Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെതിരെ മോശം ട്വീറ്റ്: ടിവി താരത്തെ സിഎൻഎൻ ഒഴിവാക്കി

വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ട്വിറ്ററിൽ മോശം ഭാഷ ഉപയോഗിച്ചതിനു ടിവി താരം റെസ അസ്‌ലാനെ യുഎസ് വാർത്താ ശൃംഖലയായ സിഎൻഎൻ ഒഴിവാക്കി. ട്രംപിനെ മോശമായി ചിത്രീകരിച്ചതിനു സിഎൻഎൻ നേരത്തേ മറ്റൊരു ടിവി താരം കാത്തി ഗ്രിഫിനുമായുള്ള കരാർ റദ്ദാക്കിയിരുന്നു.

അസ്‌ലാനുമായുള്ള കരാർ സിഎൻഎൻ റദ്ദാക്കിയതിനെ ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി സ്വാഗതം ചെയ്തു. അസ്‌ലാന്റെ ‘വിശ്വാസി’ എന്ന സിഎൻഎൻ ഡോക്യുമെന്ററിയിൽ ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചതിൽ യുഎസിലെ ഹിന്ദു സമൂഹം വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിഎൻഎൻ, അസ്‌ലാനെ ഒഴിവാക്കിയതിനെ രാജാ കൃഷ്ണമൂർത്തി സ്വാഗതം ചെയ്തത്.

റെസ അസ്‌ലാൻ ഒരു ട്വിറ്റർ സന്ദേശത്തിലാണു ട്രംപിനെക്കുറിച്ചു മോശമായ ഭാഷ ഉപയോഗിച്ചത്. തന്റെ ട്വീറ്റിൽ പിന്നീട് അസ്‌ലാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. സിഎൻഎൻ താനുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നിലുള്ള വികാരം ഉൾക്കൊള്ളുന്നുവെന്നും ഭാവിയിൽ സിഎൻഎന്നുമായി സഹകരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും റെസ അസ്‌ലാൻ പറഞ്ഞു.