Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 അഭയാർഥികളെ യൂറോപ്യൻ യൂണിയൻ സ്വീകരിക്കണം: ഇറ്റലി

റോം ∙ ലിബിയയിലെ അഭയാർഥി ക്യാംപുകളിലുള്ള 10,000 അഭയാർഥികൾക്കു വരുന്നവർഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഭയം നൽകണമെന്ന് ഇറ്റലി. യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 162 പേരടങ്ങുന്ന സംഘത്തെ ലിബിയയിൽനിന്നു സൈനിക വിമാനത്തിൽ റോമിൽ കൊണ്ടുവന്നശേഷം മാധ്യമ അഭിമുഖത്തിലാണ് ഇറ്റലി ആഭ്യന്തര മന്ത്രി മാക്രോ മിന്നിറ്റി വരും വർഷം കൂടുതൽ അഭയാർഥികളെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടിയത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള നാലുലക്ഷത്തോളം അഭയാർഥികൾ ലിബിയയിലുണ്ടെന്നാണു യുഎൻ അഭയാർഥി വിഭാഗം കണക്ക്. ഇതിൽ 36,000 പേർ കുട്ടികളാണ്. യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ ഇടത്താവളമാണു വർഷങ്ങളായി ലിബിയ. എന്നാൽ 2011ലെ ലിബിയൻ വിപ്ലവത്തിനുശേഷം ലിബിയയിലെ സ്ഥിതി വഷളായി. ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിക്കു സമീപം അഭയാർഥികളെ അടിമകളായി വിൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ വർഷം സിഎൻഎൻ ചാനൽ പുറത്തുവിട്ടിരുന്നു.