Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമർ: കൊലക്കുറ്റത്തിന് ആറു സൈനികർക്ക് 10 വർഷം കഠിനതടവ്

യാങ്കൂൺ∙ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ആറു സൈനികരെ 10 വർഷം കഠിനതടവിനു മ്യാൻമറിലെ സൈനിക കോടതി ശിക്ഷിച്ചു. യുദ്ധമേഖലയായ കച്ചിൻ പ്രവിശ്യയിലാണു കേസിനാധാരമായ സംഭവം നടന്നത്. കഴിഞ്ഞ ഏഴു വർഷമായി കച്ചിൻ വിമതസേനയും മ്യാൻമർ സൈന്യവും തമ്മിൽ യുദ്ധത്തിലാണ്.

സംഘർഷം മൂലം മേഖലയിൽനിന്നു പലായനം ചെയ്ത ഒരു ലക്ഷം പേർ അഭയാർഥി ക്യാംപുകളിലാണു കഴിയുന്നത്. അഭയാർഥി ക്യാംപിൽനിന്ന് വനത്തിൽ വിറകു ശേഖരിക്കാൻ പോയ അഞ്ചുപേരെ സൈനികർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരിൽ രണ്ടുപേരെ പിന്നീടു വിട്ടയച്ചെങ്കിലും മൂന്നുപേരുടെ മൃതദേഹങ്ങളാണു ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്.

പ്രതികൾ കുറ്റം സമ്മതിച്ചു. സൈനിക അതിക്രമം പതിവായ മ്യാൻമറിൽ പക്ഷേ, സൈനികരെ ശിക്ഷിക്കുന്നത് അസാധാരണമാണ്.