Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈക്കൂലി: സാംസങ് മേധാവിക്ക് അഞ്ചുവർഷം ജയിൽ

Lee Jae-yong

സോൾ∙ സാംസങ്ങിലെ അധികാരക്കൈമാറ്റം സുഗമമാക്കുന്നതിനു ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റിനു വൻ തുക കൈക്കൂലി നൽകിയ കേസിൽ സ്ഥാപനമേധാവി ലീ ജേയ് യോങ്ങിന് അഞ്ചുവർഷം ജയിൽ. മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയുടെ ഇംപീച്മെന്റിലേക്കു നയിച്ച രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ആറുമാസം നീണ്ട വിചാരണയ്ക്കു ശേഷമാണു വിധി.

പിതാവ് ലീ കുൻ ഹീയിൽനിന്നു കമ്പനി നേതൃത്വം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ പാര്‍ക്കിനും വിവാദ സുഹൃത്ത് ചോയി സൂണ്‍ സിലിനും ഏകദേശം 114 കോടി രൂപയാണു ലീ കൈക്കൂലി നല്‍കിയത്. ചോയിയുടെ മകളെ കുതിരയോട്ട മല്‍സരത്തില്‍ പരിശീലിപ്പിക്കുന്നതിന് 64 ലക്ഷം ഡോളർ സ്പോണ്‍സര്‍ഷിപായി നൽകിയതും ഇതില്‍പ്പെടും. കമ്പനിക്കു കീഴിലുള്ള രണ്ടു സ്ഥാപനങ്ങളുടെ ലയനം സാധ്യമാക്കി മേധാവിത്വം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. 49 വയസ്സുള്ള ലീയ്ക്ക് എതിരെ, വിദേശത്തെ സ്വത്തു മറച്ചുവച്ചതു‍ൾപ്പെടെ മറ്റു സാമ്പത്തിക കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.

അച്ഛന്റെ മകന്‍

സ്മാര്‍ട്ഫോണും ടിവിയും ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാതാക്കളായ സാംസങ് ദക്ഷിണ കൊറിയന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്ന്. കുടുംബവാഴ്ചയ്ക്കു പേരുകേട്ട കമ്പനിയിൽ ഇതാദ്യമായല്ല കേസും വിവാദവും. ലീ ജേയ് യോങ്ങിന്റെ പിതാവ് ലീ കുൻ ഹീ രണ്ടു പതിറ്റാണ്ടുമുൻപു സമാനമായ കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. സാംസങ് സാമ്രാജ്യം പടുത്തുയര്‍ത്തിയ അദ്ദേഹം ഒന്‍പതുവര്‍ഷം മുൻപു നികുതിവെട്ടിപ്പു കേസിലും പെട്ടെങ്കിലും ശിക്ഷ പലതവണ മാറ്റിവച്ചതു കൊണ്ടുമാത്രം തലയൂരി. ലീയുടെ മുത്തച്ഛന്‍ 1966ല്‍ ഒരു കള്ളക്കടത്തുകേസില്‍ പെട്ടിരുന്നു. അദ്ദേഹം നടത്തിയിരുന്ന വളംനിർമാണ കമ്പനിയെത്തന്നെ സര്‍ക്കാരിനു നൽകിയാണ് അന്നു ശിക്ഷ ഒഴിവാക്കിയത്.

നാണംകെടുത്തിയ വിചാരണ

പാര്‍ക്കിനും ചോയിക്കും കൈക്കൂലി നല്‍കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ലീ ജേയ് യോങ്ങിനു പക്ഷേ, വിചാരണ തുടങ്ങിയപ്പോള്‍ ശരിക്കും അടിപതറി. സാംസങ് കമ്പനി നടത്തിപ്പിനെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും അറിയില്ലെന്നാണു തപ്പിത്തടഞ്ഞുള്ള മറുപടികളിൽനിന്നു വ്യക്തമായത്. രാജ്യത്തെ വന്‍ശക്തിയായ കമ്പനിക്കെതിരെ നിയമ നടപടിക്കു തുനിഞ്ഞതു തന്നെ വിപ്ലവകരമായ മാറ്റമായാണു വിലയിരുത്തപ്പെടുന്നത്.