Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടപാടുകാർ കൈവിട്ടു; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു

Cambridge Analytica sign

ലണ്ടൻ∙ വിവാദച്ചുഴിയില്‍ അകപ്പെട്ടുനില്‍ക്കുന്ന വിവരവിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക (സിഎ) പൂട്ടൽ നടപടികൾ തുടങ്ങി. കമ്പനി പ്രവർത്തനം നിർത്തുകയാണെന്നു ജീവനക്കാരെ അറിയിച്ചുകഴിഞ്ഞെന്നാണു സൂചന. അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ എസ്‌സിഎൽ ഇലക്‌ഷൻസ് ലിമിറ്റ‍ഡും പൂട്ടും. മാധ്യമങ്ങൾ തങ്ങൾക്കെതിരെ ആഞ്ഞടിച്ചതോടെ ഇടപാടുകാരെല്ലാം കൈവിട്ടതാണു പൂട്ടാനുള്ള കാരണമായി അനലിറ്റിക്ക അധികൃതർ പറയുന്നത്.

എന്നാല്‍, പുതിയ സ്ഥാപനം തുറക്കാനുള്ള കമ്പനിയധികൃതരുടെ നീക്കമായും നടപടികൾ വിലയിരുത്തപ്പെടുന്നുണ്ട്‌. കേംബ്രിജ് അനലിറ്റിക്കയുടെ പുതിയ നടപടിയോടു ബ്രിട്ടിഷ് പാർലമെന്റ് സംശയത്തോടെയാണു പ്രതികരിച്ചത്. പൂട്ടൽ നടപടി കമ്പനിക്കെതിരെയുള്ള അന്വേഷണത്തെ ഒരുരീതിയിലും ബാധിക്കില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരും ഇതേ പ്രതികരണമാണു നടത്തിയത്.

ഡേറ്റ ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പത്തിനുള്ളില്‍ നല്‍കാന്‍ കേംബ്രിജ് അനലിറ്റിക്കയോടും ഫെയ്സ്ബുക്കിനോടും ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2013ൽ തുടക്കമിട്ട സ്ഥാപനം യുഎസ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടായിരുന്നു പ്രവർത്തിച്ചത്. യുഎസ് പ്രസിഡന്റായുള്ള ട്രംപിന്റെ തിര‍ഞ്ഞെടുപ്പിലും കമ്പനി പ്രധാന റോൾ വഹിച്ചെന്ന അഭ്യൂഹം ശക്തമാണ്. യുഎസ് കൂടാതെ ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളിലെയും ഇലക്‌ഷൻ പ്രചാരണങ്ങളിൽ കേംബ്രിജ് അനലിറ്റിക്ക ഇടപെട്ടിട്ടുണ്ട്.

എട്ടുകോടിയിലധികം ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനി ചോർത്തിയതായി തെളിഞ്ഞതിനെത്തുടർന്നു ഫെയ്സ്ബുക് വിവാദത്തിലകപ്പെട്ടിരുന്നു. ഇതിനു രണ്ടുമാസങ്ങൾക്കു ശേഷമാണു പ്രവർത്തനം നിർത്താൻ അനലിറ്റിക്ക തീരുമാനിക്കുന്നത്.