Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിയേറ്റനയം: കോടതിവിധി ട്രംപ് ഭരണകൂടത്തിനു തിരിച്ചടി

Donald-Trump

വാഷിങ്ടൺ∙ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന യുഎസ് നഗരങ്ങൾക്കു ധനസഹായം നിഷേധിച്ച ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിനു ഫെഡറൽ കോടതിയുടെ വിലക്ക്. യുഎസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരം മറികടന്നെന്നു നിരീക്ഷിച്ചുകൊണ്ടാണ് ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം ഓറിക് വിലക്കേർപ്പെടുത്തിയത്.

കോടതി വിധി ട്രംപ് ഭരണകൂടത്തിനു കനത്ത തിരിച്ചടിയാണെന്നു രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ഉയർന്ന കോടതി മറിച്ചു നിലപാട് എടുക്കാത്തപക്ഷം ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ വിധി നിലനിൽക്കും.

അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കാത്ത സാൻഫ്രാൻസിസ്കോ പോലെയുള്ള നഗരങ്ങൾക്കു ധനസഹായം നിഷേധിച്ചുകൊണ്ട് ജനുവരിയിലാണു ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്.

എന്നാൽ തന്റെ കുടിയേറ്റ നയങ്ങളുമായി സഹകരിക്കാത്ത പ്രാദേശിക സർക്കാരുകളെ ശിക്ഷിക്കുന്ന നടപടിയാണു പ്രസിഡന്റ് ട്രംപ് കൈക്കൊണ്ടതെന്നു ജഡ്ജി വില്യം ഓറിക് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഭരണഘടനാദത്തമായ അധികാരം മറികടക്കുന്നതു പ്രാദേശിക സർക്കാരുകളുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നും വിധിന്യായത്തിൽ പറയുന്നു.

അതേസമയം, ഫെഡറൽകോടതി വിധിയെ നിശിതമായി വിമർശിച്ച പ്രസിഡന്റ് ട്രംപ്, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു ട്വിറ്ററിൽ കുറിച്ചു. ഏകാംഗ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നു വൈറ്റ് ഹൗസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെയും അറിയിച്ചു.