Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിലേക്കു ‘പറന്നിറങ്ങി’ ലുല ഡസിൽവ

Luiz Inacio Lula da Silva ബ്രസീൽ മുൻ പ്രസിഡന്റുമാരായ ലുല ഡസിൽവയും ദിൽമ റൂസഫും. അഴിമതിക്കേസിൽ 2016ൽ ദിൽമ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടർന്നു മൈക്കൽ ടെമറാണ് ഇപ്പോൾ പ്രസിഡന്റ്.

കുറിറ്റീബ (ബ്രസീൽ)∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയെ ജയിലിലടച്ചു. നിർമാണക്കമ്പനിയെ വഴിവിട്ടു സഹായിച്ചതിനു കൈക്കൂലിയായി ആഡംബര വസതി ലഭിച്ച എഴുപത്തിരണ്ടുകാരനായ മുൻ പ്രസിഡന്റിന് ഇനി ചൂടുവെള്ളത്തിന്റെയും ശുചിമുറിയുടെയും ആഡംബരം മാത്രമുള്ള ചെറിയ മുറിയിൽ തടവുകാലം.

ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാനാഗ്രഹിക്കുന്ന ലുല ശിക്ഷ വൈകിക്കാനായി മാരത്തൺ അപ്പീൽ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന് ഒടുവിൽ വഴങ്ങിയ അദ്ദേഹത്തെ തൊഴിലാളി യൂണിയനിലെ അനുയായികൾ വിടാതിരുന്നതു സംഘർഷഭരിതമായ രംഗങ്ങളുണ്ടാക്കി.

തെക്കൻ നഗരമായ കുറിറ്റീബിലെ പൊലീസ് ആസ്ഥാനത്തുള്ള ജയിലിനു മുകളിൽ ശനിയാഴ്ച വൈകിട്ടോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ലുലയെ 160 ചതുരശ്രയടി വലുപ്പമുള്ള തടവറയിലാണു പാർപ്പിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ ഇറങ്ങിയതും, ജയിലിനു പുറത്തു തമ്പടിച്ചിരുന്ന പ്രതിഷേധക്കാർ വെടിക്കെട്ടു നടത്തി ആഘോഷിച്ചു. ജനക്കൂട്ടത്തിന്റെ ബഹളത്തിനിടെ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചതിനെത്തുടർന്ന് ഏതാനുംപേർക്കു പരുക്കേറ്റു.

രണ്ടു തവണ ബ്രസീൽ പ്രസിഡന്റായിരുന്ന ലുല വർക്കേഴ്സ് പാർട്ടി സ്ഥാപകനാണ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കുമെന്നാണു സർവേ ഫലങ്ങൾ ഇപ്പോഴും സൂചിപ്പിക്കുന്നത്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടു പലകാലങ്ങളിലായി ബ്രസീലിലെ പ്രസിഡന്റുമാർ ഇംപീച്മെന്റും അട്ടിമറിയും ഉൾപ്പെടെ നടപടികൾ നേരിട്ടിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നതും ജയിലിലാകുന്നതും ഇതാദ്യമാണ്.