ആണവ നിരായുധീകരണം: ചർച്ച പുനരാരംഭിക്കാൻ കിം സമ്മതിച്ചതായി ജാപ്പനീസ് പത്രം

ടോക്കിയോ∙ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ ചർച്ചയ്ക്കു തയാറാണെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ സമ്മതിച്ചതായി ജപ്പാനിലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. രണ്ടു കൊറിയകൾ, ചൈന, ജപ്പാൻ, യുഎസ്, റഷ്യ എന്നീ ആറു രാജ്യങ്ങൾ കക്ഷികളായ ചർച്ച പുനരാരംഭിക്കാൻ ഉത്തര കൊറിയ തയാറാണെന്നാണ് കിം ചൈനയിൽ നടത്തിയ സന്ദർശനത്തിനിടെ സമ്മതിച്ചത്.

ആണവ നിരായുധീകരണത്തിനുള്ള സമ്മതവും അറിയിച്ചു. 2009 ലാണ് ഇത്തരത്തിലൊരു ചർച്ച അവസാനം നടന്നത്. മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ആറു രാഷ്ട്ര ചർച്ചയ്ക്കുള്ള സന്നദ്ധത കിം അറിയിച്ചേക്കും. കൊറിയൻ ഉച്ചകോടി 27ന് നടക്കും. ഇതിനു മുന്നോടിയായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കൂടിക്കാഴ്ച നടത്തി.