Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരമൊപ്പും നറുപുഞ്ചിരി; ഫ്രാൻസിസ് മാർപാപ്പ ചുമതലയേറ്റിട്ട് ഇന്ന് അഞ്ചുവർഷം പൂർത്തിയാകുന്നു

റോം∙ സാന്ത്വനത്തിന്റെ നറുപുഞ്ചിരിയുമായി, ആത്മാവിന്റെ അടിത്തട്ടിൽനിന്ന് ഊറിവരുന്ന കനിവിന്റെ സ്വരം. ലോകം കരയുമ്പോൾ അതു വിഷാദത്തിന്റെ ഗദ്ഗദമാകും. ആ കണ്ണുകളും നിറഞ്ഞുതുളുമ്പും. ഫ്രാൻസിസ് മാ‍ർപാപ്പയെ ഇക്കഴിഞ്ഞ അഞ്ചുവർഷം നമ്മൾ കണ്ടത് ഇങ്ങനെയാണ്. ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള വിദ്വേഷങ്ങളുടെ മുറിവുണക്കാൻ മധ്യസ്ഥനായി എന്നും ഓടിയെത്തുന്ന പാവങ്ങളുടെ മാർപാപ്പ ലോകത്തിനു പ്രതീക്ഷയുടെ വിളക്കുമരം.

അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ് കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് ആണു ഫ്രാൻസിസ് മാർപാപ്പയായത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരു സ്വീകരിച്ച ആദ്യ മാർപാപ്പ. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും.

ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷം ചിത്രങ്ങളിലൂടെ >>

മധ്യസ്ഥനായും സാന്ത്വന സന്ദേശം പകർന്നും ലോകം ചുറ്റാനായി ഈ എൺപത്തിയൊന്നാം വയസ്സിലും ഉന്മേഷത്തോടെ പുറപ്പെടുന്ന മാർപാപ്പയുടെ ഇടപെടലുകൾ കഴിഞ്ഞ അഞ്ചു വർഷത്തെ ലോകരാഷ്ട്രീയത്തിൽ നിർണായക ഘടകമായിട്ടുണ്ട്. ക്യൂബയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചത് അദ്ദേഹമാണ്. അഭയാർഥികളോടു മുഖംതിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു; ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ശാസ്ത്രനിരീക്ഷണങ്ങൾ തള്ളിക്കളയാനാവില്ലെന്നു പ്രഖ്യാപിച്ചു. വത്തിക്കാനെ അംഗീകരിക്കാത്ത ചൈനയുടെ പോലും പ്രശംസ നേടി. റഷ്യൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തിയതു സഭാ പിളർപ്പിന്റെ മുറിവുണക്കാനുള്ള ചരിത്രപ്രധാനമായ ശ്രമമായിരുന്നു.

ഇറ്റാലിയൻ റെയിൽവേ ജീവനക്കാരന്റെ അഞ്ചു മക്കളിൽ ഒരാളായി 1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണു ജനനം. 1969 ഡിസംബർ 13ന് ഈശോസഭ (ജെസ്യൂട്ട്) വൈദികനായി തുടക്കം. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പായി. 2001ൽ കർദിനാളായി. ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പായിരിക്കുമ്പോൾ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്‌മെന്റിൽ താമസിച്ചു. സാധാരണക്കാർക്കൊപ്പം പൊതുവാഹനങ്ങളിൽ സഞ്ചരിച്ചു. കത്തോലിക്കാ സഭയുടെ ഇടയനായി ലോകത്തിന്റെ മുഴുവൻ ആദരപുരുഷനാകുമ്പോഴും അസീസ്സിയിലെ ഫ്രാൻസിസിനെപ്പോലെ വിനയത്തിന്റെ തേജോമയ രൂപം.