Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിലേഴ്സണെ ട്രംപ് പുറത്താക്കി; മൈക്ക് പോംപി പുതിയ സ്റ്റേറ്റ് സെക്രട്ടറി

haspel-tillerson റെക്സ് ടിലേഴ്സണ്‍, ജിന ഹാസ്പൽ, മൈക്ക് പോംപി

വാഷിങ്ടൻ∙ ഏറെനാൾ നീണ്ട ‘ശീതയുദ്ധ’ത്തിനൊടുവിൽ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സണെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടർ മൈക്ക് പോംപിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. ജിന ഹാസ്പൽ ആണു പുതിയ സിഐഎ മേധാവി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാകും നിലവി‍ൽ ഡപ്യൂട്ടി ഡയറക്ടറായ ജിന.

റഷ്യയോടും ഉത്തര കൊറിയയോടുമുള്ള നിലപാട് ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ടിലേഴ്സണും ട്രംപും തമ്മിൽ ഭിന്നതകളുണ്ടായിരുന്നു. പെന്റഗണിൽ നടന്ന ഒരു യോഗത്തിൽ ടിലേഴ്സൺ ട്രംപിനെ ‘അൽപബുദ്ധി’ എന്നു വിശേഷിപ്പിച്ചുവെന്നു വരെ വാർത്ത വന്നു.

രാജിവയ്ക്കുകയാണെന്ന അഭ്യൂഹം പരന്നപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ അതു നിഷേധിച്ചു ടിലേഴ്സൺ പത്രസമ്മേളനം നടത്തിയെങ്കിലും അൽപബുദ്ധി പ്രയോഗം നടത്തിയെന്ന കാര്യം നിഷേധിച്ചില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു ടിലേഴ്സൺ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. തുടക്കത്തിൽ ട്രംപിന്റെ വിശ്വസ്തനായിരുന്നു ടിലേഴ്സൺ.

ആളുവാഴാ വൈറ്റ്ഹൗസ്!

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇതുവരെ ഡസനിലധികം മുതിർന്ന ഉദ്യോഗസ്ഥർ രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അഭിപ്രായഭിന്നത തുറന്നുപറഞ്ഞും ട്രംപിനെ രൂക്ഷമായി വിമർശിച്ചും ഒഴിഞ്ഞുപോയവുരും ട്രംപ് തന്നെ പുറത്താക്കിയവരുമുണ്ട് ഇക്കൂട്ടത്തിൽ. ട്രംപിന്റെ വിശ്വസ്തരും വലംകൈ ആയിരുന്നവരുമൊക്കെയുണ്ട് ‘സഹികെട്ട്’ വിട്ടുപോയവരിൽ.

∙ 2018 ഫെബ്രുവരി: യുഎസ് ജസ്റ്റിസ് വകുപ്പിന്റെ തലപ്പത്തു മൂന്നാം സ്ഥാനത്തു വരുന്ന അസോഷ്യേറ്റ് അറ്റോർണി ജനറൽ റേച്ചൽ ബ്രാൻഡ് രാജിവച്ചു.

∙ 2017 സെപ്റ്റംബർ: ട്രംപിന്റെ വലംകൈയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കീത്ത് ഷില്ലർ രാജിവച്ചു.

∙ ഓഗസ്റ്റ്: മുതിർന്ന ഉപദേശകൻ സെബാസ്റ്റ്യൻ ഗോർക്ക പുറത്ത്. വൈറ്റ് ഹൗസ് പ്രധാന ഉപദേശകൻ സ്റ്റീവ് ബാനനെ പുറത്താക്കി. വൈറ്റ് ഹൗസ് വാർത്താവിനിമയ വിഭാഗം തലവൻ ആന്റണി സ്കരാമുച്ചിയെ പുറത്താക്കി.

∙ ജൂലൈ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ൻസ് പ്രിബസിനെ പുറത്താക്കി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്പൈസർ രാജിവച്ചു.

∙ മേയ്: എഫ്ബിഐ മേധാവി ജെയിംസ് കോമിയെ നീക്കം ചെയ്തു. വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മൈക്ക് ഡ്യൂബ്കെ ഉദ്യോഗസ്ഥ തർക്കങ്ങൾ കാരണം രാജിവച്ചു. എഫ്ബിഐ മേധാവി ജെയിംസ് കോമിയെ നീക്കം ചെയ്തു.

∙ ഏപിൽ: ഇന്ത്യൻ വംശജനായ സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി.

∙ മാർച്ച്: ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്ട് അറ്റോർണി. പ്രീത് ഭരാരയെ പുറത്താക്കി. ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കാറ്റി വാൽഷ് രാജിവച്ചു.

∙ ഫെബ്രുവരി: ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്സിനെ പുറത്താക്കി ദേശീയസുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്കിൾ ഫ്ലിൻ രാജിവച്ചു.

∙ ജനുവരി: ആക്ടിങ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഡയറക്ടർ ഡാനിയേൽ റാഗ്ഡേയ്‍ലിനെ പുറത്താക്കി.