Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കുന്ന പരീക്ഷണം; എലിയുടെ പുറത്ത് മറ്റൊരു എലിയുടെ തല മാറ്റിവച്ചു

two-head-rat

ലണ്ടൻ∙ ഈ വർഷാവസാനത്തോടെ നടത്താനിരിക്കുന്ന മനുഷ്യന്റെ ആദ്യ തലമാറ്റിവയ്ക്കൽ വിവാദപദ്ധതിക്കു മുന്നോടിയായി ശാസ്ത്രജ്ഞർ ഒരു എലിയുടെ തല മറ്റൊരു എലിയുടെ ദേഹത്തു വച്ചുപിടിപ്പിച്ചു. ചൈനയിലെ ഗവേഷകരാണ് അസ്വസ്ഥാജനകമായ ഈ പരീക്ഷണം നടത്തിയത്.

‘ദാതാവായ’ ചെറിയ എലിയുടെ തല, വലിയ എലിയുടെ ദേഹത്താണു വച്ചുപിടിപ്പിച്ചത്. ഇരട്ടത്തലയോടെ അത് 36 മണിക്കൂർ ജീവിച്ചു. മൂന്ന് എലികളെയാണു ഗവേഷകർ പരീക്ഷണത്തിന് ഉപയോഗിച്ചത്. ദാതാവായ ചെറിയ എലി, സ്വീകർത്താവായ വലിയ എലി, രക്തം നൽകാനായി മൂന്നാമതൊരു വലിയ എലി.

ചെറിയ എലിയുടെ തലയിലെ ഞരമ്പുകളിലേക്കു മൂന്നാമത്തെ എലിയിൽനിന്ന് സിലിക്കോൺ ട്യൂബ് ഉപയോഗിച്ചാണു രക്തം പകർന്നത്. തലച്ചോറിലേക്കു രക്തപ്രവാഹം നിലയ്ക്കാതിരിക്കാനാണിത്. മാറ്റിവച്ച തലച്ചോറിലെ കോശങ്ങൾക്കു കേടുപാടുണ്ടായില്ലെന്നും പറയുന്നു.

ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിവാദ ന്യൂറോ സർജൻ സെർജിയോ കനാവെറോ ആണു ഗവേഷണത്തലവൻ. മുൻപ് കുരങ്ങുകളിലും നായ്ക്കളിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ശാസ്ത്രജ്ഞൻമാർ നടത്തിയിരുന്നു.

എന്നാൽ, മനുഷ്യരിൽ തലമാറ്റിവയ്ക്കൽ ഭാവന മാത്രമാണെന്നു വാദിച്ചു തലമാറ്റിവയ്ക്കൽ പദ്ധതിയോടു ശാസ്ത്രലോകത്തു വ്യാപകമായ എതിർപ്പുകളുണ്ട്.