Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുന്നതങ്ങളിൽ പോളിനു സ്തുതി; ഭൂമിയിൽ സന്മനസ്സുള്ളവര്‍ക്കും

when-breath-becomes-air പോൾ കലാനിധി ഭാര്യ ലൂസിക്കും മകൾക്കുമൊപ്പം.

അമേരിക്കയിൽ ന്യൂറോ സർജനും ഗവേഷകനും ആയിരുന്നു പോൾ കലാനിധി. പോൾ കലാനിധി ഇപ്പോൾ ജീവിച്ചിരിപ്പില്ല. 2015 മാർച്ച് 9ന് അന്തരിച്ചു, 36–ാം വയസ്സിൽ. അതുല്യപ്രതിഭയുടെ മറുവാക്ക്; പോൾ കലാനിധിയെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. വളരെച്ചെറിയ ജീവിതകാലത്തിനിടെ വ്യാപരിച്ച മേഖലകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചാർത്തിയ യുവാവ്. ബാല്യവും കൗമാരവും യൗവനവും മാത്രം അനുഭവിച്ച് ജീവിതത്തിൽ നിന്നു പിൻവാങ്ങേണ്ടി വന്നയാൾ. അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെങ്കിലും പോളിനു പ്രിയപ്പെട്ടവരുടെ മനസ്സിൽ എന്നും നിത്യയൗവനം.

അമേരിക്കയിൽ ജനിച്ചുവളർന്ന പോളിനൊരു ഇന്ത്യൻ പശ്ചാത്തലമുണ്ട്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും തെക്കേ ഇന്ത്യയിൽനിന്നുള്ളവർ. ഹിന്ദു–ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട അവർ പ്രണയിച്ചു വിവാഹം കഴിച്ചപ്പോൾ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പ് ഒഴിവാക്കാൻ അമേരിക്കയിലേക്കു കുടിയേറി. പിതാവും അമ്മാവനുമൊക്കെ ഡോക്ടർമാരായിരുന്നെങ്കിലും കുട്ടിക്കാലത്തൊരിക്കലും ഡോക്ടറാകാൻ പോൾ ആഗ്രഹിച്ചില്ല.

അരിസോണയിലെ കിങ്മാൻ പ്രദേശത്ത് വളരുമ്പോൾ അമ്മയുടെ നിർബന്ധത്തിൽ ക്ലാസിക് പുസ്തകങ്ങൾ വായിച്ചു സാഹിത്യാസ്വാദകനായി. സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി, ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ വൈദ്യശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു. സാഹിത്യ അധ്യാപകനാകേണ്ടിയിരുന്ന യുവാവ് പെട്ടെന്നൊരു സുപ്രഭാതത്തിൽ വൈദ്യശാസ്ത്ര വിദ്യാർഥിയായി. ജീവിതത്തിന്റെ അർഥം പുസ്തകങ്ങളിൽനിന്നു പൂർണമായി ലഭിക്കാതെ വന്നപ്പോൾ സങ്കീർണമായ ന്യൂറോ സയൻസിലേക്കു തിരിഞ്ഞു.

എന്താണു ജീവിതം? എന്തിനു നാം ജീവിക്കണം? വികാരങ്ങളുടെ, വിചാരങ്ങളുടെ അർഥമെന്ത്? പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ഒരാൾ എന്തിനു ജീവിതത്തെ സ്നേഹിക്കണം?.
പ്രശസ്തമായ യേൽ സർവകലാശാലയിൽനിന്നു മെഡിക്കൽ ബിരുദം സ്വന്തമാക്കിയ പോൾ ന്യൂറോ സയൻസിൽ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഇതിനിടെ, സഹവിദ്യാർഥിനിയായ ലൂസിയെ വിവാഹം കഴിച്ചു. യേൽ സർവകലാശാലയിൽനിന്നു സ്റ്റാൻഫഡിലേക്കു മടങ്ങി ന്യൂറോളജിക്കൽ സർജറിയിൽ റസിഡൻസി പരിശീലനം പൂർത്തിയാക്കി.

ഒരു ദശകത്തിന്റെ അശ്രാന്തവും നിരന്തരവുമായ പഠനവും ഗവേഷണവും വിശ്രമമില്ലാത്ത ജോലിയും, കുടുംബത്തെപ്പോലും പരിഗണിക്കാതെ ആശുപത്രിയിലെ സർജറി മുറികളിലൂടെ പ്രകാശംപരത്തി നടക്കുന്ന യുവാവ്. ന്യൂറോ സർജറി പരിശീലനം പൂർത്തിയാക്കി കരിയറിലെ അടുത്ത വലിയ ഘട്ടത്തിലേക്കു പ്രവേശിക്കാനിരിക്കെ പോളിന്റെ ജീവിതം തകിടംമറിയുന്നു. തലേന്നുവരെ ഡോക്ടറായി പരിശീലനം നടത്തിയ പൂർണ ആരോഗ്യവാനായ യുവാവ് 35–ാം വയസ്സിൽ രോഗിയാകുന്നു, ശ്വാസകോശ അർബുദം. അപകടകരമായ നാലാം ഘട്ടം. എണ്ണപ്പെട്ട നിമിഷങ്ങൾ മാത്രം.

ശസ്ത്രക്രിയാ മുറിയിൽ സഹപ്രവർത്തകയായിരുന്ന ഒരു ഡോക്ടറുടെ മുന്നിൽ ദുർബലമായ ശരീരവുമായി പോൾ ഇരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും തകർന്നുകൊണ്ടിരിക്കുന്ന നട്ടെല്ലിന്റെയും നെഞ്ചിന്റെയുമൊക്കെ ദയനീയത വ്യക്തമാക്കി എക്സ്റേ ചിത്രങ്ങൾ. പ്രിയപ്പെട്ടവനെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന വാശിയുമായി ഡോക്ടറായി പരിശീലനം നേടുന്ന ഭാര്യ ലൂസി. ചികിത്സയ്ക്കു മേൽനോട്ടംവഹിക്കുന്ന ഡോക്ടറോട് അദ്ദേഹം ചോദിച്ചു: ഇനി എനിക്ക് എത്രനാൾ കൂടിയുണ്ട്?

പത്തുവർഷം വരെയെങ്കിലും ജീവിച്ചിരിക്കുമെങ്കിൽ ഞാൻ ഡോക്ടറായിത്തന്നെ തുടരും. ഇന്നലെവരെ തുടർന്ന ജീവിതം പതിവുപോലെ തുടരും, മരുന്നുകൾക്കും ശസ്ത്രക്രിയയ്ക്കുമൊപ്പം.
ഒന്നോ രണ്ടോ വർഷം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ ഒരു പുസ്തകം എഴുതും. ഞാൻ അറിഞ്ഞതും അറിയാൻ ആഗ്രഹിച്ചതുമെല്ലാം വിവരിക്കുന്ന പുസ്തകം.
വെറും രണ്ടാഴ്ചയേ ബാക്കിയുള്ളൂവെങ്കിൽ വീട്ടിൽ ഭാര്യയ്ക്കും അടുത്തിടെ ജനിച്ച മകൾക്കുമൊപ്പം സന്തോഷത്തോടെ ചെലവഴിക്കും.

കൃത്യമായ മറുപടി പറയാൻ ഡോക്ടർക്കായില്ല, ആർക്കുമാവില്ല. ന്യൂറോ സർജറിയിൽ റസിഡൻസി പരിശീലനം പൂർത്തിയാക്കി ബഹുമതിമുദ്ര ഏറ്റുവാങ്ങേണ്ട ദിവസം രാവിലെ വസ്ത്രധാരണത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണു പോൾ. ആശുപത്രി മുറിയും വീടും മാത്രമായി പിന്നീട് അദ്ദേഹത്തിന്റെ ജീവിതം. തോൽക്കാത്ത മനസ്സുമായി അവശേഷിച്ച അവസാന ദിനങ്ങളിൽ അദ്ദേഹം ഏറെ ആഗ്രഹിച്ച പുസ്തകം പൂർത്തിയാക്കി – വെൻ ബ്രെത് ബികംസ് എയർ. ജീവനുള്ള ഹൃദയം മിടിക്കുന്നതുപോലെ കയ്യിലെടുക്കുമ്പോൾ സ്പന്ദിക്കുന്നുണ്ട് വെൻ ബ്രെത് ബികംസ് എയർ.

തൊട്ടടുത്തുനിൽക്കുന്ന പ്രിയപ്പെട്ട ആളെ സ്പർശിക്കുമ്പോഴെന്നപോലെ ജീവന്റെ മിടിപ്പ് അറിയും, ഈ പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ. മുഖത്തിനടുത്തേക്ക് പിടിക്കുമ്പോൾ ശ്വസനത്തിന്റെ വേഗതാളങ്ങൾ പോലും അറിയും. എയർ ഒരു പുസ്തകമല്ല; മജ്ജയും മാംസവുമുള്ള സ്നേഹഹൃദയം. ആദരവും സ്നേഹവും അർഹിക്കുന്ന പ്രിയപ്പെട്ടൊരാൾ. വായിച്ചുമടക്കിവയ്ക്കാനാവാത്ത ‘എയർ’ എന്നും ഹൃദയത്തിൽ തുറന്നുതന്നെയിരിക്കും.

രോഗത്തെയും മരണത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ടും അതിലേറെ ജീവിതത്തിന്റെ മൂല്യം പകർന്നു പ്രചോദിപ്പിച്ചുകൊണ്ടും; സ്നേഹത്തിന്റെ വിലയെന്തെന്നും, ഓരോ ദിവസവും ഓരോ നിമിഷവും എത്രമാത്രം മൂല്യവത്തായി ചെലവഴിക്കാമെന്നു പഠിപ്പിച്ചുകൊണ്ടും.
പോളിന്റെ അനുഭവത്തിന്റെ അവതാരിക ഒരു മലയാളിയുടേതാണ്, ഡോ. ഏബ്രഹാം വർഗീസ്. ഒരുതവണ മാത്രമേ ഇരുവരും നേരിൽ കണ്ടിട്ടുള്ളു. പോളിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്.

അന്നു പള്ളിയിൽ കൂടിയ എല്ലാവരുടെയും മുഖങ്ങൾ ശാന്തമായിരുന്നു. അതീവസുന്ദരമായ ഒരു ദൃശ്യത്തിനു സാക്ഷിയായവരെപ്പോലെ. ഒരു പക്ഷേ തന്റെ മുഖത്തും ചരമശുശ്രൂഷയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ മുഖത്തു പതിവായി കാണുന്ന ദുഃഖമോ വേദനയോ ഉണ്ടായിരുന്നിരിക്കില്ല. പോളിന്റെ ഓർമ സൃഷ്ടിക്കുന്നതു വേദനയല്ല, കൂടുതൽ സുന്ദരമായ ഒരു അനുഭവത്തിന്റെ ശാന്തവാഗ്ദാനം.

മരണത്തിന്റെ മഹാഖ്യാനമെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകത്തിൽ ഒരു രജതരേഖയുണ്ട്; പോളിന്റെയും ലൂസിയുടെയും പ്രണയം. മരണം പോലും പരാജയപ്പെട്ട അസാധാരണവും അത്യദ്ഭുതകരവുമായ പ്രണയം. പ്രണയബദ്ധരായി വിവാഹം കഴിച്ചെങ്കിലും ന്യൂറോ സർജൻ എന്ന നിലയിലെ തിരക്കുകളിൽപ്പെട്ട് വിവാഹജീവിതം ആടിയുലയുന്ന ഘട്ടത്തിലാണു പോൾ രോഗബാധിതനാകുന്നത്.

വേർപിരിയാൻ പോലും ആഗ്രഹിച്ചവർ പ്രണയനാളുകളിലേക്കാൾ തീവ്രമായി സ്നേഹിച്ചുതുടങ്ങുന്നു. രോഗം ബാധിച്ചുവെന്നറിഞ്ഞ രാത്രി തന്നെ കെട്ടിപ്പുണർന്നുകരഞ്ഞ പോളിനൊപ്പം അവസാന നിമിഷംവരെയും ഒരുനിമിഷം പോലും അടുത്തുനിന്നു മാറാതെ ലൂസി നിന്നു. കൃത്രിമ ശ്വസനോപകരണവും യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഉപാധികളും വേണ്ടെന്നു തീരുമാനിച്ച പോളിനെ സമാധാനത്തോടെ മരണത്തിന്റെ കൈപിടിക്കാൻ സഹായിച്ചു ലൂസി.

പുസ്തകത്തിന്റെ ഉപസംഹാരം ലൂസിയുടേതാണ്. പോളിന്റെ അവസാന നിമിഷങ്ങളുടെയും അവരുടെ ബന്ധത്തിന്റെയും ഹൃദയസ്പർശിയായ വിവരണം. ഈ പുസ്തകത്തിലെ ഏറ്റവും മികച്ച ഭാഗവും ലൂസിയുടെ എഴുത്തുതന്നെ. നിറഞ്ഞ കണ്ണുകളോടെ, വേഗമേറുന്ന ഹൃദയമിടിപ്പുകളോടെ മാത്രം വായിച്ചുതീർക്കാനാവുന്ന വിവരണം.

പോളിന്റെ സംസ്കാരശേഷവും ശവകുടീരത്തിൽ ലൂസി ഇടയ്ക്കിടെ പോകുന്നുണ്ട്. അവിടെ വളരുന്ന പുൽത്തലപ്പുകളിൽ വിരലോടിക്കുമ്പോൾ പ്രിയന്റെ മുടിയിഴകളിൽ തലോടുന്ന അനുഭൂതിയിലൂടെ കടന്നുപോകുന്നു ലൂസി. അവസാനമായി, മരണത്തിനു തലേന്ന് ആശുപത്രി മുറിയിലേക്കു കയറുമ്പോൾ പോൾ പറയുന്നുണ്ട്: ഇതാ, അവസാനമെത്തിയിരിക്കുന്നു. പോളിന്റെ കയ്യിൽ മുറുകെപ്പിടിച്ചു ലൂസി അപ്പോൾ മന്ത്രിച്ചു – ഞാനുണ്ട് കൂടെ.

ലൂസിയുടെ ഹൃദയത്തിന്റെ ഉടമ അങ്ങനെ വെൻ ബ്രെത് ബികംസ് എയർ വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിന്റെ ഉടമയാകുന്നു. ജീവിതം അമൂല്യവും ഉദാത്തവുമാണെന്നും സ്നേഹം മരണത്തെ അതിജീവിക്കുമെന്നുമുള്ള പാഠം മനുഷ്യരെ പഠിപ്പിക്കാനെത്തിയ അപൂർവനിയോഗത്തിന്റെ ഉടമ.
അത്യുന്നതങ്ങളിൽ പോളിനു സ്തുതി,
ഭൂമിയിൽ സന്മനസ്സുള്ളവർക്കും.

Your Rating: