Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലമിലേക്ക് എംബസി മാറ്റുമെന്ന് ഗ്വാട്ടിമാല

ഗ്വാട്ടിമാല സിറ്റി∙ യുഎസിനെ പിന്തുടർന്നു മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയും ജറുസലമിലേക്ക് എംബസി മാറ്റാൻ നടപടികൾ ആരംഭിച്ചു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനത്തെ അനുകൂലിച്ച് ഐക്യരാഷ്ട്ര സംഘടനാ (യുഎൻ) പൊതുസഭയിൽ വോട്ട് ചെയ്തതിനു പിന്നാലെയാണ് എംബസി മാറ്റം ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മോറാലീസ് പ്രഖ്യാപിച്ചത്.

‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,’ തീരുമാനം സ്വാഗതം ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മറ്റു രാജ്യങ്ങളും യുഎസ് പ്രഖ്യാപനം പിന്തുടരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഗ്വാട്ടിമാലയുടെ പ്രസിഡന്റ് സ്വന്തം രാജ്യത്തെ ചരിത്രത്തിന്റെ തെറ്റായ പക്ഷത്തേക്കു വലിച്ചിഴയ്ക്കുകയാണെന്നു പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കി പറഞ്ഞു. നിലവിൽ എല്ലാ രാജ്യങ്ങളുടെയും എംബസികൾ പ്രവർത്തിക്കുന്നതു ടെൽ അവീവിലാണ്.

പത്തോളം രാജ്യങ്ങളുമായി ഇസ്രയേൽ എംബസി മാറ്റം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അവതരിപ്പിച്ച പ്രമേയം യുഎൻ പൊതുസഭ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. 128 രാജ്യങ്ങൾ അനുകൂലിച്ച പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്ത എട്ടു രാജ്യങ്ങളിലൊന്നാണു ഗ്വാട്ടിമാല.

ആഭ്യന്തര കലാപത്തിലും ദാരിദ്ര്യത്തിലും ഉഴറുന്ന ഗ്വാട്ടിമാല വൻതോതിൽ യുഎസ് സഹായം സ്വീകരിക്കുന്നുണ്ട്. യുഎസിനൊപ്പം നിന്നില്ലെങ്കിൽ സഹായം റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഓസ്ട്രേലിയയും കാനഡയും മെക്‌സിക്കോയും പോളണ്ടും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നിരുന്നു. 2016ൽ ഗ്വാട്ടിമാലയുടെ പ്രസിഡന്റായ ജിമ്മി മോറാലീസും ട്രംപിനെ പോലെ ടിവി അവതാരകനായിരുന്നു. പലസ്തീൻ മേഖലയിലും അറബ് ലോകത്തും വൻപ്രതിഷേധമുണ്ടാക്കിയ ട്രംപിന്റെ വിവാദ പ്രഖ്യാപനം ഡിസംബർ ആറിനായിരുന്നു.