Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടനെത്തും, വർഷങ്ങളായി കാത്തിരുന്ന ആ കത്തുകൾ...; പോസ്റ്റ്മാൻ വീട്ടിൽ സൂക്ഷിച്ചത് അര ടൺ എഴുത്തുകൾ

റോം∙ വർഷങ്ങളായി കത്തുകളെല്ലാം പോയിരുന്നത് ഒരേ സ്ഥലത്തേക്കായിരുന്നു; പോസ്റ്റ്മാന്റെ സ്വന്തം ഗോഡൗണിലേക്ക്. ഒടുവിൽ കണ്ടെടുക്കുമ്പോൾ അര ടണ്ണിലേറെയുണ്ടായിരുന്നു കത്തുകളും ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും അറിയിപ്പു കാർഡുകളുമെല്ലാമടങ്ങിയ വൻശേഖരം. 2010ലെ തിരഞ്ഞെടുപ്പു പ്രചാരണ പത്രികപോലും ഇതിലുണ്ട്.

ഇറ്റലിയിലെ വിസൻസയിലാണു വിലാസക്കാരനെ ശല്യപ്പെടുത്താതെ എല്ലാ തപാൽ ഉരുപ്പടികളും പോസ്റ്റ്മാൻ വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചത്. ഗോഡൗൺ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണു 43 പെട്ടികളിലായി തിങ്ങിനിറഞ്ഞ തപാലുകൾ കണ്ടു പൊലീസിനെ വിവരമറിയിച്ചത്. നേപ്പിൾസ് സ്വദേശിയായ അൻപത്താറുകാരനായ പോസ്റ്റ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ളവയാണെങ്കിലും കത്തുകളെല്ലാം വിലാസക്കാർക്ക് എത്തിക്കാനുള്ള ശ്രമത്തിലാണു തപാൽ വകുപ്പ് അധികൃതർ.