Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ അവസാന താവളവും പിടിച്ചു; ഐഎസ് തകർച്ച പൂർണതയിലേക്ക്

syria-school പാഠം ഒന്ന്, യുദ്ധമരുത്: സിറിയൻ വിമതരുടെ താവളമായ സഖ്ബയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടത്ത‍ിനുള്ളിലൂടെ നടക്കുന്ന കുട്ട‌ികൾ. ചിത്രം:എഎഫ്‌പി

ഡമാസ്കസ് ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാനത്തെ പ്രധാന താവളമായ അൽബു കമൽ നഗരം സിറിയൻ പട്ടാളം തിരിച്ചുപിടിച്ചു. രാജ്യത്തിന്റെ കിഴക്ക് മരുഭൂമിയോടു ചേർന്നുള്ള ഒറ്റപ്പെട്ട ചില ഐഎസ് കേന്ദ്രങ്ങൾകൂടി കീഴടക്കാനുള്ള അവസാനവട്ട പോരാട്ടത്തിലാണു തങ്ങളെന്നു സിറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

അൽബു കമൽ നഗരത്തിന്റെ മോചനം ഐഎസിന്റെ അന്ത്യത്തെക്കുറിച്ചു ശക്തമായ സൂചനയാണു നൽകുന്നതെന്നും സിറിയൻ സൈന്യം അവകാശപ്പെട്ടു. ഇറാഖിന്റെ അതിർത്തിയിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള അൽബു കമൽ പിടിക്കാനുള്ള പോരാട്ടത്തിൽ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചു.

പ്രസിഡന്റ് ബഷാർ അൽ അസദിനോടു കൂറുപുലർത്തുന്ന സിറിയൻ സൈന്യം കഴിഞ്ഞ രണ്ടുവർഷമായി ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ നിരന്തര യുദ്ധത്തിലായിരുന്നു. ഇതേസമയം, സിറിയയുടെ അവകാശവാദം മുഴുവനായി ശരിയല്ലെന്നും അൽബു കമലിൽ ഇപ്പോഴും പോരാട്ടം നടക്കുന്നുണ്ടെന്നും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.