Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കിങ്ങിന്റെ സമ്പാദ്യം 130 കോടി

BRITAIN-ENTERTAINMENT-FILM-SCIENCE-PEOPLE-HAWKING

ലണ്ടൻ∙ പ്രപഞ്ചരഹസ്യം തേടിയ ബൗദ്ധികസ്വത്തുകൾക്കൊപ്പം എത്തില്ലെങ്കിലും സ്റ്റീഫൻ ഹോക്കിങ്ങിനു ഭൗതിക സമ്പാദ്യം രണ്ടു കോടി ഡോളർ (ഏകദേശം 130 കോടി രൂപ) സ്വത്തുക്കൾ. അധ്യാപനവും ഗവേഷണവും പുസ്തകമെഴുത്തും പ്രഭാഷണവും സിനിമ–ടെലിവിഷൻ പദ്ധതികളുമാണു ഹോക്കിങ്ങിന്റെ വരുമാനമാർഗങ്ങൾ. ഹോക്കിങ്ങിന് ഒൻപതു കോടി ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് അതിപ്രശസ്തരായ സമ്പന്നരെക്കുറിച്ചുള്ള വെബ്സൈറ്റുകൾ ഊഹിച്ചെടുത്തത്. രണ്ടാം ഭാര്യ എലേൻ മേസനുമായി വിവാഹബന്ധം വേർപെടുത്തിയപ്പോൾ ഹോക്കിങ് വൻതുക നഷ്ടപരിഹാരം കൊടുത്തിരുന്നു.

ആദ്യ ഭാര്യ ജെയ്ൻ വൈൽഡിൽ മൂന്നു മക്കളുള്ള ഹോക്കിങ്, തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഗവേഷണ, ജീവകാരുണ്യ സംഘടനകൾക്കായി നീക്കിവച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. മരുന്നുകൾ, ചക്രക്കസേര പോലെയുള്ള സഹായ ഉപകരണങ്ങൾ, പരിചരണത്തിനായി വീട്ടിലും ഓഫിസിലുമുള്ള സഹായികൾ– ഇതിനെല്ലാംകൂടി വൻതുകയാണു ഹോക്കിങ് മുടക്കിയിരുന്നത്. 

ലോകമെമ്പാടുമായി ഒരു കോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകം ഹോക്കിങ്ങിന് വലിയ വരുമാനം നേടിക്കൊടുത്തു. കേംബ്രിജ് സർവകലാശാല തിയററ്റിക്കൽ കോസ്മോളജി സെന്റർ ഡയറക്ടറായി 30 ലക്ഷം ഡോളർ പ്രതിഫലം. 

2012ൽ ലഭിച്ച ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസിന്റെ തുകയും 30 ലക്ഷം ഡോളർ. റഷ്യൻ ശതകോടീശ്വരൻ യൂറി മിൽനറുടെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമായിരുന്നു ഇത്. 

മകൾ ലൂസിയുടെ ഓട്ടിസം ബാധിച്ച മകനു വേണ്ടിയും പുതിയ വീടു വാങ്ങാനും തുക ഉപയോഗിക്കുമെന്ന് ഹോക്കിങ് പറഞ്ഞിരുന്നു. ആദ്യ ഭാര്യ ജെയ്ൻ വൈൽഡിന്റെ ഓർമക്കുറിപ്പുകൾ ആസ്പദമാക്കിയെടുത്ത ദ് തിയറി ഓഫ് എവരിതിങ് എന്ന സിനിമയുമായി സഹകരിച്ചതിനും വൻതുക പ്രതിഫലം ലഭിച്ചു. 

ലോകമെമ്പാടും ശാസ്ത്രലോകവും ആരാധകരും ഹോക്കിങ്ങിന് ആദരാഞ്ജലി അർപ്പിച്ച ദിനമാണു കടന്നുപോയത്.

ബ്രിട്ടിഷ് ശാസ്ത്രവിസ്മയത്തെ ‘ദീർഘകാലത്തെ സുഹൃത്തെ’ന്നു വിശേഷിപ്പിച്ച് അമേരിക്കൻ ബഹിരാകാശ സംഘടന ‘നാസ’ ആദരാഞ്ജലികളർപ്പിച്ചു. ഹോക്കിങ്ങിന്റെ കണ്ടെത്തലുകൾ പ്രപഞ്ചഗവേഷകർക്ക് എക്കാലവും വഴിവിളക്കായിരിക്കുമെന്നും നാസ അധികൃതർ പറഞ്ഞു. ഹോക്കിങ് അധ്യാപകനായിരുന്ന കേംബ്രിജ് സർവകലാശാല കോളജിൽ പതാക പാതി താഴ്ത്തി അനുശോചിച്ചു. 

കൂട്ടിയിടിച്ച് ഹോക്കിങ്ങും ഞാനും മരിച്ചേനെ!

പതിനഞ്ചു കൊല്ലം മുൻപ്, സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചക്രക്കസേരയിൽ ഇടിക്കാതിരിക്കാൻ ഇരുചക്രവാഹനം സാഹസികമായി വെട്ടിച്ചുമാറ്റിയ സംഭവം ഓർത്തെടുത്ത് മുൻ സഹപ്രവർത്തക പ്രഫ. സാറ പാർകാക്കിന്റെ സ്നേഹാഞ്ജലി.

കേംബ്രിജ് സർവകലാശാലാ ക്യാംപസിൽ ഭാഗ്യവശാൽ വഴിമാറിയ ആ കൂട്ടിയിടിയിലെ പ്രതി നൂറുശതമാനവും ഹോക്കിങ് ആയിരുന്നെന്നും അവർ എഴുതി. ‘നിർത്തിയിട്ട രണ്ടു കാറുകൾക്കിടയിലൂടെ ഹോക്കിങ് ചക്രക്കസേരയിൽ പാഞ്ഞുവരുന്നതു കണ്ട് ഞാൻ പെട്ടെന്നു വലത്തേക്കു വെട്ടിച്ചതുകൊണ്ടു മാത്രം രണ്ടുപേരും രക്ഷപ്പെട്ടു’– പ്രഫ. പാർകാക്ക് ഓർമിച്ചു.