞ് കേരളത്തിലേക്കു വണ്ടി കയറുമ്പോൾ മനസ്സു നിറയെ ആശങ്കയായിരുന്നു. തിരുവനന്തപുരത്ത് തന്റെ ഓഫിസിലെത്തിയ യുവ ഉദ്യോഗസ്ഥനോടു ചീഫ് സെക്രട്ടറി കെ.പി.കെ. മേനോന്റെ ചോദ്യം: മലയാളം അറിയുമോ? ഇല്ല എന്നു മറുപടി. ഭൂമി റവന്യു നിയമങ്ങളെക്കുറിച്ച് എന്തറിയാം? കാര്യമായി ഒന്നുമറിയില്ലെന്നു വിനോദ്. താങ്കളെ ഉൾക്കൊള്ളാൻ ഞങ്ങൾ കുറച്ചു പാടുപെടും എന്നു മേനോൻ. സാർ എനിക്ക് ഒരു പോസ്റ്റിങ് തരൂ, നിങ്ങൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ ഞാൻ മാറിക്കോളാം എന്ന ചിരിയിൽ പൊതിഞ്ഞ വാക്യമായിരുന്നു വിനോദിന്റെ മറുപടി.

കണ്ണൂരിലായിരുന്നു ആദ്യ പോസ്റ്റിങ്. അതിനുശേഷം തൃശൂരിലേക്ക്. സബ് കലക്ടറായും കലക്ടറായും വിനോദ് തൃശൂരിന്റെ മനംകവർന്നു. രണ്ടാം ശക്തൻ തമ്പുരാൻ എന്ന പെരുമ തൃശൂരുകാർ അദ്ദേഹത്തിനുമേൽ ചാർത്തി.

1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു തൃശൂരിൽ ജനകീയ സ്വീകരണം ഒരുക്കിയതിന്റെ ഓർമകൾ ഇന്നും മായാതെയുണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങൾ മാത്രമേ മാർപാപ്പ സന്ദർശിക്കൂ എന്നായിരുന്നു വത്തിക്കാനിൽനിന്നുള്ള ഒൗദ്യോഗിക അറിയിപ്പ്. അന്ന് കരുണാകരൻ മുഖ്യമന്ത്രിയാണ്. ഒരു ദിവസം കരുണാകരന്റെ സന്ദേശമെത്തി – മാർപാപ്പയെ തൃശൂരിൽ സ്വീകരിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തുക.

പക്ഷേ, മാർപാപ്പ തൃശൂരിൽ വരുന്നില്ലല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ, വന്നിരിക്കും എന്നായിരുന്നു മുഖ്യന്റെ മറുപടി. അതോടെ, ഒരുക്കങ്ങൾ തകൃതിയായി. മാർപാപ്പയെ സ്വീകരിക്കുന്നതിനുള്ള വേദിയും അദ്ദേഹം കടന്നുപോകുന്ന വഴിയിലെ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ മാറ്റമൊന്നുമില്ല; മാർപാപ്പ തൃശൂരിൽ വരില്ല എന്ന് അവർ ആവർത്തിച്ചു. പക്ഷേ, അപ്പോഴും കരുണാകരൻ ദിവസേന വിളിച്ച് ഒരുക്കങ്ങളുടെ പുരോഗതി അന്വേഷിച്ചുകൊണ്ടിരുന്നു. മാർപാപ്പ വരില്ല എന്നാണു വത്തിക്കാൻ ആവർത്തിച്ചു പറയുന്നതെന്ന് അറിയിച്ചപ്പോൾ ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു – ധൈര്യമായി മുന്നോട്ടു നീങ്ങുക, ഇതു കരുണാകരന്റെ വാക്കാണ്!’ ആ വാക്കു കരുണാകരൻ പാലിച്ചു. വിനോദിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗംഭീര സ്വീകരണത്തിലേക്കു മാർപാപ്പ വന്നിറങ്ങി.

വിനോദിനെ മലയാളം പഠിപ്പിച്ചതിലും കരുണാകരനു പങ്കുണ്ട്. പൊതു പരിപാടികളിൽ ജനങ്ങൾക്കു മുന്നിൽ മലയാളത്തിൽ ധൈര്യമായി സംസാരിക്കാൻ കരുണാകരൻ നിർബന്ധിക്കുമായിരുന്നു. ആ നിർബന്ധത്തിന്റെകൂടി ഫലമാണു വിനോദ് ഇന്നു സംസാരിക്കുന്ന ശുദ്ധമലയാളം.

എടോ പഴം, പച്ചക്കറി സെക്രട്ടറീ...

കേരളത്തിലെ ഒൗദ്യോഗിക ജീവിതത്തിൽ കണ്ടുമുട്ടിയ രാഷ്ട്രീയ നേതാക്കളെ ഓർക്കുമ്പോൾ വിനോദ് റായ്ക്ക് ഇന്നും ആവേശമാണ്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹോർട്ടികൾച്ചർ സെക്രട്ടറിയായിരുന്നു വിനോദ്. ഹോർട്ടികൾച്ചർ കൈകാര്യം ചെയ്യുന്ന ഉത്തരേന്ത്യക്കാരൻ സെക്രട്ടറിക്ക് നായനാർ ഒരു പേരിട്ടു – പഴം, പച്ചക്കറി സെക്രട്ടറി! ഹോർട്ടികൾച്ചറുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കവേ നായനാർ വിനോദിനോടു ചോദിക്കുമായിരുന്നു; എല്ലാം ഒകെ അല്ലേടോ പഴം, പച്ചക്കറി സെക്രട്ടറീ.
വിനോദ് പിന്നീടു ധനകാര്യ സെക്രട്ടറിയായി. അപ്പോൾ നായനാർ അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു – എടോ ധനകാര്യം!

താങ്കൾ എന്റെകൂടെ ജോലി െചയ്യുന്നതു നന്നായി ആസ്വദിക്കും എന്നായിരുന്നു റവന്യു ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേൽക്കാനെത്തിയ വിനോദിനെ ആദ്യമായി കണ്ട മന്ത്രി ബേബി ജോണിന്റെ പ്രതികരണം. ആ വാക്കുകൾ അച്ചട്ടായി. അദ്ദേഹത്തോടൊപ്പമുള്ള ഒൗദ്യോഗിക കാലയളവ് വിനോദ് ആവോളം ആസ്വദിച്ചു.

കരുണാകരൻ, ബേബി ജോൺ, നായനാർ, ടി.ശിവദാസ മേനോൻ – ഏതു പ്രതിസന്ധിയിലും തങ്ങളുടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ചങ്കൂറ്റത്തോടെ മുന്നിൽ നിന്ന നേതാക്കളായിരുന്നു ഇവരെന്നു വിനോദ് ഓർക്കുന്നു. ഉദ്യോഗസ്ഥർക്കു പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഇവർ ഉറപ്പാക്കി. തെറ്റുകൾ സംഭവിക്കുമ്പോൾ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞില്ല. മറിച്ച്, ഇദ്ദേഹം എന്റെ ആൾ എന്നു പ്രഖ്യാപിച്ച് ഒപ്പം ചേർത്തു നിർത്തി. പറ്റിപ്പോയ തെറ്റുകൾ തങ്ങൾക്കു വിട്ടേക്കൂ എന്നു പറഞ്ഞ്, ഉദ്യോഗസ്ഥർക്ക് ആത്മവീര്യം പകർന്നവർ.

ഉത്തരേന്ത്യക്കാർ കണ്ടു പഠിക്കട്ടെ

ഒൗദ്യോഗിക ജീവിതത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തതിന്റെ അനുഭവപരിചയത്തിൽ വിനോദ് പറയുന്നു – കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉത്തരേന്ത്യക്കാർ കണ്ടു പഠിക്കണം. ഉദ്യോഗസ്ഥർക്കു കേരളത്തിലെ നേതാക്കളിൽനിന്നു ലഭിക്കുന്ന ആദരം വളരെ വലുതാണ്. ഉത്തർപ്രദേശ്, ബിഹാർ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി നേരെ മറിച്ചാണ്. ഉദ്യോഗസ്ഥരെ അടക്കിഭരിക്കുന്നതാണ് അവിടെയുള്ളവരുടെ രീതി. ഉദ്യോഗസ്ഥരെ തുല്യരായി പരിഗണിക്കുന്നവരാണു കേരളത്തിലെ നേതാക്കൾ.

ടുജിയുടെ അടിവേരു പിഴുത്


കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പദവിയുടെ മുഖച്ഛായ മാറ്റിവരച്ചതിൽ വിനോദ് റായ് വഹിച്ച പങ്കു ചെറുതല്ല. സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കുന്നതിന്റെ സൂക്ഷ്മ വിശദാംശങ്ങൾ ഇഴകീറി പരിശോധിച്ചു വിനോദ് കണ്ടെത്തിയ വിവരങ്ങൾ രാജ്യത്തെ പിടിച്ചുലച്ചു. സിഎജിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചു നടത്തിയ ഇടപെടലുകളിലൂടെ, വൻ കുംഭകോണങ്ങൾ അദ്ദേഹം അടിവേരോടെ പിഴുതെടുത്തു. ടെലികോം മേഖലയിലെ ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട ഇടപാടിലുണ്ടായ നഷ്ടത്തിന്റെ കണക്ക് വിനോദിലൂടെ രാജ്യം അറിഞ്ഞു. പൊതുഖജനാവിനു വൻ നഷ്ടമുണ്ടാക്കും വിധമാണ് ഇടപാടു നടന്നതെന്നു കണക്കുകൾ നിരത്തി അദ്ദേഹം സ്ഥാപിച്ചു.

അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി എ.രാജയുടെ അറസ്റ്റിൽ കലാശിച്ച സംഭവബഹുലമായ അന്വേഷണം, സിഎജിയെ അഴിമതിക്കാരുടെ പേടിസ്വപ്നമാക്കി. അന്വേഷണത്തിൽ പുറത്തുവന്ന കാര്യങ്ങൾ യുപിഎ സർക്കാരിനു കനത്ത പ്രഹരമായി. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങൾ തന്നിലൂടെ പുറത്തുവന്നപ്പോഴും, അധികാര സ്ഥാനങ്ങളിൽനിന്ന് ഒരുതവണ പോലും സമ്മർദമുണ്ടായില്ലെന്നു വിനോദ് പറയുന്നു. പത്ര മാധ്യമങ്ങളിൽ വിവിധ രാഷ്ട്രീയക്കാർ ആരോപണങ്ങളുന്നയിച്ചെങ്കിലും അന്വേഷണത്തെ വഴിതെറ്റിക്കുന്ന ഒരു ഇടപെടലുകളും ആരിൽനിന്നും ഉണ്ടായില്ല.

പൊതുജനത്തിന്റെ നികുതിപ്പണം ഉത്തരവാദിത്തത്തോടെ ചെലവഴിക്കണമെന്നു തന്റെ പ്രവർത്തന കാലയളവിൽ വിനോദ് നിരന്തരം സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. സിഎജി എന്നാൽ സർക്കാരിന്റെ പണമിടപാടുകൾ നോക്കുന്ന വെറും കണക്കപ്പിള്ളയല്ലെന്ന് അദ്ദേഹം അടിവരയിട്ടു തെളിയിച്ചു.

പണം ചെലവഴിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത ഒരുപക്ഷേ, അമ്മയിൽനിന്നാവാം വിനോദിനു ലഭിച്ചത്. അമ്മയെക്കുറിച്ചുള്ള വിനോദിന്റെ ഓർമയിൽനിന്ന് – ‘ഒൗദ്യോഗിക വിദ്യാഭ്യാസമില്ലാത്തയാളായിരുന്നു അമ്മ. പണം ആവശ്യത്തിനു മാത്രം ചെലവഴിക്കാനുള്ളതാണെന്ന പാഠം ചെറുപ്പത്തിൽതന്നെ ഞങ്ങൾ മക്കൾ അമ്മയിൽനിന്നു പഠിച്ചു. ഒരു രൂപപോലും ഞങ്ങൾക്ക് അധികമായി ലഭിക്കുന്നില്ലെന്ന് അമ്മ ഉറപ്പാക്കി. അതേസമയം, നാലു മക്കളുടെ ആവശ്യങ്ങൾക്കുള്ള പണം കൃത്യമായി ചെലവഴിക്കപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തി’.

വിജയ് മല്യയെ പൂട്ടും

ബാങ്ക് ബോർഡ് ബ്യൂറോയുടെ ചെയർമാൻ പദവിയിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളാണു വിനോദിനു മേലുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബോർഡിന്റെ മേധാവിയെന്ന നിലയിൽ, രാജ്യത്തെ സാമ്പത്തിക രംഗത്ത് അച്ചടക്കവും നീതിയും നടപ്പാക്കുകയാണ് അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. നിസ്സാര തുക വായ്പയെടുക്കുന്ന കർഷകൻ അതു തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ ആത്മഹത്യ ചെയ്യുമ്പോൾ, മദ്യവ്യവസായി വിജയ് മല്യയെപ്പോലുള്ളവർ കോടികളുമായി മുങ്ങി വിദേശത്തു സുഖിച്ചു കഴിയുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കുന്നു.

‘‘പൊതുമേഖലാ ബാങ്കുകൾ തുല്യനീതിയോടെ എല്ലാവരോടും പെരുമാറണം. മല്യ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഏതാനും നാളുകൾക്കുള്ളിൽ അതിനു വഴിയൊരുക്കും’’ – വിനോദ് റായ് പറഞ്ഞുനിർത്തി.

പറഞ്ഞതു വിനോദ് റായ് ആണ്. വെറുംവാക്ക് പറയുന്നത് അദ്ദേഹത്തിന്റെ ശീലമല്ല. വിജയ് മല്യ കേൾക്കുന്നുണ്ടല്ലോ അല്ലേ?

Your Rating: