ആപ്പിളിന്റെ വിപ്ലവം: ടെൻ എന്ന വിസ്മയം

ന്യൂയോർക്ക് ∙ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ ടെൻ പുറത്തിറക്കി. കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്പേസ്ഷിപ് ക്യാംപസിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ‌ ഇന്നലെ നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ: ടിം കുക്കാണു ഫോൺ പുറത്തിറക്കിയത്. ഏകദേശം 63,000 രൂപയിലധികം വിലയുള്ള ഐഫോൺ ടെന്നിനൊപ്പം ആപ്പിൾ 8, ആപ്പിൾ 8 പ്ലസ് എന്നീ എഡിഷനുകളും പുറത്തിറക്കിയിട്ടുണ്ട്.

എയ്റോസ്പേസ് നിലവാരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. പുതിയ ഗ്ലാസ് ബാക്ക് പാനലുകൾ ഫോണുകൾക്കു പ്രത്യേക രൂപഭംഗി നൽകുന്നെന്നാണു ചടങ്ങിൽ പങ്കെടുത്തവരുടെ അഭിപ്രായം. പുതിയ ജനറേഷൻ (സീരീസ് 3) ആപ്പിൾ വാച്ചും ഫോർകെ ആപ്പിൾ ടിവിയും ഇന്നു നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. കമ്പനിയുടെ പത്താം വാർഷികം പ്രമാണിച്ചു പുറത്തിറക്കിയ ഐഫോൺ ടെന്നായിരുന്നു ചടങ്ങിലെ താരം. ആദ്യമായി ഇറങ്ങിയ ഐഫോണിനു ശേഷം ആ ശ്രേണിയിലെ ഏറ്റവും വലിയ വിപ്ലവമാണ് ടെന്നെന്നു ടിം കുക്ക് അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ തന്നെ ഹോംബട്ടണില്ലാത്ത എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണു പുതിയ ഐഫോണിൽ.

സ്റ്റെയിൻലെസ് സ്റ്റീലും ഗ്ലാസും ഉപയോഗിച്ചാണ് പുറംചട്ട. കൂടിയ റെസലൂഷൻ നൽകുന്ന സൂപ്പർ റെറ്റിന ഡിസ്പ്ലേയും പുതിയ ഐഫോണിനുണ്ട്. ഉപയോക്താവിന്റെ മുഖം തിരിച്ചറിയുന്ന ഫെയ്സ് ഐഡിയാണ് ‌ഐഫോൺ എക്സിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സുരക്ഷാ സംവിധാനം കബളിപ്പിക്കപ്പെടാനുള്ള സാധ്യത പത്തുലക്ഷത്തിൽ ഒന്നു മാത്രമാണെന്ന് ആപ്പിൾ അധികൃതർ പറയുന്നു. ഐഫോൺ സെവനെക്കാൾ‌ രണ്ടു മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് പുതിയ ഫോണിനുണ്ട്.