Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർപാപ്പയെ പുകഴ്ത്തി ചൈനീസ് പത്രം; നയതന്ത്രബന്ധം പുനഃസ്ഥാപിച്ചേക്കും

Pope China ഷി ചിൻപിങ്, ഫ്രാന്‍സിസ് മാർപാപ്പ

ബെയ്ജിങ് / ഹോങ്കോങ് ∙ ചൈനയും വത്തിക്കാനും തമ്മിൽ നയതന്ത്ര ബന്ധം അനിവാര്യമെന്നു ചൈനീസ് പത്രങ്ങൾ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവേകവും ജ്ഞാനവും ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ളതുകൊണ്ട് ഇരുരാജ്യങ്ങളും ഔദ്യോഗികമായി നയതന്ത്രബന്ധം വൈകാതെ പുനരാരംഭിക്കുമെന്നു ചൈനയിൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പത്രം റിപ്പോർട്ട് ചെയ്തു.

ചൈനയിൽ വത്തിക്കാൻ മെത്രാന്മാരെ നിയമിക്കുന്നതു സർക്കാർ അനുവദിക്കാത്തതിനാൽ കത്തോലിക്കാ സഭ 70 വർഷമായി രഹസ്യമായാണു പ്രവർത്തിക്കുന്നത്. ഏറെ വിവാദമായ ഈ വിഷയത്തിൽ ചൈനാ സർക്കാരുമായി വത്തിക്കാൻ ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, ചൈനയിലെ സർക്കാരുമായുണ്ടാക്കുന്ന ഏതു ധാരണയും വിശ്വാസികളെ കൂട്ടിലടയ്ക്കുന്നതിനു തുല്യമാണെന്നു ഹോങ്കോങ്ങിലെ മുൻ ബിഷപ്പും ചൈനയുടെ കടുത്ത വിമർശകനുമായ കാർഡിനൽ ജോസഫ് സെൻ പറഞ്ഞു.

ചൈന കമ്യുണിസ്റ്റ് ഭരണത്തിലായതിനെ തുടർന്നാണു ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച തർക്കത്തിൽ കത്തോലിക്കാ സഭയുമായി ഇടഞ്ഞത്. മിഷനറിമാരെ മുഴുവൻ പുറത്താക്കിയ കമ്യൂണിസ്റ്റ് സർക്കാർ, കത്തോലിക്കാ സഭയ്ക്കു നിരോധനമേർപ്പെടുത്തി. മാർപാപ്പയെ അംഗീകരിക്കാത്തതും സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായ കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ ഔദ്യോഗിക സഭയായി.

കത്തോലിക്കാ വിശ്വാസികൾ ഒളിവിൽ പോയി. അവർ രഹസ്യമായി ആചാരങ്ങളും വിശ്വാസവും പിന്തുടരുന്നു. ഒരു കോടിയിലേറെ കത്തോലിക്കർ ചൈനയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വിശ്വാസത്തിന്റെ പേരിൽ അവർ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ചു ധാരണയിലെത്താനായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ എളുപ്പമാകും.

വത്തിക്കാൻ നിയമിച്ച എൺപത്തേഴുകാരനായ ബിഷപ് വിരമിച്ച്, സർക്കാരിന്റെ പിന്തുണയുള്ള ബിഷപ്പിനെ ചൈനയിലെ സഭയുടെ തലവനായി വത്തിക്കാൻ അംഗീകരിച്ചേക്കും. വത്തിക്കാൻ നിയമിക്കുന്ന മറ്റൊരു ബിഷപ് അദ്ദേഹത്തിന്റെ സഹായിയാകും. സഭയ്ക്കു പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും. ബിഷപ് നിയമന കരാറിൽ ഇരുരാജ്യങ്ങളും അടുത്തയാഴ്ച ഒപ്പുവച്ചേക്കും.

ചൈനയിൽ ആരാധനാസ്വാതന്ത്ര്യം തദ്ദേശീയ സഭയ്ക്കു മാത്രം

ചൈനയുമായി നയതന്ത്ര ബന്ധമില്ലാത്ത ഏക യൂറോപ്യൻ രാജ്യമാണു വത്തിക്കാൻ. 1949ലെ കമ്യൂണിസ്‌റ്റ് വിപ്ലവത്തെ തുടർന്ന് 1951ൽ വത്തിക്കാൻ ബന്ധം ചൈന വിച്‌ഛേദിച്ചു. മാർപാപ്പയോടു കൂറുപുലർത്തുന്നവരും അദ്ദേഹത്തിന്റെ മേൽക്കോയ്‌മ അംഗീകരിക്കാത്തവരുമായി രണ്ടു വിഭാഗം കത്തോലിക്കാ വിശ്വാസികളാണു ചൈനയിലുള്ളത്.

വത്തിക്കാൻ ബന്ധമില്ലാത്ത തദ്ദേശീയ കത്തോലിക്കാ സഭയ്‌ക്കു മാത്രമേ ചൈന പൊതു ആരാധനാസ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ളൂ. മാർപാപ്പയോടു കൂറുപുലർത്തുന്ന ഭൂരിപക്ഷ വിഭാഗത്തിനു വസതികളിൽ പ്രാർഥന നടത്താനേ കഴിയൂ.