Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ സൈനിക താവള പദ്ധതി: വിവാദക്കടലിൽ സെയ്ഷൽസ് ദ്വീപ്

modi പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ സെയ്ഷൽസ് ദ്വീപ് സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം).

വിക്ടോറിയ (സെയ്ഷൽസ്)∙ അസംപ്ഷൻ ദ്വീപിൽ ഇന്ത്യ സൈനിക താവളം നിർമിക്കുമെന്ന വാർത്തകൾക്കൊപ്പം വിവാദങ്ങളും. ഇന്ത്യൻ സേനയ്ക്കായി ദ്വീപു കൈമാറാൻ സെയ്ഷൽസ് ഭരണകൂടത്തിനു സമ്മതമാണെങ്കിലും ജനങ്ങൾക്ക് എതിർപ്പുള്ളതായാണു സൂചന.  ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്കുണ്ടാകുമെന്നും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമാണു പ്രധാന ആശങ്ക. വിദേശരാജ്യത്തിന്റെ സൈനിക താവളം സെയ്ഷൽസുകാരുടെ ദേശസ്നേഹത്തെ വ്രണപ്പെടുത്തുമെന്നും വിമർശകർ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ സെയ്ഷൽസ് സന്ദർശിച്ചപ്പോഴാണ് അസംപ്ഷനിൽ 30 വർഷത്തേക്കു സൈനിക താവളത്തിനു കരാർ ഒപ്പിട്ടത്. ഇന്ത്യാ സമുദ്രത്തിൽ സൈനികക്കരുത്തു വർധിപ്പിക്കാൻ താവളത്തിനായി ഇന്ത്യ 55 കോടി ഡോളർ മുതൽമുടക്കും. സെയ്ഷൽസിനും തുല്യഅധികാരമുണ്ടെന്നാണു വ്യവസ്ഥ. രണ്ടുവർഷം മുൻപു കരാർ ആയെങ്കിലും തുടർനടപടികൾ സാവധാനത്തിലായി. ഭേദഗതികളോടെയുള്ള പുതിയ കരാർ ജനുവരി 27ന് ഒപ്പിട്ടു. 

ആണവ ആവശ്യങ്ങൾക്കായോ ആയുധശേഖരണത്തിനായോ ദ്വീപ് ഉപയോഗിക്കരുതെന്ന പുതിയ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സെയ്ഷൽസ് അറ്റോർണി ജനറൽ ഫ്രാങ്ക് അലൈ പറഞ്ഞു. 

ജനവാസമേഖലയല്ലാത്ത അസംപ്ഷൻ ദ്വീപിൽ ഇപ്പോഴുള്ളതു പോസ്റ്റോഫിസും വിമാനമിറങ്ങാനുള്ള സംവിധാനവും മാത്രമാണ്. കഷ്ടിച്ച് ഏഴു കിലോമീറ്റർ നീളമുള്ള ദ്വീപിൽനിന്നു മൊസാംബിക് ചാനൽ പ്രദേശത്തെ കപ്പലുകളെ നിരീക്ഷിക്കാനാകും. രാജ്യാന്തര വ്യാപാരത്തിലെ കപ്പൽച്ചരക്കിൽ ഏറിയ പങ്കും ഈ വഴിയാണു കടന്നുപോകുന്നത്. അസംപ്ഷനിൽ സൈനിക താവളം വന്നാൽ ഇന്ത്യൻ വാണിജ്യക്കപ്പലുകൾ സുരക്ഷിതമായിരിക്കുമെന്ന ഗുണവുമുണ്ട്. 

അനധികൃത മീൻപിടിത്തവും ലഹരിക്കടത്തും നിയന്ത്രിക്കാൻ സെയ്ഷൽസ് തീരസേനയ്ക്കും സൈനികതാവളം പ്രയോജനപ്പെടും. എന്നാൽ, അസംപ്ഷൻ ദ്വീപിനടുത്തു ഭീമൻ ആമകളുടെ ആവാസമേഖലയുള്ള കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതിസ്നേഹികൾ രംഗത്തുണ്ട്.  യുനെസ്കോ പൈതൃകകേന്ദ്രമായി അംഗീകരിച്ചിട്ടുള്ള ഈ പ്രദേശത്തിനു സൈനിക താവളം ഭീഷണിയാകുമെന്നാണു വിമർശനം.