Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രൈയ്ക്കു പിന്നാലെ ‘പിയെച്ച’ സൈബറാക്രമണം

മോസ്കോ ∙ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നാലെ 'പിയെച്ച' എന്ന പുതിയ റാൻസംവെയർ ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോർട്ട്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാൻസംവെയർ പ്രോഗ്രാം ബാധിച്ചു. ഇന്ത്യയിലും പിയെച്ച എത്തിയതായി സ്വിസ് സർക്കാരിന്റെ ഐടി ഏജൻസി റിപ്പോർട്ട് ചെയ്തു. 

യുഎസ്, ഡെൻമാർക്ക്, സ്പെയിൻ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ റോസ്‍നെഫ്റ്റും പിയെച്ച ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഉൽപാദനത്തെ ബാധിച്ചിട്ടില്ല. 

ഇത്തരമൊരു പ്രതിസന്ധി ഇതിനുമുൻപു നേരിടേണ്ടി വന്നിട്ടില്ലെന്നാണു യുക്രെയ്ൻ പ്രധാനമന്ത്രി പ്രതികരിച്ചത്. യുക്രെയ്നിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. ഇ–മെയിലിലൂടെയാണു വൈറസ് പടർന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഫയലുകൾ മൊത്തമായി എൻക്രിപ്റ്റ് ചെയ്യുന്നതിനു പകരം ഇരയുടെ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ (എംഎഫ്ടി) എൻക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടർന്നു ഫയലുകൾ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടും. സ്ക്രീനിൽ കാണിക്കുന്ന ബിറ്റ്കോയിൻ വിലാസത്തിലേക്കു 300 ഡോളർ അയയ്ക്കാനാണു സന്ദേശം. ഫയലുകൾ തിരികെ ലഭിക്കാനായി 13 പേർ മോചനദ്രവ്യം നൽകിയതായാണു സൂചന. 5000 ഡോളർ മോചനദ്രവ്യമായി നൽകിയെന്നാണു വിവരം. 

ആരാണ്  പിന്നിലെന്നു വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രെയ്നെയും  ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നു മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.