Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മതമില്ലാതെ ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു; ഫെയ്സ്ബുക്കിനെതിരെ കോടതി നടപടി

784x410-fb-2

സാൻ ഫ്രാൻസിസ്കോ∙ ഉപയോക്താക്കളുടെ സമ്മതം വാങ്ങാതെ ‘ഫേഷ്യൽ റെക്കഗ്നീഷൻ’ സാങ്കേതികവിദ്യ ഉപയോഗിച്ചതിനു ഫെയ്സ്ബുക് സിവിൽ കോടതി നടപടി നേരിടേണ്ടിവരുമെന്നു കലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജിയുടെ ഉത്തരവ്.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എട്ടരക്കോടിയിലധികം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന വിവാദം കത്തിനിൽക്കെയാണു സമൂഹമാധ്യമ വമ്പനു പുതിയ ആഘാതം. ഇല്ലിനോയ് സംസ്ഥാനത്തെ ചില ഉപയോക്താക്കൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

2010ൽ ഫെയ്സ്ബുക് അവതരിപ്പിച്ച ‘ഫേഷ്യൽ റെക്കഗ്നീഷൻ’ ടൂളാണു വിവാദത്തിനു കാരണം. ഒരാൾ അപ്‌ലോ‍ഡ് ചെയ്യുന്ന ചിത്രത്തിലെ മുഖത്തിന്റെ സവിശേഷതകൾ വിലയിരുത്താനും ചിത്രത്തിലുള്ളവരെ ടാഗ് ചെയ്യാനുള്ള നിർദേശം നൽകാനും ഈ സാങ്കേതികവിദ്യയിലൂടെ കഴിയും. ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

ബയോമെട്രിക് വിവരങ്ങൾ ഉപയോക്താവിന്റെ സമ്മതമില്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന ഇല്ലിനോയ് നിയമത്തിന്റെ ലംഘനമാണിതെന്നു ഹർജിക്കാർ ആരോപിച്ചു. എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിലപാടിലാണു ഫെയ്സ്ബുക്.

ഈ സാങ്കേതികവിദ്യ അവതരിപ്പിച്ച നാൾ മുതൽ ഇതേപ്പറ്റിയുള്ള വിവരം ഉപയോക്താക്കൾക്കു നൽകിയിരുന്നെന്നും ആവശ്യമില്ലെങ്കിൽ ഇതിന്റെ പ്രവർത്തനം മരവിപ്പിക്കാനുള്ള സൗകര്യമുണ്ടെന്നും കമ്പനി പറയുന്നു. തുടക്കം മുതൽ വിവാദത്തിന്റെ നിഴലിലാണു ഫേഷ്യൽ റെക്കഗ്നീഷൻ ടൂൾ. സ്വകാര്യതയിൽ കടന്നുകയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയം ഉയർന്നതുമൂലം യൂറോപ്പിൽ, ഈ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾ 2012 മുതൽ ഫെയ്സ്ബുക് നിർത്തലാക്കിയിരുന്നു.