Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ് പാക്കിസ്ഥാൻ; ഹൈക്കമ്മിഷനറെ മടക്കിവിട്ടു

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ സന്ദർശനത്തി‍നെത്തിയ സിഖ് തീർഥാടകർക്ക് ഇന്ത്യൻ ഹൈക്കമ്മിഷനറെ കാണാൻ അനുമതി നിഷേധിച്ചു. തീർഥാടകരെ കാണാൻ ഗുരുദ്വാരയിലേക്കു പുറപ്പെട്ട ഹൈക്കമ്മിഷനറെ മടക്കിവിടുകയും ചെയ്തു.

തീർഥാടകരുടെ സന്ദർശനം സംബന്ധിച്ചുള്ള ഇന്ത്യ–പാക്ക് ഉഭയകക്ഷി കരാർ, നയതന്ത്രപ്രതിനിധികളോടുള്ള പെരുമാറ്റച്ചട്ടം, വിയന്ന ഉടമ്പടി എന്നിവ ലംഘിച്ച പാക്ക് നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് 1800 തീർഥാടകർ 12 മുതൽ പാക്കിസ്ഥാനിലുണ്ട്. പഞ്ച സാഹിബ് ഗുരുദ്വാരയിൽ ബൈശാഖി ദിനത്തിൽ തീർഥാടകർക്ക് ആശംസ അർപ്പിക്കാൻ ക്ഷണപ്രകാരമാണ് ഹൈക്കമ്മിഷനർ അവിടേക്കു പോയത്. എന്നാൽ യാത്രാമധ്യേ വ്യക്തമായ കാരണം പറയാതെ തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യമായ സഹായങ്ങൾ നൽകാൻ ഹൈക്കമ്മിഷനിൽനിന്നുള്ള സംഘത്തെ കാണാൻ തീർഥാടകരെ അനുവദിക്കുന്നതു പതിവു നടപടിക്രമം മാത്രമാണ്. വാഗ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിവസം അവരെ എതിരേൽക്കാനും പാക്കിസ്ഥാൻ അനുവദിച്ചില്ല. പിന്നീട് ഗുരുദ്വാരയിൽ എത്തി ആശംസ നേരുന്നതും തടഞ്ഞു.

ഇതുവഴി, ഹൈക്കമ്മിഷനെ അതിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽനിന്നുമാണ് പാക്കിസ്ഥാൻ തടഞ്ഞിട്ടുള്ളതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.