Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉച്ചകോടി വിജയം ആഘോഷിച്ച് ഉത്തര, ദക്ഷിണ കൊറിയകൾ

North Korea official newspaper ഉച്ചകോടി ചിത്രങ്ങളുമായി പുറത്തിറങ്ങിയ ഉത്തര കൊറിയൻ ഔദ്യോഗിക പത്രം.

സോൾ ∙ ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടന്ന ചരിത്രപ്രധാന ഉച്ചകോടിയെക്കുറിച്ചു നല്ല വാക്കുകളുമായി ഉത്തര കൊറിയയിലെ ദേശീയ മാധ്യമങ്ങൾ. നേതാക്കൾ തമ്മിൽ പാൻമുൻജോമിൽ നടത്തിയ സാമാധാന പ്രഖ്യാപനത്തിന്റെ പൂർണരേഖ പുറത്തുവിട്ടുകൊണ്ടാണ് ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ ഉച്ചകോടിയുടെ വിജയം ആഘോഷിച്ചത്. ഉച്ചകോടിയിൽനിന്നുള്ള 60 ഫോട്ടോകളുമായി ഉത്തര കൊറിയൻ ഔദ്യോഗിക പത്രം പുറത്തിറങ്ങിയതും ശ്രദ്ധേയമായി.

ഇതിനിടെ, ഇരുകൊറിയകളെയും പൂർണമായി ആണവമുക്തമാക്കണമെന്ന നിലപാട് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. കിം ഇത്തവണ ‘കളി’യാണെന്നു തോന്നുന്നില്ലെന്നും സമാധാനത്തിനായുള്ള ആത്മാർഥ ശ്രമങ്ങൾ പ്രതീക്ഷ നൽകുന്നെന്നും അദ്ദേഹം പറഞ്ഞു. ട്രംപ്–കിം ഉച്ചകോടിയുടെ വേദി സിംഗപ്പുരാകാൻ സാധ്യതയുണ്ടെന്നും വൈറ്റ്ഹൗസിൽനിന്നു സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു സിംഗപ്പുർ പ്രധാനമന്ത്രി ലീ ഷിയാൽ ലുങ് വ്യക്തമാക്കി.

ചൈനയുടെയും യുഎസിന്റെയും സമ്മർദമാണു കിമ്മിനെ ഈ നിലപാടിലേക്ക് എത്തിച്ചതെന്ന് ഓസ്ട്രേലിയ പ്രധാനമന്ത്രി മാൽകം ടേൺബുൾ സിഡ്നിയിൽ പറഞ്ഞു. യുഎൻ ഉപരോധം മറികടന്നു ചരക്കുനീക്കത്തിനു ശ്രമിക്കുന്ന ഉത്തര കൊറിയയുടെ കപ്പലുകളെ നിരീക്ഷിക്കാൻ സൈനികവിമാനം അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതു കാണാൻ ഭാഗ്യമുണ്ടായല്ലോ, ആനന്ദക്കണ്ണീരിൽ സുഹ് ഹൂൻ

സോൾ ∙ കൊടുംശത്രുക്കളെ ഉറ്റമിത്രങ്ങളാക്കുന്ന ശ്രമകരമായ ദൗത്യത്തിനു ചുക്കാൻ പിടിച്ചയാൾ–സുഹ് ഹൂനിന്റെ പേര് ചരിത്രത്തിൽ ഇടംനേടുക ഇങ്ങനെയാകും. കൊറിയൻ ഉച്ചകോടിക്കു വേദിയൊരുക്കാൻ രണ്ടു പതിറ്റാണ്ടായി ‘ഓടി നടക്കുന്ന’ ദക്ഷിണ കൊറിയൻ ഇന്റലിജൻസ് മേധാവിയുടെ ആനന്ദക്കണ്ണീരും ചരിത്രത്തിലേക്കാണ്.

ഉച്ചകോടി വേദിയിൽ കിമ്മിനും മൂണിനും പിന്നിൽനിന്നു സന്തോഷാശ്രുക്കൾ പൊഴിച്ച സുഹ് ഹൂൻ (64) ആയിരുന്നു 2000ൽ അന്നത്തെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഇല്ലിനെ അനുനയിപ്പിച്ച് ആദ്യ കൊറിയൻ ഉച്ചകോടി സംഘടിപ്പിച്ചത്. ഇല്ലിനെ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള ദക്ഷിണ കൊറിയക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ.

ഉത്തര കൊറിയയെപ്പറ്റി എല്ലാമറിയുന്നയാളാണു സുഹ്. ആണവ റിയാക്ടർ പദ്ധതിയുമായി ബന്ധപ്പെട്ടു രണ്ടുവർഷം ആ രാജ്യത്തു താമസിച്ചിട്ടുള്ളതും സുഹ് തന്നെ. സുഹ് മുൻകയ്യെടുത്താണ് 2007 ലും ഉച്ചകോടി നടന്നത്. ഇപ്പോഴിതാ, ഇല്ലിന്റെ മകൻ പുതിയ സമാധാന കരാറും ഒപ്പിട്ടു. 

സമാധാനത്തിലേക്ക് നൂഡിൽസ് നൂൽപാലം

korea noodles

‘പോങ്യാങ് നിയാങ്മയൻ’– കൊറിയൻ നേതാക്കളുടെ സംയുക്ത പത്രസമ്മേളനത്തിൽ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചത് ഇതാണ്. കൊറിയയിൽ ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവമാണു നിയാങ്മയൻ. ഇറച്ചിയും മുട്ടയും പച്ചക്കറികളും ചേർത്തുള്ള നൂഡിൽസ്. ഉത്തരകൊറിയൻ തലസ്ഥാനമായ പോങ്യാങ്ങിലെ പ്രസിദ്ധമായ റസ്റ്ററന്റിൽനിന്ന് ഈ വിഭവം കൊണ്ടുവരാൻ ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ദേ ഇൻ പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു. നിയാങ്മയൻ ഉണ്ടാക്കാനായി ഒരു പാചകവിദഗ്ധനെയും ഉത്തര കൊറിയ, ദക്ഷിണ കൊറിയയിലേക്ക് അയച്ചു.

ഉച്ചകോടി വിരുന്നിൽവച്ചു കിം ജോങ് ഉന്നാണ് ആദ്യം ചിരി പൊട്ടിച്ചത്. ‘പ്രസിഡന്റ് മൂൺ, പോങ്യാങ് നിയാങ്മയൻ ആസ്വദിക്കുമെന്നു കരുതുന്നു, ഏറെ ദൂരം സഞ്ചരിച്ചാണ് അതിവിടെ എത്തിയത്’ എന്നു പറഞ്ഞ കിം ഉടൻ തിരുത്തി– ‘ഇനിയിപ്പോൾ അധികദൂരം എന്നു പറഞ്ഞുകൂടാ’ സദസ്സിലുണ്ടായിരുന്ന മൂവായിരത്തോളം മാധ്യമപ്രവർത്തകർ ഇതോടെ പൊട്ടിച്ചിരിയായി. ഉടൻ തന്നെ നിയാങ്മയൻ സമൂഹമാധ്യമങ്ങളിലും തരംഗമായി. # സമാധാന നിയാങ്മയൻ പോലുള്ള ഹാഷ്ടാഗുകൾ നിറഞ്ഞു.