Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നതായി ഉത്തര കൊറിയ

Kim Jong-Un

സോൾ ∙ അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മുമായി നടക്കാനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായ പ്രഖ്യാപനത്തെ യുഎസ് സ്വാഗതം ചെയ്തു. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെ ഇന്നും കിമ്മുമായുള്ള കൂടിക്കാഴ്ച അടുത്തയാഴ്ചയാണ്.

അണ്വായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ ഉപേക്ഷിക്കുമെന്ന സൂചന ഉത്തരകൊറിയ നൽകിയില്ല. രാജ്യത്തിന് ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ചു കഴിഞ്ഞതിനാൽ ഇനി ആണവ–മിസൈൽ പരീക്ഷണങ്ങൾ ആവശ്യമില്ലെന്നു കിം ജോങ് ഉൻ വ്യക്തമാക്കി. അതിനാൽ പൻഗീരിയിലെ ആണവപരീക്ഷണ കേന്ദ്രവും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും അടച്ചുപൂട്ടും. ഉത്തര കൊറിയയുടെ ഏക ആണവപരീക്ഷണ കേന്ദ്രമായ പൻഗീരിയിലാണു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും നടത്തിയത്.

കൊറിയൻ മേഖലയിലെ സമാധാനത്തിനായുള്ള നയതന്ത്രനീക്കങ്ങളിൽ നിർണായക ചുവടുവയ്പായാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്. ഇത് ഉത്തരകൊറിയയ്ക്കും ലോകത്തിനും സദ്‌വാർത്തയാണെന്നും ഉച്ചകോടിക്കായി കാത്തിരിക്കുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മേയ് അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും ട്രംപുമായുള്ള ഉച്ചകോടി. പ്രഖ്യാപനത്തെ യൂറോപ്യൻ യൂണിയനും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈനയും സ്വാഗതം ചെയ്തു. ആണവ നിരായുധീകരണമാണു ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയ ജപ്പാനും ഉത്തര കൊറിയയുടെ തീരുമാനം സ്വാഗതം ചെയ്തു.

ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്കു നടുവിൽ കഴിഞ്ഞവർഷമാണ് ഉത്തര കൊറിയ അവസാനമായി ആണവപരീക്ഷണം നടത്തിയത്. യുഎസ് വരെ എത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടർച്ചയായി നടത്തിയതു മേഖലയിൽ സംഘർഷം വർധിപ്പിച്ചു. യുദ്ധഭീഷണി ഉയർത്തിയ യുഎസ്–ഉത്തര കൊറിയ പോർവിളികൾക്കൊടുവിലാണു സമാധാനചർച്ചകൾക്കു സന്നദ്ധത പ്രകടിപ്പിച്ചു കിം ജോങ് ഉൻ മുന്നോട്ടുവന്നത്.