Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാനാക്രൈ രക്ഷകൻ’അറസ്റ്റിൽ; ദുരൂഹത?

Marcus-Hutchins മാർക്കസ് ഹച്ചിൻസ്

ലണ്ടൻ ∙ ലോകമാകെ ലക്ഷക്കണക്കിനു കംപ്യൂട്ടറുകളിൽ നാശംവിതച്ച വാനാക്രൈ പ്രോഗ്രാമിന്റെ വ്യാപനം തടഞ്ഞു താരപരിവേഷം നേടിയ ബ്രിട്ടിഷ് വംശജനായ മാർക്കസ് ഹച്ചിൻസ് (23) യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയു‌ടെ പിടിയിൽ. ലാസ് വേഗസിൽ നടന്ന ഡെഫ്കോൺ ഹാക്കിങ് കോൺഫറൻസിനിടെയാണ് അറസ്റ്റ്. വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഹച്ചിൻസ് ആണെന്നു വരുത്തിത്തീർക്കാൻ എഫ്ബിഐ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

അറസ്റ്റ് എന്തിന്?

2014ൽ, ഇന്റ്നെറ്റ് ബാങ്കിങ് വിവരങ്ങൾ ചോ‍ർത്താൻ കഴിവുള്ള 'ക്രോണോസ്' എന്ന മാൽവെയർ നിർമിച്ചു സഹപ്രവർത്തകനൊപ്പം പ്രചരിപ്പിച്ചതിന് ആറു വകുപ്പുകൾ ചുമത്തി കേസ്. കുറ്റം തെളി‍ഞ്ഞാൽ തടവുശിക്ഷ.

ബിറ്റ്കോയിൻ കാലിയായി!

വൈറസ് ബാധിച്ച കംപ്യൂട്ടറുകളിലെ ഫയലുകൾ തിരികെ നൽകുന്നതിനായി ബിറ്റ്കോയിൻ രൂപത്തിൽ ഭീമമായ മോചനദ്രവ്യം ഹാക്കർമാർ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ തുക മൊത്തമായി പിൻവലിക്കപ്പെട്ടു. ഏതു നിമിഷവും ബിറ്റ്കോയിൻ പണമായി മാറ്റപ്പെടാമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് അറസ്റ്റ്. രക്ഷകനായി അവതരിച്ച ഹച്ചിൻസാണോ യഥാർഥ വില്ലനെന്നു സമൂഹമാധ്യമങ്ങളിൽ സംശയം.

ആ പരസ്യം വിനയായോ?

സമാന്തര ഇന്റർനെറ്റായി പ്രവർത്തിക്കുന്ന ഡാർക്നെറ്റിൽ ലഹരിമരുന്നിനും അനധികൃത ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന ആൽഫാബേ, ഹൻസാ മുതലായ സൈറ്റുകളുടെ പ്രവർത്തനം എഫ്ബിഐ കഴിഞ്ഞ മാസം തടഞ്ഞിരുന്നു. ക്രോണോസ് മാൽവെയറിന്റെ അപ്ഡേറ്റഡ് പതിപ്പിനെക്കുറിച്ചു ഹച്ചിൻസിന്റെ സഹപ്രവർത്തകൻ ആൽഫാബേയിൽ നൽകിയ പരസ്യമാണോ അറസ്റ്റിലേക്കു നയിച്ചതെന്നും സംശയമുണ്ട്.

 താരമായത് ഇങ്ങനെ

വാനാക്രൈ വ്യാപനം തടയുന്ന ‘കിൽസ്വിച്ച്’ കണ്ടെത്തി. വാനാക്രൈ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു പ്രത്യേക വെബ്‍വിലാസം പരിശോധിക്കും. അതു നിലവിലില്ലെങ്കിൽ പ്രോഗ്രാം പ്രവർത്തിക്കും. ഇതു കണ്ടെത്തിയ ഹച്ചിൻസ് ഈ ഡൊമൈൻ വിലകൊടുത്തു വാങ്ങിയതോടെ വ്യാപനം തടയപ്പെട്ടു. ഈ കിൽസ്വിച്ച് വിദ്യയാണു ഹച്ചിൻസിനെ പ്രശസ്തനാക്കിയത്.

related stories