Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി സമ്പന്നരാജ്യം, ഒരുപങ്ക് യുഎസിനുമെന്ന് ട്രംപ്

Mohammed bin Salman - Donald Trump മുഹമ്മദ് ബിൻ സൽമാൻ, ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ സൗദിയുമായി നടത്തുന്ന ആയുധവ്യാപാരത്തെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം.

‘സൗദി അതിസമ്പന്ന രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിലൂടെ ആ സമ്പത്തിലൊരു പങ്ക് അവർ യുഎസിനും നൽകുകയാണ്’ – ട്രംപ് ചൂണ്ടിക്കാട്ടി. 1250 കോടി ഡോളറിന്റെ യുദ്ധ ഉപകരണങ്ങൾ സൗദിക്കു വിൽക്കുന്നതിന് അനുമതിയായെന്നു വ്യക്തമാക്കിയ ട്രംപ്, ഇതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും പ്രദർശിപ്പിച്ചു. സൗദിയുമായുള്ള ആയുധവ്യാപാരം ഇനിയും വർധിപ്പിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

യുദ്ധോപകരണ നിർമാണ വൈദഗ്ധ്യത്തിൽ യുഎസിനെ വെല്ലാൻ ആരുമില്ല. ഇതിനുള്ള അംഗീകാരമാണു സൗദിയുടെ നീക്കമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, യെമനിൽ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ യുഎസിൽ പ്രതിഷേധം തുടരുകയാണ്.

സൗദി രാജകുമാരന്റെ സന്ദർശനത്തിനു മുന്നോടിയായി വാഷിങ്ടനിലും ന്യൂയോർക്കിലുമെല്ലാം കഴിഞ്ഞദിവസം യുദ്ധവിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി. യുഎസ് സെനറ്റിലും ഇതു ചർച്ചയായി. ഇതിനിടയിലാണ് ആയുധവ്യാപാരത്തിനുള്ള യുഎസ് നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇറാൻ ആണവായുധം നിർമിച്ചാൽ ഒരുമണിക്കൂറിനകം സൗദിയും സ്വന്തമാക്കുമെന്നു പ്രതിരോധമന്ത്രി കൂടിയായ സൽമാൻ രാജകുമാരൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആണവസഹകരണം സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. നിക്ഷേപ ചർച്ചകൾക്കായി യുഎസിലെത്തിയ സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണമാണു വൈറ്റ്‌ഹൈസിൽ ലഭിച്ചത്.

സൗദിയുടെ പിന്തുണ രാജ്യത്തു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, ഗൾഫ് സംഘർഷ മേഖലകളിൽ നിന്നു യുഎസ് സൈന്യത്തെ വൈകാതെ പിൻവലിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. സൽമാൻ രാജകുമാരൻ അടുത്തമാസം ഫ്രാൻസ് സന്ദർശിക്കും.