Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയകൾക്കു മേൽ ശാന്തി; ചരിത്രം കുറിച്ച് കിം– മൂൺ ജെ ഇൻ കൂടിക്കാഴ്ച

Kim Jong Un and Moon Jae-in കിം ജോങ് ഉന്നും മൂൺ ജേ ഇന്നും കൂടിക്കാഴ്ചയ്ക്കിടെ

‘പുതിയ ചരിത്രം ഇവിടെ തുടങ്ങുന്നു’– ദക്ഷിണ കൊറിയയുടെ സമാധാനഭവനത്തിലെ സന്ദർശക പുസ്തകത്തിൽ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ ഇന്നലെ എഴുതിയ വാചകം. 

കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും നടത്തിയ ചർച്ചകളും ഉരുത്തിരിഞ്ഞ ധാരണകളും യാഥാർഥ്യമായാൽ, സംശയമേ വേണ്ട ഇതു പുതിയ ചരിത്രത്തിന്റെ തുടക്കം തന്നെയാകും. ഇരുകൊറിയകൾക്കും നടുവിലുള്ള സമാധാനഗ്രാമമായ പൻമുൻജോങ്ങിൽ പകൽമുഴുവൻ നീണ്ട ഉച്ചകോടിക്കു ശേഷം കിമ്മും മൂണും ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലെ പ്രധാന പ്രഖ്യാപനങ്ങൾ:

∙ കൊറിയൻ ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണം യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. 

∙ കൊറിയൻ ഉപദ്വീപ് സംഘർഷ രഹിതമാക്കും; പരസ്പരം ഒരുവിധത്തിലും ശക്തി പ്രയോഗിക്കില്ല

∙ ശാശ്വത സമാധാനം ലക്ഷ്യം 

∙ പരമ്പരാഗത ആയുധങ്ങളും ഇരുകൂട്ടരും കുറച്ചുകൊണ്ടുവരും

∙ ഇരു സൈന്യങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കും; സൈനിക മേധാവി തലത്തിൽ അടുത്ത മാസം മുതൽ ചർച്ചകൾ

∙ പ്രധാനപ്പെട്ട കായികമൽസരങ്ങളിൽ ഇനി മുതൽ പങ്കെടുക്കുക സംയുക്ത കൊറിയൻ ടീം. ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇതിനു തുടക്കം. 

∙ ഉന്നതതല സമ്പർക്കം തുടരും. മൂൺ ജേ ഇൻ ഈ വർഷം ഉത്തരകൊറിയൻ തലസ്ഥാനമായ പോങ്യാങ് സന്ദർശിക്കും. 

∙ അതിർത്തിയോടു ചേർന്ന് ഉത്തരകൊറിയയിലെ കയ്സോങ്ങിൽ മധ്യസ്ഥ കേന്ദ്രം തുറക്കും. കൊറിയൻ വിഭജനകാലത്ത് ഇരുരാജ്യങ്ങളിലായി വേർപിരിഞ്ഞ കുടുംബങ്ങൾക്ക് ഇവിടെ ഒത്തുചേരാം. 

∙ ഇരുകൊറിയകളുടെയും സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു കുടുംബങ്ങളുടെ പുനഃസമാഗമം ആരംഭിക്കും. 

ഒടുവിൽ ആ യുദ്ധം തീരുന്നു

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ‘തീരാത്ത യുദ്ധ’ത്തിന് ഒടുവിൽ അന്ത്യമാകുന്നു. 

വൻനാശവും മരണവും ഉണ്ടാക്കിയ 1950–53ലെ കൊറിയൻ യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയ–ചൈന സഖ്യവും തമ്മിൽ യുദ്ധവിരാമ കരാറുണ്ടാക്കി. എന്നാൽ,  ഈ കരാറിൽ ദക്ഷിണ കൊറിയ കക്ഷിയല്ലായിരുന്നു. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇരുകൊറിയകളും ഇക്കാലമത്രയും യുദ്ധത്തിലായിരുന്നു. 

ഈ സാഹചര്യം അവസാനിപ്പിക്കാൻ ഉൻ–ഇൻ ചർച്ചയിൽ ധാരണയായി. യുദ്ധത്തിലെ മറ്റു കക്ഷികളായിരുന്ന യുഎസ്, ചൈന എന്നിവരുമായി ചർച്ച നടത്തി ഔപചാരിക സമാധാന ഉടമ്പടി ഒപ്പുവയ്ക്കാനാണു തീരുമാനം. കൊറിയ യുദ്ധത്തിനു ശേഷം ആദ്യമായി ഉത്തരകൊറിയയുടെ ഭരണാധികാരി ദക്ഷിണകൊറിയയിൽ കാലുകുത്തിയത് ഇന്നലത്തെ ഉച്ചകോടിക്കാണ്. 

ഒരു കാലുവച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...

അറുപത്തഞ്ചു വർഷത്തെ ചരിത്രത്തിലാദ്യമായി ഉത്തര കൊറിയയുടെ രാഷ്ട്രത്തലവൻ ദക്ഷിണ കൊറിയയിൽ എത്തുക മാത്രമല്ല ഇന്നലെ സംഭവിച്ചത്; ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ഉത്തര കൊറിയയിലും കാലുകുത്തി – ഏതാനും നിമിഷത്തേക്കാണെങ്കിലും. 

1 പൻമുൻജോങ്ങിലെ സമാധാന ഭവനങ്ങൾക്കിടയിൽ, കൊറിയകളുടെ അതിർവരമ്പിനിപ്പുറം ദക്ഷിണകൊറിയയുടെ ഭാഗത്തു പ്രസിഡന്റ് മൂൺ ജേ ഇൻ, കിം ജോങ് ഉന്നിനെ കാത്തിരുന്നു.  

2 നടന്നുവന്ന ഉന്നിനു ഹസ്തദാനം നൽകി ദക്ഷിണ കൊറിയയിലേക്കു സ്വാഗതം ചെയ്തു. 

kim-moon

3 ഉൻ ദക്ഷിണ കൊറിയയിൽ കാലുകുത്തിയപ്പോൾ ഇന്നിന്റെ തമാശച്ചോദ്യം: ‘ഞാൻ ഇനി എന്നാണാവോ ഉത്തരകൊറിയയിൽ ഒന്നു കാലുകുത്തുക.’ 

4 ‘എന്നാൽ ഇപ്പോൾത്തന്നെയാവാം’ എന്നു പറഞ്ഞ് ഇന്നിനെ ഉൻ അതിർവരമ്പിനപ്പുറത്തേക്കു കൈപിടിച്ചു നടത്തി. 

5 ഏതാനും നിമിഷം ഉത്തരകൊറിയൻ ഭാഗത്തു നിന്നശേഷം ഇരുവരും ഒരുമിച്ചു ദക്ഷിണകൊറിയയിലേക്കു തിരികെ നടന്നു.