Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിയോ വരാഡ്കർ: വേരുകൾ മുംബൈയിൽ; ചരിത്രനേട്ടം അയർലൻഡിൽ

IRELAND-POLITICS/ ലിയോ വരാഡ്കർ (മധ്യത്തിൽ) മാതാപിതാക്കളായ മിരിയത്തിനും അശോക് വരാഡ്കറിനുമൊപ്പം വിജയാഘോഷത്തിൽ.

ലണ്ടൻ∙ രാഷ്ട്രത്തലവന്മാരുടെ യുവനേതൃനിരയിലേക്ക് ഇന്ത്യൻ വംശജനും. മുംബൈയിൽ കുടുംബ വേരുകളുള്ള ലിയോ വരാഡ്കറാണ് അയർലൻഡ് പ്രധാനമന്ത്രിയായി 13നു സ്ഥാനമേൽക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ വരാഡ്കർ (38) താൻ സ്വവർഗാനുരാഗിയെന്നു പരസ്യമായി പ്രഖ്യാപിച്ച നേതാവാണ്. 

ഭരണത്തിലുള്ള ഫൈൻ ഗേൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വരാഡ്കർ നിലവിൽ ക്ഷേമ മന്ത്രിയാണ്. മന്ത്രിസഭയിലുള്ള സിമോൻ കവനെയ്ക്കെതിരെ 60% വോട്ട് നേടിയാണു വിജയം. എൻഡ കെനി പ്രധാനമന്ത്രിപദം ഒഴിഞ്ഞതിനെ തുടർന്നു സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വരാഡ്കർ പ്രചാരണത്തുടക്കം മുതൽ ജനപ്രീതി നേടിയിരുന്നു. 

ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന വരാഡ്കർ 2007ൽ ആണു മിതവാദ, വലതുപക്ഷ പാർട്ടിയായ ഫൈൻ ഗേലിന്റെ പ്രതിനിധിയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും പാർലമെന്റ് അംഗമായതും. 

ഡബ്ലിനിൽ ജനനം, അച്ഛൻ മുംബൈക്കാരൻ

മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിരിയത്തിന്റെയും ഇളയ മകനാണു ലിയോ വരാഡ്കർ. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലാണു ജനിച്ചത്. ലിയോ വരാഡ്കർ മുംബൈയിലെ കിങ് എഡ്വേഡ് മെമ്മോറിയൽ ഹോസ്പിറ്റലിലായിരുന്നു പരിശീലനം പൂർത്തിയാക്കിയത്.   

ഗുജറാത്തിലെ വരാഡ് എന്ന ഗ്രാമത്തിൽനിന്നു മുംബൈയിലേക്കു കുടിയേറിയതാണ് അശോക് വരാഡ്കറുടെ കുടുംബം. ഡോക്ടറായ അശോക് ബ്രിട്ടനിൽ ജോലിചെയ്യുമ്പോഴാണു നഴ്സായ മിരിയത്തെ പ്രണയിച്ചു വിവാഹം ചെയ്തത്. 

അഭിമാനത്തോടെ പ്രഖ്യാപനം  

സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തിനു നിയമസാധുത നൽകിയ ആദ്യരാജ്യമാണ് അയർലൻഡ്. പൊതുവോട്ടെടുപ്പിലൂടെ ചരിത്രപ്രഖ്യാപനമുണ്ടായ 2015ൽ തന്നെയാണു ലിയോ വരാഡ്കർ താൻ സ്വവർഗാനുരാഗിയാണെന്നു വെളിപ്പെടുത്തിയത്. വരാഡ്കറുടെ പങ്കാളി മാത്യു ബാരറ്റും ഡോക്ടറാണ്. 

 ട്രൂഡോ, മാക്രോൺ, വരാഡ്കർ...

കാനഡയിൽ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായതിനോടും ഫ്രാൻസിൽ ഇമാനുവൽ മാക്രോൺ പ്രസിഡന്റായതിനോടും സാദൃശ്യമുള്ളതാണ് അയർലൻഡിൽ ലിയോ വരാഡ്കറുടെ പ്രധാനമന്ത്രി പദവി. 

പ്രായം കൊണ്ടും കാഴ്ചപ്പാടു കൊണ്ടും ട്രൂഡോയെയും മാക്രോണിനെയും പോലെ വ്യത്യസ്തൻ.

 ടീഷെക് (Taoiseach)

അയർലൻഡിൽ പ്രധാനമന്ത്രി പദത്തിന്റെ ഔദ്യോഗിക പേര്. 

വിജയത്തിനു ശേഷം വരാഡ്കർ:

‘‘ഐറിഷ് റിപ്പബ്ലിക്കിൽ മുൻവിധികൾക്ക് ഇടമില്ലെന്നു തെളിയിക്കുന്നതാണ് ഈ ചരിത്രവിജയം. ഒരു പുതിയ ജീവിതം തുടങ്ങാനായി എന്റെ അച്ഛൻ ദൂരങ്ങൾ താണ്ടി അയർലൻഡിലെത്തുമ്പോൾ, മകൻ വളർന്നു വലുതായി ഈ രാജ്യത്തിന്റെ നേതാവാകുമെന്നു സ്വപ്നത്തിൽപ്പോലും കരുതിയിരിക്കില്ല.’’