Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവനിരായുധീകരണം എങ്ങനെ? പിടിതരാതെ കിം

kim-moon-family പൻ‌മുൻജോങ്ങില്‍ ദക്ഷിണകൊറിയ ഒരുക്കിയ അത്താഴവിരുന്നിൽ സഹോദരി കിം യോ ജോങ്ങിനും ഭാര്യ റി സോൾ ജുവിനും ഒപ്പം പങ്കെടുക്കുന്ന കിം ജോങ് ഉൻ. മൂൺ ജെ ഇന്നും ഭാര്യ കിം ജൂങ് സൂക്കും സമീപം

സോൾ∙ ഇരുകൊറിയകളുടെയും ഭരണത്തലവന്മാരുടെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ആണവായുധ നി‍ർമാർജനമായിരുന്നുവെങ്കിലും പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ഉത്തരകൊറിയയുടെ കിം ജോങ് ഉൻ നിശ്ശബ്ദത പാലിച്ചു. ആണവനിരായുധീകരണം എങ്ങനെ, എത്രത്തോളം, എത്ര സമയത്തിനുള്ളിൽ തുടങ്ങിയ കാര്യങ്ങൾ സംയുക്ത പ്രസ്താവനയിലും പറയുന്നില്ല. 

‘പൂർണമായി ആണവമുക്തമായ കൊറിയൻ ഉപദ്വീപ് യാഥാർഥ്യമാക്കാൻ ഞാനും കിമ്മും ശപഥം ചെയ്യുന്നു’ എന്നാണു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, കിം ജോങ് ഉൻ ഇതേക്കുറിച്ചു മൗനംപാലിച്ചു.

അടുത്ത മാസം നടക്കുമെന്നു പ്രഖ്യാപിച്ച, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലാകാം ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തത വരിക. ഉത്തരകൊറിയ ആണവായുധങ്ങൾ ഒഴിവാക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കൂടിക്കാഴ്ചയ്ക്കു തയാറാകൂ എന്നു ട്രംപ് പറഞ്ഞി‍ട്ടുണ്ട്. 

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കണ്ടപ്പോഴും ഇന്നലെ മൂൺ ജേ ഇന്നിനോടും ആണവായുധങ്ങൾ ഒഴിവാക്കാമെന്നു കിം സമ്മതിച്ചതാണ്. എന്നാൽ, ഉത്തരകൊറിയയുടെ ഇത്തരം വാഗ്ദാനങ്ങളെ അൽപം സംശയദൃഷ്ടിയോടെ മാത്രമേ ലോകരാജ്യങ്ങൾ കാണുന്നുള്ളൂ.

ഉച്ചകോടിയിൽ പ്രഥമവനിതകളുടെ സംഗമവും

സോൾ∙ കൊറിയൻ ഉച്ചകോടിക്കൊപ്പം ഇന്നലെ പൻമുൻജോങ്ങിൽ നടന്നതു കുടുംബസംഗമം കൂടി. 

ഇരു കൊറിയൻ നേതാക്കളുടെയും സംയുക്ത പ്രസ്താവനയും പത്രസമ്മേളനവും അവസാനിച്ചതോടെ കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജു അതിർത്തി കടന്നു ദക്ഷിണകൊറിയയിലെത്തി. മൂൺ ജേ ഇന്നിന്റെ ഭാര്യ കിം ജുങ് സൂക് അവരെ സ്വീകരിച്ചു. ഉത്തര കൊറിയയിൽ 40 വർഷമായി ഇല്ലാതിരുന്ന പ്രഥമ വനിതാ പദവി ഭാര്യ റി സോൾ ജുവിനു ലഭിച്ചത് ഈയിടെയാണ്. ഗായിക കൂടിയാണ് ഇവർ. 

മൂൺ ജേ ഇൻ ഒരുക്കിയ അത്താഴവിരുന്നിലും രണ്ടു പ്രഥമവനിതകളും പങ്കെടുത്തു.  ദക്ഷിണകൊറിയയുമായുള്ള ചർച്ചകളിൽ കിം ജോങ് ഉന്നിനൊപ്പം സഹോദരിയും ഉപദേശകയുമായ കിം യോ ജോങ്ങും ഉണ്ടായിരുന്നു. 

related stories