Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽനിന്ന് യുഎസ് സേനാ പിൻമാറ്റം ഉടൻ: ട്രംപ്

Donald Trump

വാഷിങ്ടൻ ∙ സിറിയയിൽ‌നിന്നു യുഎസ് സേനയെ ഉടൻ പിൻവലിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധങ്ങൾക്കായി മധ്യപൂർവദേശത്ത് അമേരിക്ക ഏഴു ട്രില്യൻ ഡോളർ (ഏകദേശം ഏഴു ലക്ഷം കോടി രൂപ) പാഴാക്കിയതായും അദ്ദേഹം പറഞ്ഞു.

‘‘മധ്യപൂർവദേശത്തു നാം ഏഴു ട്രില്യൻ ഡോളർ ചെലവഴിച്ചു. നാം സ്കൂളുകൾ നിർമിക്കുമ്പോൾ അവരതു തകർക്കും. വീണ്ടും നാം നിർമിക്കുന്നു, അവർ വീണ്ടും തകർക്കുന്നു. എന്നാൽ, ഒഹിയോയിലെ ഒരു സ്കൂളിന്റെ ജനാലകൾ പുതുക്കിപ്പണിയണമെങ്കിൽ നമുക്കു പണം കിട്ടില്ല. നാം ലക്ഷം കോടികൾ മധ്യപൂർവദേശത്തു ചെലവഴിച്ചു. നമ്മുക്കെന്തു കിട്ടി? ഒന്നുമില്ല. എണ്ണ നാം കയ്യിൽ വച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, എണ്ണ ആരുടെ കയ്യിലാണെന്നു നമുക്കറിയാം. അത് ഐഎസിന്റെ കയ്യിലാണ്. അങ്ങനെയാണവർക്കു പണം കിട്ടുന്നത്.’’ – ട്രംപ് പറഞ്ഞു.

ഐഎസിനെ തുരത്തുന്നതിൽ വിമതസേനകൾ കാര്യമായ വിജയം നേടിയെന്നും തുടർന്ന് ഐഎസിനെതിരായ പോരാട്ടത്തിനു പിന്തുണ നൽകുമെന്നും യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ഡാന വൈറ്റ് അറിയിച്ചു. സിറിയയിൽ യുദ്ധത്തിൽ പതിനായിരങ്ങളുടെ യാതനയ്ക്കു വലിയൊരളവോളം ഉത്തരവാദി അസദിനെ പിന്തുണയ്ക്കുന്ന റഷ്യയാണെന്നു യുഎസ് കുറ്റപ്പെടുത്തി.

അതേസമയം, രൂക്ഷയുദ്ധം തുടരുന്ന സിറിയയുടെ കിഴക്കൻ ഗൗട്ട മേഖലയിൽനിന്നു വിമതസേനയുടെ പിൻമാറ്റത്തിനു കരാറായതായി റഷ്യയുടെ പ്രതിരോധ സെക്രട്ടറി പറഞ്ഞു. വിമതരുടെ അവസാന താവളമായ കിഴക്കൻ ഗൗട്ടയിൽനിന്ന് അവരെ തുരത്താൻ കഴിഞ്ഞ ഫെബ്രുവരി 18ന് ആരംഭിച്ച സിറിയൻസേനാ മുന്നേറ്റത്തിനു നേരിട്ടു മേൽനോട്ടം വഹിച്ചതു റഷ്യൻ സൈന്യമാണ്. തുടർന്നുണ്ടായ കനത്ത വ്യോമാക്രമണങ്ങളിൽ 1600 സാധാരണ പൗരൻമാരാണു കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ പലായനം ചെയ്തു. അതിനിടെ, വ്യാഴാഴ്ച യുഎസ് സഖ്യസേനയിലെ രണ്ടു സൈനികർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. 

സിറിയയിലെ യുഎസ് ഇടപെടൽ

സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെ പോരാടുന്ന വിമതസേനാ സഖ്യത്തിനാണ് 2014 മുതൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന സൈനിക സഹായം നൽകുന്നത്. ഐഎസ്, അൽഖായിദ എന്നീ ഭീകരസംഘങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾ വിമോചിപ്പിക്കാനായിരുന്നു ഇത്. ഈ കാലയളവിൽ യുഎസ് സേന ഐഎസ് കേന്ദ്രങ്ങൾക്കുനേരെ 11,200 വ്യോമാക്രമണങ്ങൾ നടത്തി. കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡമോക്രാറ്റിക് ഫോഴ്‌സസിന് ആയുധങ്ങളും സൈനിക പരിശീലനവും നൽകി.

സിറിയൻ സേനയ്ക്കെതിരെയും പലവട്ടം യുഎസ് വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടായിരത്തോളം യുഎൻ സൈനികരാണു സിറിയയിലുള്ളത്. ഇവർ കരയുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നില്ല. യുഎസ് സഖ്യത്തിൽ ബഹ്റൈൻ, ജോർദാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളാണുള്ളത്.