Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ആദ്യമായി ലോകത്തോടു സംസാരിച്ചു

kim-security ആദ്യ വട്ട ചർച്ചകൾക്കു ശേഷം ഉച്ചഭക്ഷണ സമയത്ത് ഉത്തര കൊറിയയിലേക്ക് മടങ്ങുന്ന കിം ജോങ് ഉന്നിന്റെ കാറിനു ചുറ്റും സുരക്ഷാഭടൻമാർ.

കൊറിയൻ ഉച്ചകോടിയിൽ കിം ജോങ് ഉൻ ഇന്നലെ നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ‘ആദ്യ’ പ്രസംഗമായിരുന്നു; ഒരുപക്ഷേ, ആദ്യമായി പുറംലോകത്തേക്കു തൽസമയ സംപ്രേഷണം നടത്തിയ പ്രസംഗവും. കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തരകൊറിയയുടെ ആഭ്യന്തര ചടങ്ങുകളിൽ മാത്രമാണ്. ‘ഇവിടെ നിൽക്കുമ്പോൾ എനിക്കു കാണാം, രണ്ടുകൊറിയകളിലെയും ജനങ്ങൾ ഒന്നുതന്നെയാണ്, അവരെ വേർപിരിക്കാനാകില്ല... നമ്മൾ ഒന്നാണ്, നമ്മൾ ഐക്യത്തോടെ കഴിയണം. സമീപഭാവിയിൽ തന്നെ നമുക്ക് ഏറ്റവും സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം’– കിം പറഞ്ഞു. 

പോങ്യാങ്ങിൽനിന്നു പൻമുൻജോങ്ങിലേക്കു താൻ വന്ന വഴി രണ്ടു രാജ്യങ്ങളിലെയും സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

പൻമുൻജോങ്ങിലെ സമാധാനഭവനത്തിനു നടുവിലെ അതിർത്തിരേഖ മുറിച്ചു കടന്നപ്പോൾ കിം ജോങ് ഉൻ മറ്റൊരു ചരിത്രവും കുറിച്ചു: ആദ്യമായി ദക്ഷിണകൊറിയൻ മണ്ണിൽ കാലുകുത്തുന്ന ഉത്തരകൊറിയൻ ഭരണത്തലവൻ. ഇതുപോലെ ഒട്ടേറെ ആദ്യങ്ങൾ കൊണ്ടു ശ്രദ്ധേയമായിരുന്നു ഉൻ – ഇൻ കൂടിക്കാഴ്ച. 

ഉച്ചയൂണു വെവ്വേറെ; അത്താഴം ഒന്നിച്ച്

രാവിലെ ഒന്നരമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കു ശേഷം കിം ജോങ് ഉന്നും മൂൺ ജേ ഇന്നും ഉച്ചഭക്ഷണത്തിനായി പോയത് അവരവരുടെ രാജ്യങ്ങളിലേക്ക്. പൻമുൻജോങ്ങിലെ സൈനികമുക്ത പ്രദേശത്തെ സമാധാനകേന്ദ്രത്തിൽ ഉത്തരകൊറിയയുടെ ഭാഗത്തു കിമ്മും സംഘവും ദക്ഷിണകൊറിയൻ ഭാഗത്തു മൂണും സംഘവും ഉച്ചഭക്ഷണം കഴിച്ചു. 

അതിനുശേഷം കിമ്മും മൂണും ചേർന്ന് അതിർത്തിയിൽ പൈൻ മരത്തൈ നടുകയും സ്മാരകഫലകം അനാവരണം ചെയ്യുകയും ചെയ്തു. പിന്നീട്, ഇരുനേതാക്കളും സഹായികളെ ഒഴിവാക്കി സ്വകാര്യമായി ചർച്ച നടത്തി. അതിർത്തിയിലെ പൂന്തോട്ടത്തിലൂടെ നടന്നും തടിപ്പാലത്തിലെ കസേരകളിൽ ഇരുന്നുമായിരുന്നു ചർച്ച. ഇതിനു ശേഷമാണു സംയുക്ത പ്രസ്താവനയും പത്രസമ്മേളനവുമുണ്ടായത്. രാത്രി ദക്ഷിണകൊറിയ ഒരുക്കിയ അത്താഴവിരുന്നിൽ ഇരുനേതാക്കളും കുടുംബവും പങ്കെടുത്തു. 

 ലോകം മുഴുവൻ കണ്ടു; ഉത്തരകൊറിയ കണ്ണടച്ചു! 

ചരിത്രം കുറിച്ച കൊറിയൻ ഉച്ചകോടിയുടെ ഓരോ നിമിഷവും ലോകം മുഴുവൻ ടിവി ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തെങ്കിലും ഉത്തരകൊറിയക്കാർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ഉച്ചകോടി പ്രാദേശിക സമയം രാവിലെ ഒൻപതരയ്ക്കു തുടങ്ങിയെങ്കിലും ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താചാനലിന്റെ സംപ്രേഷണ സമയം ആരംഭിച്ചിരുന്നില്ല. വൈകിട്ടു മൂന്നുമണിക്കു സംപ്രേഷണം ആരംഭിച്ചപ്പോൾ, കിം ജോങ് ഉൻ പോങ്യാങ്ങിൽനിന്നു പൻമുൻജോങ്ങിലേക്കു പോയി എന്ന വാർത്ത അറിയിച്ച ഔദ്യോഗിക ചാനൽ ദൃശ്യങ്ങളൊന്നും കാണിച്ചില്ല. പിന്നീട് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിനെക്കുറിച്ചുള്ള സിനിമയാണു സംപ്രേഷണം ചെയ്തത്. 

‘ഇല്ല, ഇനി തെറ്റ് ആവർത്തിക്കില്ല’

സോൾ ∙ സമാധാനവും നിരായുധീകരണവും ലക്ഷ്യം വയ്ക്കുന്ന ധാരണയിൽനിന്നു പിന്നോട്ടു പോകില്ലെന്ന് കിം ജോങ് ഉന്നിന്റെ ഉറപ്പ്. 

‘മുൻപു പലതവണ ധാരണകളുണ്ടായെങ്കിലും അവ തുടക്കത്തിലെ ആവേശത്തിനു ശേഷം തകരുകയാണുണ്ടായത്. പലതവണയുണ്ടായ തെറ്റ് ഇത്തവണ സംഭവിക്കില്ല. പ്രതിസന്ധികളും എതിർപ്പുകളുമൊക്കെയുണ്ടാകാം. എങ്കിലും ‌‌ഈ കരാർ നടപ്പാക്കുക തന്നെ ചെയ്യും. നഷ്ടങ്ങളും വേദനകളുമില്ലാതെ വിജയമുണ്ടാകില്ല’–  പത്രസമ്മേളനത്തിൽ കിം പറഞ്ഞു.  

related stories