Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാസായുധ പ്രയോഗം തുടർന്നാൽ ഇനിയും ആക്രമണം: ട്രംപ്

TRUMP

വാഷിങ്ടൻ∙ സിറിയക്കു നേരെയുള്ള മിസൈൽ ആക്രമണത്തെ ‘ഒറ്റത്തവണ പ്രഹരം’ എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിശേഷിപ്പിച്ചതെങ്കിലും, സിറിയ രാസായുധങ്ങളുടെ പ്രയോഗം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇനിയും ആക്രമിക്കാൻ മടിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 

Graphics

അസദ് ഭരണകൂടം രാസായുധങ്ങൾ പ്രയോഗിക്കുന്നതു തടയാനുള്ള നയതന്ത്രപരമായ ശ്രമങ്ങളെല്ലാം റഷ്യ അട്ടിമറിച്ചെന്നും മിസൈലുകൾകൊണ്ടല്ലാതെ സംസാരിക്കാനാകാത്ത അവസ്ഥയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു. സൗദി അറേബ്യയും ഖത്തറും നടപടിയെ അനുകൂലിച്ചു. 

ഏഴുവർഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ 50 തവണയെങ്കിലും സിറിയൻ ഭരണകൂടം സ്വന്തം ജനതയ്ക്കുമേൽ രാസായുധങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസഡർ നിക്കി ഹേലി പറഞ്ഞു. കഴിഞ്ഞ ഏഴിനു ദൗമയിൽ ക്ലോറിൻ ഗ്യാസ് പ്രയോഗിച്ചെന്നാണ് യുഎസ് ആരോപണം. സരിൻ എന്ന മാരക രാസായുധവും ഉപയോഗിച്ചെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു നിക്കി ഹേലി പറയുന്നു. ഏഴുപതോളം പേർ ഇവിടെ മരിച്ചതു രാസായുധപ്രയോഗത്തിൽത്തന്നെയെന്നും പറയുന്നുണ്ട്. 

എന്നാൽ, രാസായുധപ്രയോഗമെന്നതു നുണപ്രചാരണമെന്നാണ് റഷ്യ ആരോപിക്കുന്നത്. രാസായുധ നിരോധന സംഘടനാ (ഒപിസിഡബ്ല്യു) പ്രതിനിധികൾ തെളിവു ശേഖരിക്കാൻ ദൗമയിലേക്കു പുറപ്പെട്ടിട്ടുണ്ട്. രാസായുധ ്രപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തെ ചൈനയും പിന്തുണച്ചു.

എന്നാൽ മിസൈലാക്രമണത്തെ സിറിയൻ ഭരണകൂടവും റഷ്യയും വീണ്ടുവിചാരമില്ലാത്തതും നിരർഥകവും എന്ന് അപലപിച്ചു. സിറിയയിലെ മനുഷ്യദുരന്തത്തെ രൂക്ഷമാക്കുന്നതാണ് ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. 

രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് സിറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രണം കുറ്റകൃത്യമാണെന്നും യുഎസ്, ഫ്രഞ്ച് പ്രസിഡന്റുമാരും ബ്രിട്ടിഷ് പ്രധാനമന്ത്രിയും കുറ്റവാളികളാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.

ഇതേസമയം, യുഎസ് സഖ്യം നടത്തിയ ആക്രമണം അസദ് ഭരണകൂടത്തിന്റെ ക്രൂരതകൾ അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്നും രാസായുധ കേന്ദ്രങ്ങൾ മാത്രമല്ല, മറ്റ് ആയുധകേന്ദ്രങ്ങളും തകർക്കണമെന്നും സിറിയൻ പ്രതിപക്ഷവും വിമതരും പ്രതികരിച്ചു.

സിറിയയ്ക്ക് റഷ്യൻ മിസൈലുകൾ

മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിറിയയുടെ മിസൈൽവേധ പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നീക്കവുമായി സഖ്യകക്ഷിയായ റഷ്യ. സിറിയയ്ക്ക് എസ്–300 മിസൈൽ സംവിധാനം നൽകുന്ന കാര്യം പരിഗണിക്കുമെന്നു റഷ്യ അറിയിച്ചു. നേരത്തേ, ഇവ സിറിയയ്ക്കു നൽകാൻ റഷ്യ തയാറായിരുന്നില്ല.

എന്നാൽ, ഇപ്പോൾ, ‍യുഎസ് സഖ്യത്തിന്റെ നടപടികളുടെ പശ്ചാത്തലത്തിൽ അതു വേണ്ടിവരും എന്നു റഷ്യ വ്യക്തമാക്കി. നിലവിൽ സോവിയറ്റ് നിർമിത മിസൈൽ വേധ സംവിധാനമാണു സിറിയയ്ക്കുള്ളത്.