Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സസിൽ ‘ഷെറിൻ നിയമം’ വരുന്നു; കുട്ടിയെ വീട്ടിൽ തനിച്ചാക്കുന്നത് അതീവ ഗുരുതര കുറ്റമാക്കും

Sherin Mathews

ഹൂസ്റ്റൺ∙ മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ ദാരുണ മരണം യുഎസിൽ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പുതിയൊരു നിയമത്തിന്റെ പിറവിക്കു കാരണമാകുന്നു. കൊച്ചു കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

നിർദിഷ്ട നിയമത്തിനു ‘ഷെറിൻ നിയമം’ എന്നു തന്നെ പേരു നൽകിയേക്കും. മലയാളി ദമ്പതികൾ ബിഹാറിലെ അനാഥാലയത്തിൽനിന്നു ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറിൽ ഡാലസിൽ റിച്ചഡ്സണിലെ വീട്ടിൽനിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തി.

ദുരൂഹസാഹചര്യത്തിൽ കുട്ടി മരിച്ച കേസിൽ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്‌ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്‌ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്‌ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലിൽ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു ‘ഷെറിൻ നിയമം’ കൊണ്ടുവരുവാൻ അധികൃതർക്കു പ്രേരണയായത്. വീട്ടിൽ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല.

related stories