Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ട 13 റഷ്യക്കാർക്കെതിരെ കുറ്റപത്രം

us election 2016

വാഷിങ്ടൻ∙ സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതിനു 13 റഷ്യൻ പൗരൻമാർക്കും മൂന്നു റഷ്യൻ കമ്പനികൾക്കുമെതിരെ, യുഎസ് സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ കുറ്റം ചുമത്തി. ഡോണൾഡ് ട്രംപിന് അനുകൂലമായും ഹിലറി ക്ലിന്റന് എതിരായും കുറ്റാരോപിതർ നടത്തിയ പ്രചാരണങ്ങൾ യുഎസ് ജനതയിൽ ഭിന്നത വളർത്താനും ജനാധിപത്യത്തിൽ അവർക്കുള്ള വിശ്വാസം തകർക്കാനും ഉദ്ദേശിച്ചായിരുന്നുവെന്നു മുള്ളർ കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടില്ല.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് ആസ്ഥാനമായ കമ്പനി ഇന്റർനെറ്റ് റിസർച്ച് ഏജൻസി (ഐആർഎ)യാണ്. കുറ്റാരോപിതരായ 12 റഷ്യക്കാരും ഐആർഎയുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചത്. റഷ്യൻ പൗരനായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷിനാണു വിവിധ വ്യാജക്കമ്പനികളിലൂടെ ഇതിനെല്ലാം പണം മുടക്കിയത്. ചെലവിനായി ലക്ഷക്കണക്കിനു ഡോളർ വകയിരുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ യുഎസ് പൗരൻമാരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചു തിരഞ്ഞെടുപ്പു പരസ്യങ്ങളും നൽകി. റഷ്യാബന്ധം മൂലമാണു ട്രംപ് തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണു ഡ‍മോക്രാറ്റുകളുടെ പ്രധാന ആരോപണം.

റഷ്യ ചെയ്തത്

യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാനായി 2014ൽ റഷ്യ പദ്ധതികളാരംഭിച്ചു. യുഎസ് രാഷ്ട്രീയത്തെ സ്വാധീനിക്കാനാവശ്യമായ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ രണ്ടു റഷ്യക്കാർ 2014ൽ യുഎസിലെ പത്തോളം സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. തുടർന്നു ട്രാൻസ്‍ലേറ്റർ പ്രോജക്ട് എന്ന പേരിൽ ഐആർഎ 2016 ജൂലൈയിൽ 80ലേറെ ജീവനക്കാരെ നിയോഗിച്ചു.

ഹിലറി വിരുദ്ധ രാഷ്ട്രീയ പ്രചാരണം നടത്താനും റാലികൾ സംഘടിപ്പിക്കാനും റഷ്യൻസംഘം ഫെയ്സ് ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ യുഎസ് പൗരൻമാരുടെ പേരുകളിൽ നൂറുകണക്കിന് അക്കൗണ്ടുകൾ ആരംഭിച്ചു. ഇവരുടെ ഇടപെടൽ യുഎസിൽ നിന്നു തന്നെയാണെന്നു തോന്നിപ്പിക്കുന്നതിനായി, യുഎസ് സെർവറുകൾ വിലയ്ക്കെടുത്തായിരുന്നു ഇത്. ഈ പേജുകളിലൂടെ സ്വാധീനത്തിലായ അമേരിക്കക്കാർ വഴി രാഷ്ട്രീയ റാലികൾ അടക്കം സംഘടിപ്പിച്ചു. ഇതിനു പണവും നൽകി. എന്നാൽ പണം പറ്റുന്നതു റഷ്യക്കാരിൽനിന്നാണെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞതുമില്ല.

തിരഞ്ഞെടുപ്പു പ്രചാരണകാലത്തു തുറന്ന ട്രക്കിൽ അഴികളുള്ള വലിയ കൂട് പണിത്, അതിനുള്ളിൽ തടവുവേഷത്തിൽ ഹിലറി ക്ലിന്റനായി വേഷം കെട്ടിയ ഒരാളെ നിർത്തിയുള്ള പ്രചാരണം വരെ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷം നിയുക്ത പ്രസിഡന്റ് ട്രംപിന് അനുകൂലമായും പ്രതികൂലമായും പ്രകടനങ്ങൾ നടത്തിച്ചു. ന്യൂയോർക്കിൽ ഒരേ ദിവസം തന്നെ കുറ്റാരോപിതർ ട്രംപിന് അനുകൂലമായും പ്രതികൂലമായും റാലി സംഘടിപ്പിച്ചു. 

ഡോണൾഡ് ട്രംപ്, യുഎസ് പ്രസിഡന്റ്

‘2014ലാണു റഷ്യ, യുഎസ് വിരുദ്ധ പ്രചാരണം തുടങ്ങിയത്. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്കു സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു വളരെ മുൻപാണത്. തിരഞ്ഞെടുപ്പുഫലം സ്വാധീനിക്കപ്പെട്ടിട്ടില്ല. ട്രംപ് പ്രചാരണസംഘം ഒരു തെറ്റും ചെയ്തിട്ടില്ല, ഗൂഢാലോചനയുമില്ല.’