Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് 1 ബി വീസ അപേക്ഷ ഏപ്രിൽ രണ്ടു മുതൽ; പ്രീമിയം പരിശോധനാ നടപടി നിർത്തിവച്ചു

H1B Visa Representational image

വാഷിങ്ടൻ∙ തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശികളെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന താൽക്കാലിക തൊഴിൽവീസയായ എച്ച്‌–1 ബി വീസ അപേക്ഷ ഏപ്രിൽ രണ്ടു മുതൽ സ്വീകരിക്കും. അതേസമയം എച്ച്‌–1 ബി വീസ 15 ദിവസത്തിനകം അനുവദിക്കുന്ന പ്രീമിയം പരിശോധനാ നടപടി സെപ്റ്റംബർ 10 വരെ നിർത്തിവച്ചു.

ഇക്കാലയളവിലും വീസ അപേക്ഷകൾ സ്വീകരിക്കുമെന്നു യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന 2018–19 സാമ്പത്തിക വർഷത്തിലെ എച്ച് 1 ബി വീസ അപേക്ഷകളാണു സ്വീകരിക്കുന്നത്.

ഇത്തരം വീസയിൽ യുഎസിൽ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളിൽ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്ന പുതിയ നയം ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം പാസാക്കിയിരുന്നു. അപേക്ഷകളുടെ എണ്ണം വർധിച്ചതിനെത്തുടർന്നു കഴിഞ്ഞ ഏപ്രിലിൽ പ്രീമിയം വീസ നടപടികൾ നിർത്തിവച്ചതു സെപ്റ്റംബറിലാണു പുനരാരംഭിച്ചത്.

കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണു പ്രീമിയം വീസ അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഐടി രംഗത്തു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഈ വീസ അപേക്ഷിച്ചു കാത്തിരിക്കുന്നത്.