Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിശ്ചിതത്വം നീങ്ങി; ഉന്നും ട്രംപും കാണും

Kim-Trump

സോൾ/വാഷിങ്ടൻ∙ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡോണൾഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച യാഥാർഥ്യമാകുമെന്ന് ഒരുറപ്പു കൂടി. ഉത്തര കൊറിയൻ ഭരണാധികാരി ഉന്നിനെ മേയ് അവസാനമോ ജൂൺ ആദ്യമോ കാണുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

കിം ജോങ് ഉൻ ആവട്ടെ, കൂടിക്കാഴ്ച സംബന്ധിച്ച് ആദ്യമായി പ്രതികരിച്ചു. വാഷിങ്ടനിൽ മാധ്യമപ്രവർത്തകരോടാണു ട്രംപ് കൂടിക്കാഴ്ചയുടെ കാര്യം പങ്കുവച്ചത്. ഉൻ ആവട്ടെ, ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നു കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസമാണ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു ട്രംപ് സമ്മതിച്ചത്. യാഥാർഥ്യമായാൽ യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകും ഇത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു യുഎസ് മുന്നോട്ടുവച്ചിട്ടുള്ള ഒരുപാധി. ഇതിന് ഒരുപരിധി വരെ തയാറാണെന്ന സൂചന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഈയിടെ നടത്തിയ ചർച്ചയിൽ കിം ജോങ് ഉൻ നൽകിയിരുന്നു.

ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധം, യുഎസുമായുള്ള ചർച്ച തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ‘കൊറിയൻ ഉപദ്വീപിലെ പുതിയ സ്ഥിതി’യെക്കുറിച്ചുള്ള റിപ്പോർട്ട് ഉൻ പാ‍ർട്ടി നേതാക്കളുമായി ചർച്ചചെയ്തുവെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ കൊറിയ–ഉത്തര കൊറിയ ഉച്ചകോടി ഈ മാസം അവസാനം നടക്കാനിരിക്കുകയാണ്. ട്രംപിനെയും ഉന്നിനെയും ചർച്ചാമേശയ്ക്കു മുൻപിൽ കൊണ്ടുവരാൻ മുൻ കയ്യെടുത്തതു ദക്ഷിണ കൊറിയയാണ്. ഉത്തര കൊറിയയിലെത്തി ചർച്ചകൾ നടത്തിയ ദക്ഷിണ കൊറിയൻ ഉന്നതതല സംഘമാണു യുഎസുമായി ചർച്ചയ്ക്ക് ഉൻ തയാറാണെന്ന വിവരം പുറത്തുവിട്ടത്.

ഇതേസംഘം പിന്നീടു യുഎസിലെത്തി ട്രംപുമായി ചർച്ച നടത്തി. ട്രംപ് കൂടിക്കാഴ്ചയ്ക്കു സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായി എന്ന തോന്നലുണ്ടായി.

തിങ്കളാഴ്ച കിം ജോങ് ഉൻ നേരിട്ടു കൂടിക്കാഴ്ചയുടെ കാര്യം പറഞ്ഞതോടെ ആ ആശങ്ക ഒഴിവായി. ഉത്തര കൊറിയയുടെ നിരന്തരമായ ആണവായുധ, മിസൈൽ പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം ലോകത്തെ യുദ്ധഭീതിയിലാക്കിയിരുന്നു. ഈ വർഷം തുടക്കംമുതലാണു സംഘർഷസ്ഥിതി അയഞ്ഞത്.