Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശത്തിൽനിന്നു ദ്രവ്യം: ചരിത്രം രചിക്കാൻ ശാസ്ത്രജ്ഞർ

matter-from-light

ലണ്ടൻ∙ പ്രകാശരശ്മികളിൽനിന്നു ദ്രവ്യം സൃഷ്ടിക്കാനൊരുങ്ങി ഗവേഷകർ. ബ്രിട്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷക സംഘമാണു ഭൗതികശാസ്ത്രത്തിലെ ബ്രെയിറ്റ് – വീലർ പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ദ്രവ്യം സൃഷ്ടിക്കാനൊരുങ്ങുന്നത്. 2014ൽ ‘നേച്ചർ ഫോട്ടോണിക്സ്’ എന്ന ശാസ്ത്ര ജേണലിൽ ഇതു സംബന്ധിച്ച പ്രബന്ധം ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു.

‘ഫോട്ടോൺ– ഫോട്ടോൺ കൊളൈഡർ’ എന്ന പുതിയ സംവിധാനമാണ് ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗിക്കുന്നത്. അതീവ ഊർജമുള്ള രണ്ടു ലേസർ രശ്മികൾ ഇവയിലുണ്ട്. ഇവ ഊർജമുള്ള ഫോട്ടോണുകളെ സൃഷ്ടിക്കുകയും കൊളൈഡർ സംവിധാനത്തിൽ ഇവ കൂട്ടിയിടിക്കുകയും ചെയ്യും. തുടർന്നു ദ്രവ്യകണങ്ങളായ പോസീട്രോണുകൾ സൃഷ്ടിക്കപ്പെടുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ഗവേഷണം വിജയ‌ിച്ചാൽ പ്രപഞ്ചോൽപത്തിയുടെ ആദ്യ 100 സെക്കൻഡുകളിൽ നടന്ന പ്രവർത്തനങ്ങൾ എന്തെന്നു കൂടുതൽ വ്യക്തതയോടെ അനുമാനിക്കാൻ ശാസ്ത്രജ്ഞർക്ക് അവസരമൊരുങ്ങും. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായ ‘ഗാമാ റേ വിസ്ഫോടനത്തെക്കുറിച്ചും ഇതു വിവരങ്ങൾ നൽകും.

‘ഐൻസ്റ്റൈന്റെ വിഖ്യാതമായ ഊർജ–പിണ്ഡ സമവാക്യത്തിന്റെ (E=mc2) തിരിച്ചെഴുത്താണ് പുതിയ ഗവേഷണം’– പ്രധാന ഗവേഷകനായ സ്റ്റീവൻറോസ് പറയുന്നു. 

ബ്രെയിറ്റ് – വീലർ പ്രക്രിയ

ദ്രവ്യവും ഊർജവും തമ്മിലുള്ള മാറ്റം വിശദീകരിച്ച് 84 വർഷം മുൻപ് രൂപം കൊണ്ടതാണു ബ്രെയിറ്റ് – വീലർ പ്രക്രിയ. ഗ്രിഗറി ബ്രെയ്റ്റ്, ജോൺ എ. വീലർ എന്നിവരാണ് ഉപജ്ഞാതാക്കൾ. പ്രകാശത്തിന്റെ അടിസ്ഥാന കണങ്ങളായ രണ്ടു ഫോട്ടോണുകൾ തമ്മിൽ പ്രത്യേക സാഹചര്യങ്ങളിൽ കൂട്ടിയിടിച്ചാൽ ദ്രവ്യകണങ്ങളായ ഇലക്ട്രോണും പോസീട്രോണും ഉണ്ടാകും എന്നതാണ് ഇതിന്റെ തത്വം.

പോസീട്രോണിന് ഇലക്ട്രോണിന്റെ അതേ പിണ്ഡവും വിപരീതമായ ചാർജുമാണ്. തീർത്തും സങ്കീർണമായ ഈ പ്രക്രിയ ഒരിക്കലും പ്രായോഗികമല്ലെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.