Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയാർഥി കരാറിനു പുല്ലുവില; രോഹിൻഗ്യകളുടെ വീടുകൾ മ്യാൻമർ സൈന്യം കത്തിച്ചു

യാങ്കൂൺ ∙ രോഹിൻഗ്യ അഭയാർഥികളെ തിരിച്ചയ്ക്കുന്നതു സംബന്ധിച്ചു ബംഗ്ലദേശും മ്യാൻമറും കരാറിൽ ഒപ്പിട്ടു ദിവസങ്ങൾക്കുള്ളിൽ രോഹിൻഗ്യകളുടെ ഒട്ടേറെ വീടുകൾ മ്യാൻമർ സൈന്യം തീവച്ചുനശിപ്പിച്ചു. ഒക്ടോബറിലും നവംബറിലുമായി 40 രോഹിൻഗ്യ ഗ്രാമങ്ങളിലെ കെട്ടിടങ്ങൾ തകർത്തതായാണു സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്നു മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ രോഹിൻഗ്യകളുടെ 354 ഗ്രാമങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തിരുന്നു.

രണ്ടു മാസത്തിനുള്ളിൽ അഭയാർഥികൾക്കു ബംഗ്ലദേശിൽനിന്നു സ്വദേശത്തേക്കു തിരിച്ചു പോകാൻ അവസരമുണ്ടാക്കുമെന്നു വ്യവസ്ഥ ചെയ്യുന്ന കരാറാണു നവംബർ 23ന് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതിന്റെ മഷിയുണങ്ങും മുൻപേ, സൈന്യം അതിക്രമം കാട്ടിയതാണു മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ചത്. പൊതുജനങ്ങളുടെ കണ്ണിൽ പെടിയിടാനുള്ള തന്ത്രമായിരുന്നു കരാർ എന്നു മനുഷ്യാവകാശ സംഘടനയായ ഹ്യുമൻറൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. ഓഗസ്റ്റ് 25നു ശേഷമുണ്ടായ സൈനികാതിക്രമങ്ങളെത്തുടർന്ന് ആറരലക്ഷത്തിലധികം രോഹിൻഗ്യകൾ മ്യാൻമറിൽനിന്നു ബംഗ്ലദേശിലേക്കു പലായനം ചെയ്തെന്നാണു കണക്ക്.