Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈറ്റോണിയം: പദാർഥത്തിന്റെ പുതിയ രൂപം

ന്യൂയോർക്ക് ∙ പദാർഥത്തിന്റെ പുതിയരൂപമായ ‘എക്സൈറ്റോണിയം’ കണ്ടെത്തി. കലിഫോർണിയ സർവകലാശാല, ഇല്ലിനോയ് സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ടൈറ്റാനിയം ഡൈ സെലനൈഡ് ക്രിസ്റ്റലുകളിൽ നടത്തിയ പഠനമാണു പുതിയ കണ്ടുപിടിത്തത്തിനു വഴിവച്ചത്. എക്സൈറ്റോണുകൾ എന്ന കണങ്ങൾ നിറഞ്ഞതാണു പുതിയരൂപം.

അതിനൂതന സാങ്കേതികവിദ്യയായ മൊമന്റം റിസോൾവ്ഡ് ഇലക്ട്രോൺ എനർജി ലോസ് സ്പെക്ട്രോസ്കോപി എന്ന സാങ്കേതികവിദ്യയുപയോഗിച്ചാണു ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.

1960ൽ ഹാർവഡ് സർവകലാശാലയിലെ ഗവേഷകനും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ ബെർട് ഹാൽപെറിനാണ് എക്സൈറ്റോണിയത്തെപ്പറ്റി ആദ്യം പ്രവചിച്ചത്. തുടർന്ന് ഇതു കണ്ടെത്താനായി പലശ്രമങ്ങളും നടന്നിരുന്നു. ക്വാണ്ടം മെക്കാനിക്സുമായി ബന്ധപ്പെട്ടുള്ള മേഖലയിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതാണു കണ്ടുപിടിത്തമെന്നാണു ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം.

എക്സൈറ്റോൺ

ക്വാണ്ടം മെക്കാനിക്സ് പ്രകാരം എല്ലാ പദാർഥങ്ങളിലും രണ്ടു തരം ഊർജ ബാൻഡുകളുണ്ട്. വാലൻസ് ബാൻഡും കൺഡക്‌ഷൻ ബാൻഡും. വാലൻസ് ബാൻഡാണു ഊർജം കുറഞ്ഞ ബാൻഡ്. ഇതിൽ ധാരാളം ഇലക്ട്രോണുകളുമുണ്ടാകും. ഇതിൽ പാർശ്വങ്ങളിലെ ചില ഇലക്ട്രോണുകൾ ഊർജം നേടി കൺഡക്‌ഷൻ ബാൻഡിലേക്കു പോകും.

ഇതോടെ വാലൻസ് ബാൻഡിൽ‌ സുഷിരങ്ങൾ രൂപപ്പെടും. പോസിറ്റീവ് ചാർജുള്ള ഈ സുഷിരങ്ങൾ കൺഡക്‌ഷൻ ബാൻഡിലേക്കു ചാടിരക്ഷപ്പെട്ട നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണിനെ ആകർഷിച്ചുകൊണ്ടിരിക്കും. ഇവയുടെ ബന്ധനത്തിൽ രൂപപ്പെടുന്ന പുതിയ കണമാണ് എക്സൈറ്റോൺ.