Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കയു‍‍ടെ ‘മാമാ വിന്നി’

Winnie Mandela നെൽസൺ മണ്ടേലയ്ക്കൊപ്പം വിന്നി

ഫോബ്സ് വുമൺ ആഫ്രിക്കയ്ക്കു വേണ്ടി ജൊഹാനസ്ബർഗിലെ സൊവാറ്റോയിലെ വീട്ടിലാണു വിന്നി മണ്ടേലയെ ഞാൻ കാണുന്നത്, 2014ൽ; നെൽസൺ മണ്ടേല വിടവാങ്ങി കൃത്യം ഒരു വർഷത്തിനു ശേഷം.

സൊവാറ്റോയിലായിരുന്നു മണ്ടേലയും വിന്നിയും അവരുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. അവരുടെ ആദ്യത്തെ വീട് – നമ്പർ 8115 വിലാകസി സ്ട്രീറ്റ്, സൊവാറ്റോ ഇന്നു മ്യൂസിയമാണ്. ലോകമെങ്ങുമുള്ള ടൂറിസ്റ്റുകൾ ആവേശത്തോടെ എത്തിച്ചേരുന്ന ഇടം.  

സൊവാറ്റോയിലെ കുന്നിൻപുറത്തുള്ള പുതിയ വീട്ടിലേക്കു വിന്നി താമസം മാറിയത് 1990 ലായിരുന്നു, 27 വർഷത്തെ ജയിൽവാസത്തിനു ശേഷം നെൽസൺ മണ്ടേല മോചിതനായപ്പോൾ. വലിയ മതിലുകളുള്ള ആ ചുവന്ന കെട്ടിടത്തിനുള്ളിലെ മുറികളിൽ നെൽസൺ മണ്ടേലയുടെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു– ഫോട്ടോകൾ, പെയിന്റിങ്ങുകൾ...

ഇരുനിലവീട്ടിലെ ‘അംഗോള മുറി’ യിൽ വച്ചാണു വിന്നിയെ ഞാൻ കാണുന്നത്. മണ്ടേല ജയിൽ മോചിതനായപ്പോൾ അംഗോള പ്രസിഡന്റ് നൽകിയ പാരിതോഷികങ്ങളായിരുന്നു ആ മുറി നിറയെ. ‘ഇതൊരു ഓർമ മുറിയാണ്’ – വിന്നി പറഞ്ഞു. 

പരമ്പരാഗത ആഫ്രിക്കൻ വസ്ത്രമായ സോസയും വർണശബളമായ ആഭരണങ്ങളുമായിരുന്നു അവർ ധരിച്ചിരുന്നത്. മണ്ടേലയുടെ ചരമവാർഷികത്തിന് ആചാരമനുസരിച്ചു ധരിക്കേണ്ട വസ്ത്രം, വിവാഹമോചിതയായ ശേഷവും! 

‘മാമാ വിന്നി’ എന്നു സ്നേഹത്തോടെ ആളുകൾ വിളിച്ചിരുന്ന ഹീറോയാണു മുന്നിൽ. പോരാട്ടങ്ങളുടെയും വിവാദങ്ങളുടെയും തീപ്പാതയിലൂടെ കടന്നുപോയ കരുത്തയായ ഒരമ്മ. 

നെൽസൺ മണ്ടേലയെ അവസാനമായി ആശുപത്രിയിൽ കണ്ടതിനെക്കുറിച്ച് അവർ എന്നോടു പറഞ്ഞു, ‘അന്ന് ആശുപത്രി മുറിയിൽനിന്നു ഞാൻ മടങ്ങാനൊരുങ്ങുമ്പോൾ ഡോക്ടർമാർ എന്നോടു പറഞ്ഞു– മാമാ, പോകരുത്, അദ്ദേഹത്തിന്റെ അടുത്തുനിൽക്കൂ. അവർ പറഞ്ഞതിന്റെ അർഥം എനിക്കു മനസ്സിലായി. അദ്ദേഹത്തിന്റെ മുഖത്തു ചെറിയൊരു ചിരിയുണ്ടായിരുന്നു. ചുണ്ടുകൾ ചലിച്ചു. ദീർഘമായി നിശ്വസിച്ച ശേഷം, എന്നെന്നേയ്ക്കുമായി കണ്ണടച്ചു.അദ്ദേഹത്തിന്റെ അവസാനനിമിഷം ഞാൻ ഒപ്പമുണ്ടാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ദൈവം അങ്ങനെ നിശ്ചയിച്ചു. ഞങ്ങളുടെ ജീവിതപ്പോരാട്ടത്തിന്റെ നിമിഷങ്ങൾ മനസ്സിൽ മിന്നിമാഞ്ഞു. ഒരധ്യായം അടഞ്ഞിരിക്കുന്നു, ഞാൻ തിരിച്ചറിഞ്ഞു’

പോരാളികൾക്ക് ഒരിക്കലും വ്യക്തിജീവിതം ഉണ്ടാവില്ല. വിന്നിയുടെയും മണ്ടേലയുടെയും 38 വർഷത്തെ ദാമ്പത്യത്തിൽ 26 വർഷവും അവർ ഒറ്റയ്ക്കായിരുന്നു– മണ്ടേല ജയിലിലും വിന്നി പുറത്തും. ഇതിനിടെ വിന്നിയും 18 മാസത്തേക്ക് തടവിലായി. ബ്രാൻഡ്ഫോർട് എന്ന ഗ്രാമത്തിലേക്ക് അവർ നാടുകടത്തപ്പെട്ടു. ‘491 ഡേയ്സ്’ എന്ന പുസ്തകത്തിൽ അന്നത്തെ ജീവിതം അവർ അനുസ്മരിക്കുന്നുണ്ട്, അന്നു വീണുപോയ നിരാശയുടെയും അതിനെ അതിജീവിച്ച നിശ്ചയദാർഢ്യത്തിന്റെയും തീവ്രതയെക്കുറിച്ച്. 

‘ആ കാലത്തെക്കുറിച്ചൊക്കെ ഇപ്പോഴും പകയും ദേഷ്യവും തോന്നുന്നുണ്ടോ?’ ഞാൻ ചോദിച്ചു. 

ഇതായിരുന്നു അവരുടെ മറുപടി: ‘പകയോ ദേഷ്യമോ തുടർന്നിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു. അത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ, അതിജീവിക്കാൻ പഠിക്കുകയാണു നമ്മൾ. ആ ദുരിതങ്ങളെല്ലാം മറക്കാം, നിങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സമ്മാനമായി കിട്ടുമ്പോൾ’ 

അഭിമുഖം അവസാനിച്ചപ്പോൾ, ‍ഞങ്ങളുടെ സംഘത്തിലെ എല്ലാവർക്കുമൊപ്പം ഫോട്ടോയെടുത്തു അവർ. എന്നെ ചേർത്തു പിടിച്ച് ക്യാമറയ്ക്കുമുന്നിൽനിന്ന് അവർ പറഞ്ഞു, ‘‘ഇത് നിങ്ങളുടെ അമ്മയ്ക്ക്’’. 

ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള അമ്മയ്ക്ക് ആഫ്രിക്കയുടെ ‘മാമാ വിന്നി’യുടെ സമ്മാനം! ആ ചിത്രം അമൂല്യമായി ഞാൻ സൂക്ഷിക്കുന്നു. 

(ഫോബ്സ് ആഫ്രിക്ക, ഫോബ്സ് വുമൺ ആഫ്രിക്ക എന്നിവയുടെ മാനേജിങ് എഡിറ്ററാണ് മേതിൽ രേണുക)