Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുയാത്രകൾക്ക് ഇനി ഓട്ടോണമസ് പോഡ്: ആദ്യ പരീക്ഷണം ദുബായിൽ

autonomus-pods ഓട്ടോണമസ് പോഡുകൾ

ദുബായ് ∙ ചെറിയ യാത്രകൾക്കുള്ള സ്വയംനിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം തുടങ്ങി. സ്മാർട് ദുബായ് പദ്ധതിയോടനുബന്ധിച്ചു സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യാന്തര സർക്കാർ ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു പോഡുകളുടെ പരീക്ഷണയോട്ടം. ഓട്ടോണമസ് പോഡുകളുടെ രണ്ടു കംപാർട്മെന്റുകളാണു ദുബായിൽ എത്തിച്ചത്.

നിർദിഷ്ട പാതകളിലൂടെയായിരിക്കും ഇവയുടെ സഞ്ചാരം. യാത്രയ്ക്കിടയിൽ ഇത്തരം വാഹനങ്ങൾ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കും. മൊബൈൽ വഴി യാത്രക്കാർ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യണം. ബുക്കിങ് റഫറൻസിനൊപ്പം ലഭിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ വാഹനത്തിൽ കയറാൻ സാധിക്കൂ. യാത്രയ്ക്കിടയിൽ ഏതു പോഡിലേക്കു മാറിക്കയറണം എന്നതു സംബന്ധിച്ചും യാത്രക്കാർക്കു മൊബൈലിൽ നിർദേശം ലഭിക്കും. ഒരു കംപാർട്മെന്റിൽ ആറു സീറ്റുകളാണുണ്ടാകുക. പത്തുപേർക്കു യാത്ര ചെയ്യാം.

ബാറ്ററിയിലാണു പ്രവർത്തനം. ഒരു തവണ ചാർജ് ചെയ്താൽ തുടർച്ചയായി മൂന്നുമണിക്കൂർ സഞ്ചരിക്കാം. 20 കിലോമീറ്ററായിരിക്കും പരമാവധി വേഗം. 3ഡി ക്യാമറകൾ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് വാഹനം നിയന്ത്രിക്കുന്നത്. യുഎസിൽനിന്നുള്ള നെക്സ്റ്റ് ഫ്യൂച്ചർ ട്രാൻസ്പോർട്ടേഷനാണ് ഓട്ടോണമസ് പോഡ് ദുബായിൽ അവതരിപ്പിച്ചത്.