Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പ്, ജീവിതത്തിന്റെ ഭാഗം‌

കാത്തിരിപ്പ് (Waiting) എന്നുള്ളതു ജീവിതത്തിന്റെ അനിവാര്യഘടകമാണ്. എല്ലാ മണ്ഡലങ്ങളിലും, അനുഭവങ്ങളിലും കാത്തിരിപ്പിന്റെ ആവശ്യകത കടന്നുവരുന്നു. സാഹചര്യമനുസരിച്ച് അതിന്റെ ദൈർഘ്യം കൂടിയും കുറഞ്ഞുമിരിക്കും. ഓരോ കാര്യത്തിനും വ്യത്യസ്തരംഗങ്ങളിലും സാഹചര്യങ്ങളിലും നാം കാത്തിരുന്നു സമയം ചെലവിട്ടിട്ടുള്ളതു കണക്കാക്കിയാൽ നാം ആശ്ചര്യപ്പെടാതിരിക്കയില്ല. വ്യത്യസ്ത വികാരവായ്പോടെയാണു കാത്തിരിപ്പുകൾ എന്നു വിശകലനത്തിൽ വെളിപ്പെടും.

1. മധുരപ്രതീക്ഷകളോടെയുള്ള കാത്തിരിപ്പ്:

ഏറെ സ്നേഹിക്കുന്ന ഒരാളിന്റെ ആഗമനം കാത്തിരിക്കുന്നതു മധുരപ്രതീക്ഷകളോടും സന്തോഷം നിറഞ്ഞ സങ്കൽപങ്ങളോടുമാണ്. വിവാഹനിശ്ചയം കഴിഞ്ഞ്, ആ മംഗള കർമത്തിനുവേണ്ടി കാത്തിരിക്കുന്ന അനുഭവം അത്തരത്തിലുള്ളതാണ്. ഒരാളുടെ അനുഭവത്തിൽ അക്കാലത്തെ ഒരുദിവസം ഒരുയുഗം പോലെ തോന്നിയെന്നാണ്.

2. ഉത്കണ്ഠയും ചിന്താഭാരവും നിറഞ്ഞ കാത്തിരിപ്പ്:

രോഗപരിശോധന നടത്തിയ ഡോക്ടർ, മാരകമായ രോഗത്തെപ്പറ്റി സംശയം പുറപ്പെടുവിച്ചശേഷം ലാബിലെ പരിശോധനയ്ക്കായി രക്തവും മറ്റും അയച്ചു കഴിഞ്ഞ് അതിന്റെ ഫലമറിയാൻ കാത്തിരിക്കുന്ന ദിവസങ്ങൾ ഉത്കണ്ഠ നിറഞ്ഞതായിരിക്കും.അതുപോലെ ഗുരുതരമായ ഒരു കേസിന്റെ വിസ്താരം പൂർത്തിയാക്കി വിധി പറയുന്ന ദിവസവും പ്രഖ്യാപിച്ചു.

വിധിപ്രസ്താവന ഉണ്ടാകുന്ന ദിവസം വരെയുള്ള കാത്തിരിപ്പ് ആശങ്കയും ഉത്കണ്ഠയും നിറഞ്ഞതായിരിക്കും. ജോലിക്കുവേണ്ടിയുള്ള ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള കാത്തിരിപ്പും ഉത്കണ്ഠാകുലമായിരിക്കും.

3. പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പ്:

ഒരു കർഷകൻ വിത്തിറക്കിയശേഷം ആവശ്യമായ തുടർപ്രവർത്തനങ്ങളും നടത്തി, വിളവെടുപ്പിനായി ദീർഘനാൾ കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് ശുഭപ്രതീക്ഷയോടും ഉൽസാഹത്തോടുമായിരിക്കും; മാത്രമല്ല, കർമനിരതവുമായിരിക്കും.

4. അനുദിനം സംഭവിക്കുന്ന കാത്തിരിപ്പ്:

പ്രവർത്തനസ്ഥലത്തേക്കും ഔദ്യോഗിക കർത്തവ്യങ്ങൾക്കുമായി അനുദിനം യാത്രചെയ്യേണ്ടവരാണ് അധികം പേരും. സ്വന്തം വാഹനമില്ലാത്തവർ, കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനിലും, റെയിൽവേ സ്റ്റേഷനിലും മറ്റുമായി കാത്തുനിൽക്കേണ്ടിവരുന്നു. വിമാനത്തിൽ സഞ്ചരിക്കുന്നവർക്ക് ഏറെസമയം എയർപോർട്ടിൽ ചെലവിടണം. അവരിൽ പലരും പുസ്തക പാരായണത്തിലും മറ്റും സമയം വിനിയോഗിക്കുന്നു.

കാത്തിരിപ്പു പലപ്പോഴും ഈർഷ്യയും മുഷിപ്പും, വിരസതയും അനുഭവപ്പെടുന്നതായിത്തീരാം. രണ്ടുകാര്യങ്ങൾ നാം വളർത്തിയെടുക്കേണ്ടതായുണ്ട്. ഒന്ന്, ക്ഷമ. മറ്റത് ശുഭാപ്തിചിന്ത. കാത്തിരിപ്പിന്റെ സമയത്തു മാത്രമല്ല, ജീവിതത്തിന്റെ മറ്റു രംഗങ്ങളിലും ക്ഷമ കൈമുതലായിട്ടുള്ളവർക്കു ജീവിതം വിഷമകരമാവുകയില്ല. ഉത്കണ്ഠാപൂർവമായ കാത്തിരിപ്പിന്റെ ഘട്ടങ്ങളിലും "എല്ലാം നന്മയ്ക്കായി ദൈവം പരിണമിപ്പിക്കുമെന്ന" ശുഭ ചിന്ത പുലർത്താൻ കഴിയേണ്ടതാണ്. കാത്തിരിപ്പു സമയത്ത് ഈർഷ്യയും മനംമടുപ്പും മറ്റും അനുഭവപ്പെടാതിരിക്കാൻ വായനയ്ക്കുതകുന്ന ഉത്തമകൃതികൾ കരുതുന്നത് ഉചിതമായിരിക്കും.

5. മറ്റൊരു കാത്തിരിപ്പുണ്ട്; ആത്മീകനൽവരങ്ങൾക്കും, ശാക്തീകരണത്തിനുമുള്ള കാത്തിരിപ്പ് അനുപേക്ഷണീയമാണ്. യേശുക്രിസ്തു സ്വർഗാരോഹണം ചെയ്യുന്നതിനു മുൻപായി ശിഷ്യന്മാരോടു കൽപിച്ചു:

"ഉയരത്തിൽനിന്നു ശക്തി ലഭിക്കുവോളം നഗരത്തിൽത്തന്നെ കാത്തിരിപ്പിൻ" (പാർപ്പിൻ). അവർ യെറുശലേം നഗരത്തിൽനിന്നു വിട്ടുപോകാതെ, മറ്റു വിശ്വാസികളോടൊപ്പം ഒരു മാളിക മുറിയിൽ വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മദാനത്തിന്നായി കാത്തിരുന്നു. ആ കാത്തിരിപ്പ് ഉത്കണ്ഠയോ, ആകുലമോ നിറഞ്ഞതല്ല; പ്രതീക്ഷാനിർഭരമായിരുന്നു. ആ കാത്തിരിപ്പിനു മറുപടി ലഭിച്ചത് പെന്തിക്കോസ്തി ദിവസമായിരുന്നു. പരിശുദ്ധാത്മാവ് അവരുടെമേൽ ആവസിച്ച്, പുതുശക്തിയും പുതുജീവനും ആർജിച്ചവരായിത്തീർന്നു. മാത്രമല്ല സുവിശേഷ പ്രവർത്തനത്തിൽ അവരെ കർമോന്മുഖരാക്കി.

ഭക്തജനങ്ങൾ അനുദിനം ദൈവസന്നിധിയിൽ കാത്തിരിക്കുന്നവരാണ്. ആ കാത്തിരിപ്പും, ജാഗരണവുമാണ് അവരുടെ ജീവിതം ചൈതന്യവത്താക്കുന്നത്. "യഹോവയ്ക്കായി കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും." (യെശ.40:31) നേർച്ച ഇടുകയും വഴിപാട് അർപ്പിക്കയും ചെയ്താൽ ആത്മീകനൽവരങ്ങളും, ആത്മീകശക്തിയും ലഭിക്കുമെന്നു ചിന്തിക്കുന്നവരാണ് അധികവും.

കൈക്കൂലി കൊടുത്തു കാര്യം സാധിക്കുന്നതുപോലെ ദൈവസന്നിധിയിലും ആ സമീപനം ആകാമെന്ന ധാരണയാണ്. അത്മീകശക്തി പണം കൊടുത്തു നേടാവുന്നതല്ല. നമ്മുടെ ധനം ദൈവത്തിനാവശ്യമില്ല. അവിടുന്ന് സകലത്തിന്റെയും ഉടയവനും അധിനാഥനുമാണ്. ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ മക്കളായ നാം നന്ദിനിറഞ്ഞ ഹൃദയത്തോടെ തിരുമുൻപിൽ എത്തുന്നതും സ്തുതി സമർപ്പിക്കുന്നതുമാണ്. മാത്രമല്ല ഓരോദിവസവും തിരുമുൻപിൽ കാത്തിരുന്ന് അവിടുത്തെ കൃപകൾ പ്രാപിച്ചു ജീവിത കർത്തവ്യങ്ങൾ വിജയകരമായി നിറവേറ്റണമെന്നാണ്.
 
പ്രഭാത ജാഗരണം അനുദിന ജീവിതത്തിന് ഊർജം പകരുകയും ലക്ഷ്യബോധം വരുത്തുകയും ചെയ്യും. അതുകൊണ്ട് ഓരോ ദിവസത്തിന്റെയും ആദ്യനിമിഷങ്ങൾ തിരുസന്നിധിയിൽ എത്തി കാത്തിരിക്കുവാൻ നമുക്കു കഴിയട്ടെ. മറ്റു കാത്തിരിപ്പുകൾ നമ്മുടെമേൽ അടിച്ചേൽപിക്കപ്പെടുകയാണ്, എന്നാൽ തിരുസന്നിധിയിലെ കാത്തിരിപ്പ് നാം സ്വമേധയാ തിരഞ്ഞെടുക്കുന്നതാണ്.

Your Rating: