Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീൻ പ്രധാനമന്ത്രിക്ക് നേരെ ഗാസയിൽ വധശ്രമം

Rami Hamdallah 1. ഗാസയിലെത്തിയ പലസ്തീൻ പ്രധാനമന്ത്രി റമി അൽ ഹംദല്ലയെ സ്വീകരിക്കുന്ന ഹമാസ് ഉന്നതാധികാരി തൗഫിക് അബു നയിം. 2. സ്ഫോടനം നടന്നയിടത്തെ പരിശോധന പുരോഗമിക്കുന്നു

ഗാസ∙ ഗാസ മുനമ്പിൽ അഴുക്കുചാൽ പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പലസ്തീൻ പ്രധാനമന്ത്രി റമി അൽ ഹംദല്ല വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടു. വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോംബ്, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു ഹമാസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു ഫത്താ പാർട്ടി ആരോപിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു ഗാസ നിയന്ത്രിക്കുന്ന ഹമാസ് അറിയിച്ചു.

ശത്രുത വെടിയാൻ പലസ്തീൻ സംഘടനകളായ ഹമാസും ഫത്തായും ഈയിടെ കയ്റോയിൽ ഒപ്പുവച്ച കരാർ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു വധശ്രമമെന്നു പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ഹംദല്ലയുടെ വാഹനവ്യൂഹത്തിലെ മൂന്നു വാഹനങ്ങൾക്കു സ്ഫോടനത്തിൽ കേടുപറ്റി. ഒരു വാഹനത്തിൽ രക്തക്കറകളും കാണാമായിരുന്നു. എന്നാൽ സ്ഫോടനം കഴിഞ്ഞ് അൽപസമയത്തിനുള്ളിൽ തന്നെ ഹംദല്ല അക്ഷോഭ്യനായി അഴുക്കുചാൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വധശ്രമത്തെ പരാമർശിച്ച്, സമാധാനശ്രമങ്ങളെ അട്ടിമറിക്കാൻ ഇതുകൊണ്ടു കഴിയില്ലെന്നും ഇനിയും ഗാസയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന്റെ നേതൃത്വത്തിൽ പലസ്തീൻ സമാധാന സമ്മേളനം ചേരാനിരുന്ന ദിവസം തന്നെയാണു പലസ്തീൻ പ്രധാനമന്ത്രിക്കു നേരെ വധശ്രമം നടന്നത്. വെസ്റ്റ് ബാങ്ക് ആസ്ഥാനമായ പലസ്തീൻ അതോറിറ്റി ഭരിക്കുന്നതു ഫത്തായാണ്; ഹമാസിന്റെ നിയന്ത്രണത്തിലുള്ളതു ഗാസയും. 2007ൽ ആണു ഫത്തായിൽനിന്നു ഗാസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്.

വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേൽ അധിനിവേശത്തിനെതിരെ ജനകീയപോരാട്ടം നയിച്ചുകൊണ്ടാണ് 1987ൽ ഹമാസ് രൂപീകൃതമായത്. പലസ്തീൻ ജനതയ്ക്കു സ്വന്തം രാഷ്ട്രമെന്ന ലക്ഷ്യവുമായി 1950കളിൽ യാസർ അറഫാത്ത് സ്ഥാപിച്ച സംഘടനയാണു ഫത്താ. ഈയിടെ, ഈജിപ്‌ത് മധ്യസ്ഥത വഹിച്ച ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ, ഹമാസും ഫത്തായും സമാധാനക്കരാർ ഒപ്പുവച്ചിരുന്നു.

ഇരുവിഭാഗവും ചേർന്നുള്ള ദേശീയ സർക്കാർ രൂപീകരിക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണ്. ആദ്യമായി പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഗാസ സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു.